ദേവദാരുപൂത്ത മനസിന്റെ താഴ്‌വരകളില്‍ സിന്ദൂരതിലകവുമായി പുള്ളിക്കുയിലിനെ മാടിവിളിച്ചു, നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയിലേക്ക്… തലമുറകള്‍ തോറും മലയാളിയുടെ കാവ്യസങ്കല്പങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച കവിയും ഗാനരചിതാവുമായിരുന്നു ചുനക്കര രാമന്‍കുട്ടി. 1978ല്‍ ആശ്രാമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ആശ്രമത്തിലേക്ക് കടന്നെത്തിയ ചുനക്കര രാമന്‍കുട്ടി 75ലധികം ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുന്നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മണ്ണിനു മറക്കാന്‍ കഴിയാത്ത ഗാനങ്ങളെഴുതിയ അദ്ദേഹത്തെ മലയാളി എന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. 1983ല്‍ പുറത്തിറങ്ങിയ ‘എങ്ങനെ നീ മറക്കും ‘ എന്ന ചിത്രത്തിലെ ‘ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്‌വരയില്‍’ എന്ന ഗാനമാണ് ചുനക്കര രാമന്‍കുട്ടിക്ക് മലയാള ചലച്ചിത്രഗാന ശാഖയില്‍ തന്റെതായ ഇരിപ്പിടമൊരുക്കാന്‍ കാരണമായത്. എം.എസ് മണി സംവിധാനം ചിത്രത്തിലെ പ്രണയത്തെയും സൗഹൃദത്തെയും വിരഹത്തെയും അടയാളപ്പെടുത്തിയ ഈ ഗാനം മൂന്ന് പതിറ്റാണ്ടുകള്‍ കടന്ന് സഞ്ചരിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. മലയാള സിനിമാ സംഗീതത്തെ സ്‌നേഹിച്ചവര്‍ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിയിട്ടുണ്ടായിരിക്കണം. എണ്‍പതുകളില്‍ ചുനക്കര രാമന്‍കുട്ടി- ശ്യം കൂട്ടുകെട്ട് ഒട്ടനവധി ഹിറ്റു ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ പി.ജി വിശ്വംഭരന്റെ തിര പിന്നെയും ഒരു തിര എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചുനക്കരയെ പ്രശസ്തനാക്കി. ‘ദേവീ നിന്‍ രൂപം ‘ എന്നു തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറി. 1984ല്‍ വിവിധ സിനിമകള്‍ക്കായി മുപ്പതിലേറെ പാട്ടുകളാണ് അദ്ദേഹം എഴുതിയത്. അധിപനിലെ ‘ശ്യാമമേഘമോ നീ, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’, കുയിലിനെ തേടിയിലെ ‘സിന്ധൂര തിലകവുമായി’, കണ്ടു കണ്ടറിഞ്ഞുവിലെ ‘നീ അറിഞ്ഞോ മേലെ മാനത്ത്’, നീ മറക്കുമോ എന്ന ചിത്രത്തിലെ ‘ശരത്കലാ സന്ധ്യകുളിര്‍ തൂകി നിന്നു’, തുടങ്ങി ചുനക്കര തൂലിക ചലിപ്പിച്ച ഗാനങ്ങളൊക്കെ എക്കാലവും മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നു.
നാടകം, റേഡിയോ, സിനിമ
1936 ജനുവരി 19ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കല്‍ കാര്യാട്ടില്‍ കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. പിന്നീട് ആകാശവാണിയില്‍ പാട്ടെഴുതാനുള്ള അവസരങ്ങള്‍ ലഭിച്ചു. ആകാശവാണിയിലെ റേഡിയോ അമ്മാവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി.ഗംഗാധരന്‍ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി രചിച്ച ലളിതഗാനങ്ങള്‍ക്ക് ആരാധകരേറെയായിരുന്നു. പിന്നീട് നാടകവേദികളില്‍ സജീവമായി. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്സ്, കേരളാ തിയേറ്റേഴ്സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകള്‍ക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചു. ‘മലയാള വേദി ‘ എന്ന പേരില്‍ സ്വന്തമായി നാടക സമിതിയും അദ്ദേഹം തുടങ്ങി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ ഇത് പ്രവര്‍ത്തിച്ചുള്ളൂ. സംഗീത സംവിധായകന്‍ ശ്യാമിനു പുറമെ എം.ജി രാധാകൃഷ്ണന്‍, വിദ്യാധരന്‍, എസ്.പി.വെങ്കിടേഷ്, രവീന്ദ്രന്‍ മാഷ്, കണ്ണൂര്‍ രാജന്‍ എന്നിവര്‍ക്കൊപ്പം ചുനക്കര രാമന്‍കുട്ടി ഹിറ്റുകള്‍ സൃഷ്ടിച്ചു. ഗാനരചിതാവായി ചുനക്കര പേരെടുത്തെങ്കിലും ഗായകനായി അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അസുഖങ്ങളും ഭാര്യയുടെ മരണവുമൊക്കെയായി തകര്‍ന്നു നിന്ന ചുനക്കരയെ കവിതാ രചനയിലേക്ക് വഴിതിരിച്ചു വിട്ടത് ദേവരാജന്‍ മാഷായിരുന്നു. 2004ല്‍ അഗ്നിസന്ധ്യ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, ദേശാടനക്കിളികള്‍ എന്നിവയൊക്കെയാണ് മറ്റ് സമാഹാരങ്ങള്‍. എഴുതി തീരാത്ത വരികള്‍ ഭാവനകളും ബാക്കി വച്ചാണ് ചുനക്കര രാമന്‍കുട്ടി എണ്‍പത്തിനാലാം വയസില്‍ ഈ ലോകത്തു നിന്ന് വിടവാങ്ങിയത്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കാവ്യ പ്രപഞ്ചം തലമുറകള്‍ തോറും ഹൃദയവനിയില്‍ അലയടിച്ചു കൊണ്ടിരിക്കും.
‘ചന്ദ്രഗോളത്തിലും ഞാനിറങ്ങി
പൊന്‍കൊടി കുത്തി തിരിച്ചിറങ്ങി
നാലു നാള്‍കൊണ്ടൊരു വീടുതീര്‍ക്കും
നാളെ ഞാന്‍ ഓണം അവിടൊരിക്കും
ഗോളങ്ങള്‍ എന്‍മുന്നില്‍ നൃത്തമാടും
കാലമോ എന്‍ ആജ്ഞ കേട്ടു നില്‍ക്കും ‘