നമ്മള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത് ? ഒറ്റവരി ട്വീറ്റിലൂടെ ഇന്ത്യയിലെ കര്‍ഷക സമരത്തെ ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്
റിഹാന എന്ന പോപ്പ് സംഗീതത്തിലെ കനലായിരുന്നു. പത്ത് കോടിയിലധികം പേര്‍ പിന്തുടരുന്ന റിഹാന ഫെബ്രുവരി രണ്ടിനു ട്വീറ്റ് ചെയ്ത മൂന്ന് സന്ദേശങ്ങളില്‍ രണ്ടാമത്തേതാണു വിവാദത്തിനു കാരണമായത്.റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റര്‍ യുദ്ധം അരങ്ങേറി. കര്‍ഷക സമരത്തെ പിന്തുണച്ച് എത്തിയ ഈ തുറന്ന പ്രഖ്യാപനത്തോടെ സമരത്തിന് ആഗോളമുഖം കൈവന്നു.സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സഹോദരീപുത്രി മീനാഹാരിസ്, നടി മിയ ഖലീഫ തുടങ്ങിയവരും സമരത്തെ അനുകൂലിച്ച് ശക്തമായ പ്രതികരണവുമായി എത്തി. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാറും കങ്കണ റൗണൗട്ടും അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിന് പരസ്യപിന്തുണയുമായി രംഗത്ത് എത്തി.
കറുത്ത മഡോണ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ബോബ് മാര്‍ലിയുടെ കടുത്ത ആരാധികയായ റിയാനയുടെ നില്‍പ്പും നടപ്പും വേഷവും എല്ലാം ഓരോനിലപാട് പ്രഖ്യാപനങ്ങള്‍ കൂടിയാണ് തന്റെ വേരുകളിലും നിറത്തിലും അഭിമാനം കൊള്ളുന്ന താരമാണ് റോബിന്‍ റിഹാന ഫെന്റി എന്ന റിഹാനെ. കരീബിയന്‍ രാജ്യമായ ബാബിഡോസില്‍ ജനിച്ച റിഹാനെ ലോകപ്രശസ്ത പോപ് ഗായികമാത്രമല്ല. അഭിനേതാവ്, മോഡല്‍, സംരംഭക,മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങി നിരവധി മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിച്ചുണ്ട്. ശതകോട്ിശ്വരിയായ റിഹാനയുടെ 2020ലെ ആസ്തി 4,367 കോടി രൂപയില്‍ ഏറെ വരും.
1988 ഫെബ്രുവരി 20 ന് ബാര്‍ബഡോസിലെ സെന്റ മൈക്കിളില്‍ ഒരു കണക്കെഴുത്തുകാരിയായ മോണിക്കയുടെയും പണ്ടകശാലാ മേല്‍നോട്ടക്കാരന്‍ റൊണാള്‍ഡ് ഫെന്റിയുടെയും മകളായിട്ടാണ് റിഹാനെ ജനിച്ചത്. റോറെ, രാജാദ് ഫെന്റി എന്നി സഹോദരങ്ങളും പിതാവിന്റെ മുന്‍ ബന്ധങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധസഹോദരിമാരും ഒരു അര്‍ദ്ധസഹോദരനും അവര്‍ക്കുണ്ട്. ബ്രിഡ്ജ്ടൗണിലെ മൂന്ന് ബെഡ്റൂമുള്ള ബംഗ്ലാവില്‍ വളര്‍ന്ന അവള്‍ തെരുവിലെ ഒരു തട്ടുകടയില്‍ പിതാവിനൊപ്പം വസ്ത്രങ്ങള്‍ വിറ്റിരുന്നു. പിതാവിന്റെ മദ്യപാനവും കൊക്കെയ്ന്‍ ആസക്തിയും അവളുടെ ബാല്യകാലത്തെ വളരെയധികം ബാധിച്ചിരുന്നതോടൊപ്പം ഇത് മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ താളപ്പിഴകള്‍ക്കും കാരണമായി. മാതാവിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്ന പിതാവിന്റെ അടിപിടികള്‍ ശമിപ്പിക്കുന്നതിന് റിഹാന ശ്രമിക്കുമായിരുന്നു.
കുട്ടിക്കാലത്ത് കരീബിയന്‍ സംഗീതങ്ങളായ റെഗെ, അമേരിക്കന്‍ ഹിപ്-ഹോപ്പ് എന്നിവയും അവര്‍ ശ്രദ്ധിച്ചു. ഗാനം ആലപിക്കുന്നതില്‍ അവള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് റിഹാനെ സംഗീത ട്രൂപ്പ് ആരംഭിച്ചു. 2004ല്‍ ഒരിക്കല്‍ ബാര്‍ബഡോസില്‍ വന്ന അമേരിക്കന്‍ നിര്‍മാതാവ് ഇവാന്‍ റോജേഴ്‌സ് യുഎസിലേക്കു ക്ഷണിക്കുന്നതോടെ റിയാനയുടെ പാട്ടുവര തെളിഞ്ഞു. 2005 ല്‍ മ്യൂസിക് ഓഫ് ദ് സണ്‍, തൊട്ടടുത്ത വര്‍ഷം എ ഗേള്‍ ലൈക്ക് മീ തുടങ്ങിയ ആല്‍ബങ്ങള്‍ റിയാനയെ പ്രശസ്തയാക്കി. കരീബിയന്‍ സംഗീതത്തിന്റെ സ്വാധീനം റിഹാനയുടെ ആല്‍ബങ്ങളില്‍ കാണാം. 2007 ല്‍ ഗുഡ് ഗേള്‍ ഗോണ്‍ ബാഡ് എന്ന മൂന്നാം ആല്‍ബത്തിലൂടെ ‘സെക്‌സ് സിംബല്‍’ പട്ടവും നേടി. ഒറ്റയ്ക്കു പുറത്തിറക്കിയ ആദ്യ ഗാനമായ അംബ്രല്ല ആദ്യത്തെ ഗ്രാമിപുരസ്‌കാരം നേടി.
കരീബിയന്‍ സംഗീതത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിച്ച റിഹാനയുടെ മ്യൂസിക് ആല്‍ബങ്ങള്‍ വില്പനയില്‍ റെക്കോര്‍ഡ് നേടിയവയാണ്. പോപ് ഗായികയായും ഡാന്‍സറായും ഒക്കെ ആയി മാറിയ റിഹാനയുടെ പിന്നീടുള്ള ആല്‍ബങ്ങളും റെക്കോര്‍ഡ് വില്‍പ്പന നേടിത്തുടങ്ങി. ആറ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടതല്‍ സ്വാധീനം ചെലുത്താനാകുന്ന ടൈം മാഗസിന്റെ പട്ടികയില്‍ രണ്ട് തവണ ഇടം നേടിയിരുന്നു. കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും അധികം സംഭാന നല്‍കിയ സെലിബ്രിറ്റികളിലൊരാളാണ് റിഹാന. 80 ലക്ഷം ഡോളര്‍ ആണ് സംഭാവന നല്‍കിയത്. ന്യൂയോര്‍ക്കിലെ ദരിദ്രര്‍ക്ക് 10 ലക്ഷം ഡോളര്‍ നല്‍കിയിരുന്നു. ബാറ്റില്‍ഷിപ്പ് , ദിസ് ഈസ് ദി എന്‍ഡ് എന്നി സിനിമകളിലും റിഹാന അഭിനയിച്ചു. ആനിമേറ്റഡ് അഡ്വഞ്ചര്‍ ഹോം ലെ പ്രധാന കഥാപാത്രങ്ങളിലൊന്നിലും അവര്‍ ശബ്ദം നല്‍കി.
ആഡംബര മേക്കപ്പ് ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടിയാണ് റിഹാനയുടെ ശ്രദ്ധേയമായ ഒരു സംരംഭം. സമൂഹമാധ്യമങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടാണു റിയാനയുടേത്. റിയാന പങ്കുവയ്ക്കുന്ന പാട്ടുകളും പരസ്യങ്ങളും അഭിപ്രായങ്ങളുമെല്ലാം ലോകത്തിന്റെ മുക്കിലും മൂലയിലും ഞൊടിയിടയില്‍ എത്തും. ഈ താരപദവി ഉപയോഗിച്ചുള്ള ബിസിനസ് എന്ന ലക്ഷ്യത്തോടെയാണ് 2017 സെപ്റ്റംബറില്‍ ഫെന്റി ബ്യൂട്ടിക്കു റിയാന തുടക്കമിട്ടത്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍, സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, മ്യാന്‍മറിലെ പട്ടാള അട്ടിമറി തുടങ്ങി പല വിഷയങ്ങളിലും കൃത്യമായ ഇടപെടലുകളും റിയാന നടത്തിയിട്ടുണ്ട്.