ബുക്കർമാൻ നൽകുന്ന രണ്ടാമത് ‘ടാഗോർ സ്‌മൃതി പുരസ്കാരം പ്രഖ്യാപിച്ചു. കബീർ കവിതകളെ മാധ്യമമാക്കി സ്നേഹവും ഐക്യവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ച മാൽവയിലെ നാടോടി ഗായകൻ ശ്രീ പ്രഹ്ളാദ് സിങ് ടിപാനിയക്കാണ് ഈ വർഷത്തെ പുരസ്കാരം. 10001 രൂപയും പ്രശസ്തി പത്രവും സുധി അന്ന ( സംവിധായകൻ, ചിത്രകാരൻ) രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്.
ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കാനും ആഘോഷിക്കാനും ലക്ഷ്യമിട്ട് ബുക്കർമാൻ നൽകുന്ന പ്രത്യേക പുരസ്‌കാരമാണ് ‘ടാഗോർ സ്മൃതി പുരസ്കാർ ‘. സംഗീതത്തിലൂടെ ഐക്യം, സ്നേഹം, എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ പ്രശംസനീയവും ആത്മാർത്ഥവുമായ പങ്കു വഹിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയാണ് ശ്രീ ടിപാനിയ. വിസ്മയിപ്പിക്കുന്ന ശബ്ദവും വാക്യങ്ങളുടെ ശക്തമായ അവതരണവും കൊണ്ട് മധ്യപ്രദേശുകാരനായ പ്രഹ്ലാദ് സിങ് ടിപാനിയ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കവർന്നു. എഴുത്തുകാരനും പ്രഭാഷകനും സഞ്ചാരിയുമായ ശ്രീ ഷൗക്കത്തിനായിരുന്നു പ്രഥമ പുരസ്കാരം.
.
പ്രമുഖരുടെയും സംഗീത പ്രേമികളുടെയും സാന്നിധ്യത്തിൽ ഡിസംബറിൽ കൊച്ചിയിൽ അവാർഡ് ദാന ചടങ്ങ് നടക്കും.