മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയായിരുന്നു അന്തരിച്ച വിഷ്ണു നാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ തനിമയോടെ അദ്ദേഹം കവിതകളില്‍ കുറിച്ചിട്ടു. പ്രതിരോധമാര്‍ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂര്‍ണമായ ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാന്‍ സാധിക്കും. കാളിദാസകവിതയുമായി ആത്മൈക്യം നേടുന്നതിനൊപ്പം പാരമ്പര്യ വഴികളില്‍ അടിയുറച്ചും ആധുനികതയെ ചേര്‍ത്തു നിര്‍ത്തിയും കാവ്യപൂജ ചെയ്തു കവി.
1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തര്‍ജനം. സാമ്പ്രദായിക രീതിയില്‍ മുത്തച്ഛനില്‍നിന്ന് സംസ്‌കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്‌കൂള്‍, ചങ്ങനാശേരി എസ്. ബി കോളേജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്‌കൂളില്‍ കുറച്ചുകാലം കണക്ക് അദ്ധ്യാപകനായിരുന്നു. ബിരുദാനന്തര ബിരുദത്തിന് ശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് മേധാവിയായി ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.
കുട്ടിക്കാലം മുതല്‍ കവിതകള്‍ സ്വയമുണ്ടാക്കിച്ചൊല്ലുമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. 1956 ല്‍ എസ്.ബി കോളേജ് മാഗസിനിലും 1962 ല്‍ വിദ്യാലോകം മാസികയിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തില്‍ സജീവമായി. ഭാരതീയ ദര്‍ശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതകയുടെ ഭാവുകത്വം കവിതയില്‍ സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിനായി. യാത്രകളും പ്രിയമായിരുന്ന കവി അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കു പോയി. കവിതയെഴുത്തിന്റെ ക്രാഫ്റ്റ് ഇതിലേറെ വഴങ്ങിക്കിട്ടിയ കവികള്‍ നമുക്ക് കുറവാണെന്നു തന്നെ പറയാം. ചിദംബരത്തു ചെല്ലുമ്പോള്‍ ശില്പത്തികവുള്ള ക്ഷേത്ര ഗോപുരം പെട്ടെന്നു മുന്നിലുയരുമ്പോള്‍ കവി എഴുതുന്നു, ” അണയുന്നു ഞാനും ചിദംബരം ഭൂമിവിട്ടുയരുന്നൊരേഴുനില ഗോപുരമാകുന്നു, പഴുതടച്ചോരോ കരിങ്കല്‍ത്തരിയിലും പടരുന്ന മൃഗപക്ഷി ദേവതകളാകുന്നു ‘ എന്ന്. സദാചാര സങ്കല്‍പത്തെ മുതല്‍ മാര്‍ക്സിയന്‍ ആശയത്തെവരെ അദ്ദേഹം കവിതകൊണ്ടു നിര്‍വചിച്ചു. മിത്രാവതി എന്ന കവിതയില്‍ സദാചാരത്തെയും ശോണമിത്രനില്‍ മാര്‍ക്സിന്റെ ആശയങ്ങളെക്കുറിച്ചും കവി എഴുതി. കവിത ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വിശ്വസിച്ചിരുന്നു അദ്ദേഹം. കവി, രാഷ്ട്രീയവുമായി ഇടപഴകുന്നതിന്റെ പങ്കുവയ്ക്കലുകളാണ് കവിതയായി ബഹിര്‍ഗമിക്കുന്നത്. വേദവും മാര്‍ക്‌സിസവും ഒന്നാണെന്ന് അദ്ദേഹം വിലയിരുത്തി. പ്രതിഭാശാലിയും ഹൃദയാലുവും എന്ന നിലയില്‍ കാറല്‍ മാര്‍ക്‌സിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു. ‘ഓഗസ്റ്റ് 15,’ ‘ക്വിറ്റ് ഇന്ത്യാസ്മരണ’, ‘കന്നിപ്പത്ത്’ തുടങ്ങി നിരവധി കവിതകളില്‍ രാഷ്ട്രീയമായ അസ്വാതന്ത്ര്യം വ്യക്തിയെയും ജനതയെയും എങ്ങനെ ഞെരുക്കുന്നുവെന്നും സ്വാതന്ത്ര്യം സുരക്ഷിതമായാല്‍ എല്ലാമായി എന്ന ചിന്ത തെറ്റാണെന്നും പല രാജ്യ ചരിത്രങ്ങളും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാഡമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997 ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജെയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം , വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.