
ജീവിതത്തിന്റെ വസന്തകാലമായ യുവത്വത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട് യുസ്റ മാര്‍ഡിനി എന്ന സിറിയന്‍ പെണ്‍കുട്ടി അഭയാര്‍ത്ഥി ക്യാമ്പിലെത്തുന്നത്. ആ യാത്രയാകട്ടെ സ്വന്തം ജീവനൊപ്പം 20 പേരുടെ ജീവനും രക്ഷപ്പെടുത്തിക്കൊണ്ടായിരുന്നു. പ്രതിസന്ധികളിലും തിരിച്ചടികളിലും തളരുതല്ലായിരുന്നു യുസ്റയുടെ ജീവിതമെന്ന് 2016ലെ റിയോഒളിമ്പിക്സ് തെളിയിച്ചു. നീന്തലായിരുന്നു പോരാട്ടത്തിനുള്ള മാര്‍ഗമായി യുസ്റ മാര്‍ഡിനി തിരഞ്ഞെടുത്തത്. 1998 മാര്‍ച്ച് 5ന് സിറിയയിലെ ഡമാസ്‌കസിലാണ് യുസ്റ മാര്‍ഡിനി ജനിച്ചത്. കുഞ്ഞുനാള്‍ മുതല്‍ നീന്തലില്‍ ഏറെ താല്‍പര്യം യുസ്റയ്ക്കുണ്ടായിരുന്നു. സിറിയന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സഹായത്തോടെ അവള്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു. നീന്തലിനോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു യുസ്റയ്ക്ക്. ആയൊരു താത്പര്യമാണ് ആഭ്യന്തര യുദ്ധത്തിനിടെ 20 പേരുടെ ജീവന്‍ രക്ഷിക്കാന്‍ അവള്‍ക്ക് പ്രചോദനമായത്. 2012-ല്‍ ഐ.എന്‍.എ വേള്‍ഡ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് വിജയിക്കാന്‍ കഴിഞ്ഞത് യുസ്റയുടെ ആത്മവിശ്വാസം വളര്‍ത്തി. എന്നാല്‍ സിറിയയിലെ രൂക്ഷമായ ആഭ്യന്തര കലാപം അവളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. കലാപത്തില്‍ നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. കുറെ ആളുകള്‍ ചേര്‍ന്ന് ലെബനനിലേക്ക് പാലായനം ചെയ്തു. ഡമാസ്‌കസിലെ യുസ്റയുടെ വീട് തകര്‍ന്നു. മാതാപിതാക്കള്‍ എങ്ങോട്ടോ ഓടിപ്പോയി. കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെയെടുത്ത് യുസ്റയും സഹോദരി സാറയും 20 പേരും കിട്ടിയ ബോട്ടില്‍ ലെബനിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് തുര്‍ക്കിയിലേക്കും പിന്നീട് ഗ്രീസിലേക്ക് ബോട്ടില്‍ ഒളിച്ചു കടക്കാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്. ഒടുവില്‍ ലെബനനില്‍ നിന്ന് ഒരു കൊച്ചു ബോട്ട് തരപ്പെടുത്തി. ഏഴ് പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ലാത്ത ബോട്ടില്‍ ഇരുപത്തിയഞ്ചോളം പേര്‍ കയറി. യാത്രയ്ക്കിടെ വെള്ളത്തിന് നടുവില്‍ വച്ച് ബോട്ട് പ്രവര്‍ത്തന രഹിതമായി. എന്തു ചെയ്യണമെന്നറിയാതെ ബോട്ടിലുള്ളവര്‍ പരിഭ്രമിക്കാന്‍ തുടങ്ങി. ആദ്യമൊന്ന് പകച്ചെങ്കിലും യുസ്റയും നീന്തലറിയാവുന്ന മറ്റു മൂന്നുപേരും വെള്ളത്തിലേക്ക് എടുത്തുചാടി. ആടിയുലഞ്ഞ ബോട്ടിനെ ഒരു കൈകൊണ്ട് ഉന്തി മുന്നോട്ട് നീക്കി അവര്‍ കരയിലേക്ക് നീന്താന്‍ ആരംഭിച്ചു.

കാലും കൈയും കുഴഞ്ഞ് സ്വന്തം ജീവിതം പണയം വച്ച് ബോട്ടിലുള്ളവരുടെ പ്രാണനുമായി മൂവര്‍ സംഘം തുഴഞ്ഞത് തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരുപിടി മനുഷ്യ ജീവനുകള്‍. ഒടുവില്‍ ജര്‍മിനിയിലാണ് ആ യാത്ര അവസാനിച്ചത്. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയതും കൂടെയുള്ളവര്‍ക്ക് മനോധൈര്യം നല്‍കിയതും പതിനേഴുകാരിയായ യുസ്റയായിരുന്നു. അവളുടെ നേതൃത്വ പാടവത്തിനും നിശ്ചയദാര്‍ഡ്യത്തിനും മുന്നിലാണ് ഒരുപിടി മനുഷ്യജീവനുകള്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിനിടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് യുസ്റയുടെ സഹോദരി സാറ ഗ്രീസില്‍ അറസ്റ്റിലാകുകയും ചെയ്തു. ജര്‍മനിയില്‍ വച്ച് അവള്‍ മാതാപിതാക്കളെ കണ്ടുമുട്ടി. ദുരിതങ്ങള്‍ നിറഞ്ഞ നീണ്ട യാത്രയും സ്വന്തം വീടും നാടും ഉപേക്ഷിച്ച് പ്രാണ രക്ഷാര്‍ത്ഥമുള്ള ഓട്ടവും യുസ്റയുടെ മനോവീര്യം തകര്‍ത്തില്ല. കൂടുതല്‍ ആത്മധൈര്യത്തോടെ ബെര്‍ലിനില്‍ അവള്‍ നീന്തല്‍ പരിശീലനം പുന:രാരംഭിച്ചു. താനൊരു അഭയാര്‍ത്ഥിയാണെന്ന ചിന്തയൊന്നും യുസ്റയെ ഒരിക്കലും പിന്നോട്ടു വലിച്ചില്ല. പിന്നിട്ട വഴികളെല്ലാം ഒരു ദുസ്വപ്‌നം പോലെ മറ് പുതിയ ലക്ഷ്യത്തിനായി അവള്‍ കഠിനപ്രയത്നം തുടങ്ങി. നീന്തലായിരുന്നു അവളുടെ എക്കാലത്തെയും വലിയ സ്വപ്‌നം. പ്രതിസന്ധികളോടും ഭീകരവാദത്തോടും പോരാടാന്‍ അവള്‍ സ്വീകരിച്ച മാര്‍ഗവും നീന്തലായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ ടീമില്‍ ഇടം നേടിയ യുസ്റ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈ എന്നി ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചു.

യുസ്റ മര്‍ഡിനിയെ ലോകം വലിയ വിസമയത്തോടും ആദരവോടും കൂടിയാണ് വീക്ഷിച്ചത്. 100 മീറ്റര്‍ ബട്ടര്‍ ഫ്ളൈയില്‍ 1.09.21 മിനിട്ടില്‍ ഫിനിഷ് ചെയ്തു. അഭയാര്‍ത്ഥി ടീമിനെ പ്രതിനിധീകരിച്ച് പത്ത് പേരാണ് ഒളിമ്പിക്സില്‍ പങ്കെടുത്തത്. വിവിധ താരങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ പതാകയുമായി ഒളിമ്പിക്സ് മത്സരവേദിയിലെത്തുമ്പോള്‍ പെരുവഴിയിലായ അഭയാര്‍ത്ഥികള്‍ ഒരു രാജ്യത്തിന്റെ മേല്‍വിലാസമോ ദേശീയ പതാകയോ ഇല്ലാതെ ആളുകളുടെ സഹതാപമേറ്റ് കളിക്കളത്തിലിറങ്ങേണ്ടിവ അവസ്ഥയിലും തളരാതെ, ധീരമായി കളത്തിലിറങ്ങാന്‍ യുസ്റ തയ്യാറായി. എല്ലാ മനുഷ്യരെയുംപോലെ മനുഷ്യന്‍ തെന്നയാണ് അഭയാര്‍ത്ഥിയും എന്ന് അവള്‍ വിശ്വസിച്ചു. യുദ്ധവും പലായനവും തകര്‍ത്ത അഭയാര്‍ത്ഥികളുടെ മനസിന് വലിയൊരു ഉണര്‍വ് സമ്മാനിക്കാന്‍ ഒളിമ്പിക്സ് സഹായകമായി. യു.എന്‍ തങ്ങളുടെ ഗുഡ്വില്‍ അംബാസിഡറായി യുസ്റയെ തിരഞ്ഞെടുത്തു എന്നത് ആ പെകുട്ടിയുടെ ധീരതയ്ക്കും മനോധൈര്യത്തിനും കിട്ടിയ ആദരം കൂടിയായിരുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അഭിമാനമായി മാറിയ യുസ്റയുടെ ധീരപോരാട്ടത്തിന്റെ ജീവിതം ഗുഡ്നൈറ്റ് സ്റ്റോറിന് റിബല്‍ ഗേള്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 2018 ഏപ്രിലില്‍ ബട്ടര്‍ ഫ്ളൈ എന്ന പേരില്‍ യുസ്റയുടെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടു. നീന്തലല്‍ കുളത്തിലെ നിത്യവിസ്മയമായ മൈക്കിള്‍ ഫെല്‍പ്സാണ് യുസ്റയുടെ റോള്‍മോഡല്‍. അഭയാര്‍ത്ഥികളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍.അംബാസിഡര്‍ കൂടിയാണ് ഇന്ന് യുസ്റ.