അമേരിക്കന്‍ എഴുത്തുകാരനായ മോര്‍ഗണ്‍ റോബണ്‍സ്റ്റണിന്റെ പുസ്തകമാണ് ദി റെക്ക് ഓഫ് ദി ടൈറ്റാന്‍. സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കുന്ന ഒരു കപ്പല്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ മുങ്ങിത്താഴുന്നതാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിചിത്ര കഥ അറംപറ്റി. റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് അതിന്റെ ആദ്യത്തേതും അവസാനത്തേതുമായ യാത്ര ആരംഭിച്ചത് 1912 ഏപ്രില്‍ പത്തിനായിരുന്നു. 1911ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കപ്പലിന്റെ കന്നി യാത്ര സതാംപ്ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ നടത്താന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ‘ ഒരിക്കലും മുങ്ങാത്ത കപ്പല്‍ ‘ അതായിരുന്നു ടൈറ്റാനികിന് നല്‍കിയ വിശേഷണം. ലോകത്ത് നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആഢംബര കപ്പലായ ടൈറ്റാനിക് ഏപ്രില്‍ പതിനഞ്ചിന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്നു. ചരിത്രത്തിലെ കണ്ണീര്‍ത്തുള്ളിയായ ആയിരത്തിയഞ്ഞൂറിലധികം പേരുടെ ജീവനെടുത്ത ടൈറ്റാനിക്ക് ദുരന്തത്തിന് 109 വര്‍ഷം തികയുകയാണ്.
നിരവധി അന്ധവിശ്വാസങ്ങളും പേടികളും ജനങ്ങളില്‍ വേട്ടയാടുന്നതിന് ടൈറ്റാനിക്ക് ദുരന്തം കാരണമായിട്ടുണ്ട്.സാധാരണ കപ്പല്‍ യാത്രകളില്‍ പൂച്ചകളെ കൂടെ കരുതുന്നത് ഒരു ആചാരമാണ്. അവ ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിച്ചു പോന്നു. എന്നാല്‍ ടൈറ്റാനിക്കില്‍ പൂച്ചകള്‍ക്ക് പകരം ഉണ്ടായിരുന്നത് പട്ടികള്‍ ആയിരുന്നു. അതുപോലെ തന്നെ യാത്ര തുടങ്ങുന്നതിനു മുന്നേ ഷാമ്പെയ്ന്‍ കുപ്പി പൊട്ടിക്കുന്നതും ശുഭസൂചനയായി കണ്ടിരുന്ന ജനതയുടെ മുന്നിലേക്ക് ഇതൊന്നുമില്ലാതെയാണ് ടൈറ്റാനിക് യാത്ര തുടങ്ങിയത്. ഈ ആഡംബര കപ്പലില്‍ 13 ദമ്പതിമാര്‍ സഞ്ചരിച്ചിരുന്നു. അങ്ങനെ 13 എന്ന അക്കത്തിനോടുള്ള ലോകമെമ്പാടുമുള്ള പേടിയും വെറുപ്പും ഒന്നുകൂടി അടിച്ചുറപ്പിച്ചു ഈ ദുരന്തം. 69.06 മീറ്റര്‍ നീളവും 28.19 മീറ്റര്‍ വീതിയും, 104 അടി പൊക്കവും ഉണ്ടായിരുന്നു ഈ ഭീമന്‍ കപ്പലിന്. 7.5 ദശലക്ഷം ഡോളറാണ് അന്ന് ടൈറ്റാനിക്ക് നിര്‍മിക്കാനായി ചെലവഴിഞ്ഞത്. ഇന്നത്തെ കണക്കുപ്രകാരം ഇതേ കപ്പല്‍ നിര്‍മിക്കാന്‍ 500 ദശലക്ഷത്തോളം ഡോളര്‍ വരുമിത്. ടൈറ്റാനിക് നിര്‍മാണത്തിലെ സാങ്കേതിക തകരാറുകളും ഈ കപ്പല്‍ ദുരന്തത്തിന് കാരണമായി. ടൈറ്റാനിക്കിന്റെ മറ്റൊരു പ്രത്യേകത ഇതിന് ഒമ്പത് ഡെക്കുകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. 10 ഡെക്കുകളാണ്, സാധാരണ ഇത്തരത്തിലുള്ള ഒരു കപ്പലിന് ഉണ്ടാവുക. കൂടാതെ വെറും 20 ലൈഫ് ബോട്ടുകളെ കപ്പലില്‍ ഉണ്ടായിരുന്നുള്ളൂ. ദുരന്തത്തിന്റെ ആഘാതം കൂട്ടാന്‍ ഇത് കാരണമായി.
ടൈറ്റാനിക്കിന് 16 വെള്ളം കടക്കാത്ത അറകളാണുണ്ടായിരുന്നത്. ജലത്തെ തള്ളിനിര്‍ത്താന്‍ പര്യാപ്തമായ വാതിലുകള്‍ ഉള്ളവയായിരുന്നു ഈ അറകള്‍. കപ്പലിനു ചോര്‍ച്ചയുണ്ടായാല്‍ ഒരേസമയം ഈ വാതിലുകള്‍ അടയ്ക്കാന്‍ കഴിയുമായിരുന്നു. അതോടെ, മറ്റു അറകളിലേക്ക് വെള്ളം കടക്കുന്നതു തടയാനാകുമായിരുന്നു. 500 യാത്രക്കാരും ആയിരത്തോളം ജീവനക്കരെയും വഹിക്കാന്‍ ശേഷിയുള്ള ആവിക്കപ്പലിന് യാത്രയുടെ തുടക്കത്തിലേ താളപ്പിഴകള്‍ ഉണ്ടായിരുന്നെങ്കിലും അഭിമാനവും ആവേശവുമെല്ലാം അവയെയൊന്നും കാര്യമായി എടുത്തില്ല. ഒരു ദിവസം കൊണ്ട് ടൈറ്റാനിക് പിന്നിട്ടത് 873 കിലോമീറ്ററായിരുന്നു. ആര്‍ഭാടത്തിന്റെ അവസാന വാക്കായ കപ്പലിന് ആ കുതിപ്പ് അധികം തുടരാനായില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് മഞ്ഞുമലയുണ്ടെന്ന സന്ദേശങ്ങള്‍ അവഗണിച്ചായിരുന്നു ശരവേഗതയില്‍ കപ്പല്‍ സഞ്ചരിച്ചത്. ഒരു ലക്ഷം വര്‍ഷം മുന്‍പ് രൂപം കൊണ്ട 400 മീറ്ററിലേറെ നീളവും 15 ലക്ഷം ടണ്‍ ഭാരവുമുള്ള ഭീമന്‍ മല ആ സന്തോഷ യാത്രയെ ചൂഴ്‌ന്നെടുത്തു. മഞ്ഞ് പാളികളില്‍ തട്ടി കപ്പലിന്റെ അടിഭാഗത്ത് വിള്ളല്‍ വീണതോടെ അറ്റ്‌ലാന്റിക്കിലെ വെള്ളം കപ്പലില്‍ നിറഞ്ഞു. പത്തുമിനിറ്റിനകം പതിനാലടിയോളം ഉയരത്തില്‍ വെള്ളം ഇരമ്പിക്കയറി. രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റിനും ശേഷം കപ്പല്‍ കടലില്‍ താഴ്ന്നു. 703 യാത്രക്കാരെ മറ്റൊരു കപ്പലിന്റെ സഹായത്തോടെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും 1517 പേരുടെ ജീവനാണ് ആ യാത്രയോടെ നഷ്ടമായത്. മതിയായ രക്ഷാബോട്ടുകളുടെ അഭാവവും മഞ്ഞുപാളികളുള്ള അപകടമേഖലയിലെ അമിത വേഗതയുമാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി.
ടൈറ്റാനിക് മുങ്ങിയെങ്കിലും ഇന്നും ജനമനസുകളില്‍ ജീവിക്കുനുണ്ട്. ദുരന്തം പ്രമേയമാക്കി നിരവധി പുസ്തകങ്ങളും പാട്ടുകളും ചലച്ചിത്രവുമെല്ലാം പുറത്തുവന്നെങ്കിലും ഏറെ ശ്രദ്ധനേടിയത് 1997ല്‍ ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് ചിത്രം തന്നെയായിരുന്നു. ഏറെ നിരൂപക പ്രശംസക്കൊപ്പം നിരവധി ഓസ്‌കര്‍ പുരസ്‌കാരങ്ങളും സിനിമ വാരിക്കൂട്ടി. ചിത്രത്തിലെ ജോഡികളായ ലിയനാഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലേയും ഇന്നും പ്രണയത്തിന്റെ അനശ്വര ബിംബങ്ങളാണ്.
ചിത്രത്തില്‍ ഉടനീളം യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതും ചിത്രത്തിനു റിയലിസ്റ്റിക് ഫീല്‍ നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കാനഡയിലെ ഹാലിഫെക്സിലുള്ള ഫെയര്‍ വ്യൂ ലോണ്‍ സെമിത്തേരിയാണ് സംസ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമെ ഹാലിഫെക്സിലെ മറ്റു രണ്ടു സെമിത്തേരികളില്‍ക്കൂടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും വിരാമമിട്ട് കൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 12,500 അടി താഴ്ചയില്‍ നിന്നും കണ്ടെത്തി. പുതിയ പഠന പ്രകാരം ടൈറ്റാനിക്കിന്റെ തകര്‍ച്ചയ്ക്ക് ധ്രുവദീപ്തി എന്ന പ്രതിഭാസം കാരണമായി എന്നാണ് അവകാശപ്പെടുന്നത്. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് കരുതിയത് പ്രഭാതരശ്മികളാണ് അതെന്നായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.