ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തലവെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഐതിഹ്യം. പ്രണയത്തിന്റെ ചുവന്ന പുഷ്പങ്ങള്‍ വസന്തം തീര്‍ക്കുന്ന രാപ്പകലാണ് വാലന്റൈന്‍സ് ഡേ.
സ്വപ്‌നം മയങ്ങുന്ന കണ്ണുകളും അതിമനോഹരമായ പുഞ്ചിരിയും നിഗൂഢമായ സൗന്ദര്യവും ഒത്തുചേര്‍ന്ന ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സ്വപ്നസുന്ദരിയായ മധുബാലയോട് അനുരാഗം തോന്നാത്തവര്‍ കുറവായിരിക്കും. ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ, ദുരന്ത നായിക, ഇന്ത്യന്‍ സിനിമയുടെ വീനസ്, ഹിന്ദി സിനിമയുടെ അനാര്‍ക്കലി തുടങ്ങിയ നിരവധി വിശേഷങ്ങള്‍ സിനിമാലോകം ചാര്‍ത്തിക്കൊടുത്ത മധുബാല ജനിച്ചത് ഫെബ്രുവരി 14ന് വാലന്റൈന്‍ഡ് ദിനത്തിലാണാണ് എന്നത് കാലത്തിന്റെ കാവ്യനീതികളിലൊന്നാണ്. പ്രണയികളുടെ ദിനത്തില്‍ ജനിച്ച മധു നിത്യ പ്രണയിനി തന്നെയായിരുന്നു. ” പ്രശസ്തിയുടെ മണ്ഡലത്തില്‍ സൂര്യനെപ്പോലെ ഉദിച്ചുയരും. പക്ഷേ, ആത്മശാന്തിയും ആയുസും കുറയും എന്നാണ് ഒരു സൂഫി സന്യാസി മധുബാലയുടെ ചെറുപ്പത്തില്‍ പ്രവചനം നടത്തിയത്. പ്രണയവും വിവാദവുംകൊണ്ട് ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു അവര്‍. തന്റെ സൗന്ദര്യത്തെപ്പറ്റി പൂര്‍ണമായും ബോധവതിയായിരുന്നു ഓരോ പ്രണയത്തകര്‍ച്ചയെയും പുതിയ പ്രണയം കൊണ്ട് മധു നേരിട്ടു. വളരെ നിഷ്‌കളങ്കമായിരുന്നു അവരുടെ ഓരോ പ്രണയങ്ങളും.
1933ല്‍ അവിഭക്ത ഇന്ത്യയിലെ പഴയ പെഷാവറില്‍ അത്താഉല്ല ഖാന്റെയും അയിഷാബീഗത്തിന്റെയും 11 മക്കളില്‍ അഞ്ചാമത്തേതായി മുംതാസ് ബീംഗം ജെ ഹാന്‍ ദെഹ്ലവി എന്ന മധുബാല ജനിച്ചു. കുട്ടിക്കാലത്തു നല്ല ഓമനത്തമുള്ള തടിച്ചിക്കുട്ടിയായിരുന്നു മുംതാസ്. കണ്ണാടിക്കു മുന്നില്‍ പോസ് ചെയ്തു നൃത്തം ചവിട്ടുന്ന അവള്‍ സിനിമയില്‍ അഭിനയിക്കണമെന്നു പറഞ്ഞ് എന്നും പിതാവിനെ ശല്യപ്പെടുത്താറുണ്ടായിരുന്നു. മുന്‍കോപിയായിരുന്നു മുംതാസിന്റെ പിതാവ്. അതുകൊണ്ടു തന്നെ ഇംപീരിയല്‍ ടുബാക്കോ കമ്പനിയിലെ ബ്രിട്ടീഷ് വ്യവസ്ഥകളുമായി കലഹിച്ച അദ്ദേഹത്തിന്റെ ജോലി നഷ്ടമായി. അങ്ങനെ പത്താന്‍ കുടുംബം ഡല്‍ഹിയിലേക്കും പിന്നീട് മുംബൈ ടാക്കീസ് എന്ന വിഖ്യാത സ്റ്റുഡിയോയ്ക്ക് സമീപത്തെ ഒരു ചേരിയിലേക്കും താമസം മാറി. അവിടെ വെച്ച് ബോംബെ ഡോക്യാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ മുംതാസിന് തന്റെ അഞ്ചു സഹോദരങ്ങളെ നഷ്ടപ്പെട്ടു. ഒരു വലിയ കുടുംബത്തിനെ പട്ടിണിയില്‍നിന്ന് രക്ഷിക്കാനായി ഒമ്പതാമത്തെ വയസില്‍ ബേബി മുംതാസ് അഭിനയിക്കാനിറങ്ങി. പൂക്കള്‍ നിറഞ്ഞ ഫ്രോക്കുമിട്ടു മെഹ്ബൂബ് സ്റ്റുഡിയോ പരിസരങ്ങളില്‍ പിതാവുമൊത്ത് അവസരങ്ങള്‍ തേടിയിറങ്ങിയ അവള്‍ ബോംബെ ടാക്കീസ് ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകരില്‍ ഒരാളായ ദേവികാറാണിയുടെ കണ്ണില്‍പെടുക തന്നെ ചെയ്തു. അവള്‍ക്കു മധുബാല എന്ന പേരിട്ടതും ദേവികാറാണിയാണ്. ബാലതാരമായി ആദ്യം അഭിനയിച്ച ബസന്ത് ബോക്‌സ് ഓഫീസ് ഹിറ്റായതോടെ ബേബി മുംതാസ് ഹിന്ദി സിനിമയുടെ അവിഭാജ്യഘടകമായി. കിദാര്‍ ശര്‍മയുടെ നീല്‍ കമലില്‍ 14ാം വയസില്‍ രാജ്കപൂറിന്റെ നായികയായതോടെ മധുബാലക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
താരതമ്യങ്ങളില്ലാത്ത സൗന്ദര്യവും അഭിനയപാടവവും കൊണ്ട് മധുബാല ക്ഷണത്തില്‍ ബോളിവുഡിന്റെ താരസിംഹാസനം പിടിച്ചെടുക്കുന്നതാണ് അമ്പതുകളിലും അറുപതുകളിലും കണ്ടത്. വെള്ളിത്തിരയില്‍ കാണുന്ന മിന്നിത്തിളക്കമേ മധുവിനുണ്ടായിരുന്നുള്ളൂ. സങ്കടത്തില്‍ ചാലിച്ചെഴുതിയതായിരുന്നു ആ ജീവിതം. നാല് സഹോദരിമാര്‍ അടങ്ങുന്ന കുടുംബത്തിന്റെ ഭാരമത്രയും മധുവിന്റെ തോളിലായിരുന്നു. വെള്ളിത്തിരയില്‍ കാണുന്ന ഗ്ലാമറിനപ്പുറം കഠിനാധ്വാനവും വേദനയും നിറഞ്ഞതായിരുന്നു അവരുടെ സിനിമാജീവിതം. മധുബാലയുടെ പ്രശസ്തി ഹോളിവുഡിലേക്കും എത്തി. അമേരിക്കന്‍ മാഗസിനായ തിയേറ്റര്‍ ആര്‍ട്‌സ് ലോകത്തെ ഏറ്റവും മികച്ച താരം എന്ന തലക്കെട്ടില്‍തന്നെ മധുബാലയെ ലോകത്തിന്റെ മുന്നിലെത്തിച്ചു. പ്രശസ്തമായ ലൈഫ് മാഗസിനിലും മധുബാല താരമായി. പ്രശസ്തിയോടൊപ്പം മധുവിന്റെ പ്രണയങ്ങളും തഴച്ചു വളര്‍ന്നു. കാമുകന്‍മാരാല്‍ വലയം ചെയ്യപ്പെട്ട മകളെ ലക്ഷ്മണരേഖ വരച്ച് പിതാവ് നിയന്ത്രിച്ചു നിര്‍ത്തി. ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ദിലീപ് കുമാറുമായി പ്രണയം തരാനുള്ള കാരണവും ഇതുതന്നെ.
ബോളിവുഡിലെ ഏറ്റവും ചെലവേറിയ ഏറ്റവും വലിയ പണംവാരി പടങ്ങളില്‍ ഒന്നാം മുഗള്‍ ഇ അസമിലെ നായകനെ വരിക്കാന്‍ അച്ഛന്‍ മധുവിനെ അനുദവിച്ചില്ല. അച്ഛന്‍ മുന്നോട്ടുവച്ച കച്ചവട വ്യവസ്ഥകളില്‍ തട്ടി ആ ബന്ധം ഉലഞ്ഞു. ദിലീപ് കുമാറുമായി മാത്രമല്ല, അക്കാലത്തെ ഒട്ടുമിക്ക നായകന്മാരുമായും മധുവിന്റെ പേര് കൂട്ടിവായിക്കപ്പെട്ടിരുന്നു അന്ന്. പ്രണയങ്ങളെ ഒരു തമാശയായിട്ടാണ് അന്ന് മധു കണ്ടതെന്ന് ദേവാനന്ദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പുണെയിലെ പ്രഭാത് സ്റ്റുഡിയോയില്‍ നിന്നു മധുവിനെ കാണാനായി മുംബൈയിലേക്ക് ഡ്രൈവ് ചെയ്തുവരുമായിരുന്നു ദിലീപ്കുമാര്‍. പ്രണയത്തിന്റെ മാസ്മരികമായ ആനന്ദത്തില്‍ അവര്‍ പൂര്‍ണമായും ലയിച്ചു. പ്രണയത്തിന്റെ കാല്‍പനികമായ ലോകത്തില്‍ സ്വന്തം കൈപ്പടയിലെഴുതിയ ഉര്‍ദു കവിതകളും ചുവന്നപനിനീര്‍പുഷ്പങ്ങളുമായി അവര്‍ എന്നും കാത്തിരുന്നു. മറുചോദ്യങ്ങളില്ലാത്ത, അനുസരണ മാത്രം ശീലമുള്ള മധുബാലയുടെ ധൈര്യമില്ലായ്മ കാരണം ആ മനോഹരമായ പ്രണയബന്ധം തകര്‍ന്നടിഞ്ഞു. അതോടെ മധുവിന്റെ ഏകാന്തമായ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രതീക്ഷയും നഷ്ടമായി.
ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു മധുവിന്. അതുകൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏറെക്കുറേ ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഏറെ വൈകും മുന്‍പ് തന്നെ ഹൃദ്രോഗബാധിതയായി. ബഹുത് ദിന്‍ ഹുവേയുടെ സെറ്റില്‍ വച്ചാണ് മധുബാല ഹൃദ്രോഗിയാണെന്ന കാര്യം തിരിച്ചറിയപ്പെടുന്നത്. പിന്നീട് ഗായകന്‍ കിഷോര്‍ കുമാറുമായുള്ള വിവാഹശേഷം ലണ്ടനില്‍ ചികില്‍സയ്ക്കായി പോയെങ്കിലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. ഒന്‍പതു വര്‍ഷങ്ങള്‍ കൂടി അവര്‍ പിന്നീട് ജീവിച്ചിരുന്നു. 23 ഫെബ്രുവരി 1969ല്‍ 36 ാം വയസില്‍ ജീവിതത്തോടും സിനിമയയോടും വിട പറയുമ്പോള്‍ അവസാന ചിത്രം ചാലക് ചിത്രീകരണം പോലും പൂര്‍ത്തിയായിരുന്നില്ല. അവസാന ദിനങ്ങളില്‍ അവര്‍ ‘മുഗള്‍ ഇ അസം’ ആവര്‍ത്തിച്ച് കണ്ടു, ഉര്‍ദു കവിതകള്‍ പാടി. 22 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 74 സിനിമകളില്‍ അഭിനയിച്ചു. അതില്‍ ഭൂരിഭാഗവും ബ്ലോക്ക് ബസ്റ്ററുകള്‍ ആയിരുന്നു. മധുബാലയുടെ മരണസമയത്ത് ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്ന ദിലീപ്കുമാര്‍ എല്ലാമുപേക്ഷിച്ച് മുംബൈയില്‍ പറന്നിറങ്ങിയെങ്കിലും അവസാന പ്രാര്‍ത്ഥനയും കഴിഞ്ഞ് മധുബാല കല്ലറക്കുള്ളില്‍ എത്തിയിരുന്നു. മരണത്തിനുശേഷം സങ്കടകരമായ മറ്റൊരു ആന്റി ക്ലൈമാക്സും പ്രണയത്തിന്റെ രാജകുമാരിയെ തേടിയെത്തി. വഹാബി സെമിത്തേരിയില്‍ അടക്കിയിരുന്നതിനാല്‍ മുഹമ്മദ് റഫി, പര്‍വീണ്‍ ഭാഭി, തലത്ത് മഹമൂദ്, നൗഷാദ്, സാഹിര്‍ ലുധിയന്‍വി എന്നിവര്‍ക്കൊപ്പം മധുബാലയുടെയും ഖബര്‍ ഇടിച്ചുനിരത്തി പള്ളി അധികാരികള്‍. ഒരുകാലത്ത് വശ്യസൗന്ദര്യം കൊണ്ട് സിനിമാലോകത്തെ കീഴടക്കിയ മധുബാലയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ന് എവിടെയാണെന്ന വിവരം പോലും അജ്ഞാതമാണ്. മധുബാലയുടെ പ്രണയക്കുറിപ്പുകളും ഹൃദയനൊമ്പരങ്ങളും നിറഞ്ഞ ഡയറിയും പിതാവ് സാന്താക്രൂസിലെ ഖബറിടത്തില്‍ അടക്കിയതോടെ അങ്ങേയറ്റം ഏകാകിനിയായിരുന്ന ഒരു പ്രണയിനിയുടെ ഹൃദയക്കുറിപ്പുകള്‍ അങ്ങനെ പുറംലോകമറിയാതെ മണ്ണിലലിഞ്ഞു ചേര്‍ന്നു.