അക്‌സായ് ചിന്‍ എന്ന വാക്കിനര്‍ത്ഥം വെള്ളക്കല്ലുകളുള്ള മരുഭൂമി എന്നാണ്. ഇന്ത്യയും ചൈനയുമുള്ള തര്‍ക്കങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ചരിത്ര രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ അക്‌സായ് ചിന്നിന് അവകാശവാദം ഉന്നയിക്കുമ്പോഴും തരിമ്പും വിട്ടു കൊടുക്കാതെ തങ്ങളുടേതായി നിലനില്‍ത്തുകയാണ് ചൈന. ജമ്മു കശ്മീര്‍ കേന്ദ്രഭരണപ്രദേശത്തിന്റെ കിഴക്കേയറ്റമാണ് അക്‌സായി ചിന്‍ എന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍ ചൈനയ്ക്ക് അത് സിന്‍ജിയാങ് ഉയ്ഘര്‍ സ്വയംഭരണപ്രദേശത്തിന്റെ ഭാഗമാണ്. 37,244 ചതുരശ്ര കിലോമീറ്ററാണ് അക്‌സായി ചിന്നിന്റെ വിസ്തൃതി. 5180 മീറ്ററാണ് ശരാശരി ഉയരം. ഒരു പുല്ലുപോലും മുളയ്ക്കാത്ത പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം സൈനികതന്ത്രപരമായും സാമ്പത്തികപരമായും പരമപ്രധാനമാണ്. ഉപ്പും മഞ്ഞും നിറഞ്ഞു കിടക്കുന്ന പ്രദേശത്ത് താമസക്കാര്‍ അധികമൊന്നുമില്ല. ചൈനയിലെ ചില ഗോത്രവര്‍ഗക്കാരാണ് ഇവിടെയുള്ള നിവാസികള്‍. എന്നാല്‍ ഇവരും സ്ഥിര താമസക്കാരല്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ തര്‍ക്ക പ്രദേശമായി കണക്കാക്കുന്ന ഇടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന രാജ്യത്തോളം വലിപ്പമുള്ള അക്‌സായ് ചിന്‍. ഇന്ത്യന്‍ പുരാണങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളിലുമൊക്കെ ഈ പ്രദേശത്തെ പലതവണ സൂചിപ്പിക്കുന്നുണ്ട്. അക്ഷയ ചീന എന്നാണ് അക്‌സായ് ചിന്നിനെ ഇതിഹാസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പഴയ ലഡാക്ക് രാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം പത്തൊമ്പതാം നൂറ്റാണ്ടില്‍ പഞ്ചാബിലെ സിക്കുകാര്‍ കശ്മീരും ലഡാക്കും പിടിച്ചപ്പോള്‍ ഭാഗികമായി അവരുടെ അധീനതയിലായി. സിഖുകാരെ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയപ്പോള്‍ കശ്മീരിനോടൊപ്പം. 1846ല്‍ ഈ ഭൂമി ജമ്മുവിലെ ഡോഗ്ര രാജാവിന് വിലയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന്റെ അതിര്‍ത്തി എവിടെ വരെ എന്നത് സംബന്ധിച്ച് അന്നും വ്യക്തയുണ്ടായിരുന്നില്ല. ടിബറ്റിലെ ലാമ ഭരണകൂടവും അവരെ നിയന്ത്രിച്ചിരുന്ന ചൈനീസ് സാമ്രാജ്യവുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബ്രിട്ടിഷുകാര്‍ ശ്രമിച്ചത് വിഫലമായി. പരമ്പരാഗത അതിര്‍ത്തികള്‍ തുടരട്ടെ എന്നൊരു ധാരണ ഉണ്ടാക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. 1962 ലെ യുദ്ധത്തിന് ശേഷമാണ് ഈ പ്രദേശം ചൈനയുടേതായി മാറിയത്. 1842 മുതലാണ് അക്‌സായ് ചിന്നിനെ രേഖപ്പടുത്തിയ മറ്റൊരു കഥ തുടങ്ങുന്നത്. ഇതിനു മുന്‍പ് ടിബറ്റിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1842ല്‍ അക്കാലത്ത് കാശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിംഗ് രാജാവ് അക്രമിച്ചു കീഴടക്കി. ലഡാക്ക് ഉള്‍പ്പെടെയുള്ള ഭാഗമായിരുന്നു അന്ന് കീഴടക്കിയത്. പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തന്നെ കാശ്മീരും കീഴടക്കി. അതോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം ജമ്മു-കാശ്മീര്‍-ലഡാക്ക് എന്നി പ്രവിശ്യകളിലായി വ്യാപിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതില്‍ അന്നത്തെ ഭരണാധികാരിയായ ഹരിസിംഗ് മഹാരാജാവ് തന്റെ പ്രദേശത്തെ ഇന്ത്യയുമായി ലയിപ്പിക്കുകയും തുടര്‍ന്ന് ഈ ഭാഗം ഇന്ത്യയുടേതായി മാറുകയും ചെയ്തു എന്നാണ്. ഇന്ത്യയുടെ അവിഭാജ്യഭാഗമായ അക്‌സായി ചിന്നിനെ ചൈന ഇന്നുവരെ അംഗീകരിച്ചിട്ടില്ല.
ഒറ്റപ്പെട്ട തരിശുഭൂമി എന്ന നിലയില്‍ കാലങ്ങളോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന പ്രദേശമായിരുന്നു അക്‌സായ് ചിന്‍. 1950 മുതലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അക്‌സായ് ചിന്‍ കാരണമാവുന്നത്. 1914ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും ടിബറ്റുമായി മക്‌മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരസിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 1950 കളില്‍ ചൈന ടിബറ്റിനെ സിന്‍ജിയാങ്ങുമായി ബന്ധിപ്പിക്കുന്നതിനായി ഈ പ്രദേശത്തുകൂടി ഒരു സൈനിക റോഡ് നിര്‍മ്മിക്കുകയുണ്ടായി. 1962ല്‍ ഇവിടെ ചൈന റോഡുവെട്ടി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്‌സായ് ചിന്‍ പ്രദേശത്തെ 38,000 ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി. പാകിസ്ഥാന്‍ കൈയടക്കിയ കശ്മീര്‍ പ്രദേശത്തില്‍നിന്ന് 5180 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം 1963ല്‍ ചൈനയ്ക്ക് കൈമാറുകയും ചെയ്തു.
തരിശു മരുഭൂമിയെന്ന് വിളിക്കാവുന്ന തരത്തിലുള്ള ഭൂപ്രകൃതിയ്ക്ക് കാരണം ഹിമാലയവും മറ്റു മലനിരകളും ചേര്‍ന്നു ഇന്ത്യന്‍ മണ്‍സൂണിന്റെ വരവ് തടയുന്നതിനാലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എന്‍ജിനിയറിംഗ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിര്‍മ്മിതിയാണ് ഇന്ത്യ,ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന കാരക്കോറം ഹൈവേ. കാരക്കോറം പര്‍വതനിരയിലാണ് ഹൈവേ നിര്‍മ്മിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍, ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ല്‍ നിര്‍മ്മാണം ആരംഭിച്ച കാരക്കോറം ഹൈവേ ഇരുപത് വര്‍ഷത്തിനു ശേഷം തുറന്നുകൊടുത്തു.