ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചെറുതും വലുതുമായ നിരവധി പ്രകൃതിദുരന്തങ്ങള്‍ക്കാണ് വേദിയായിട്ടുള്ളത്. 2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ മേഘവിസ്‌ഫോടനങ്ങള്‍ ഏതാണ്ട് ആറായിരത്തോളം മനുഷ്യജീവനുകളാണ് അപഹരിച്ചത്. രണ്ടായിരത്തി അഞ്ഞൂറോളം വീടുകള്‍ പൂര്‍ണമായും നശിച്ചു. കേദാര്‍നാഥ് ദുരന്തകാരണം മേഘവിസ്‌ഫോടനം മൂലമാണെന്നു പറയുമ്പോഴും അത്തരം പ്രകൃതിദുരന്തങ്ങളിലേക്ക് നയിക്കുന്നത് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സവിശേഷതകളും ദുര്‍ബലതയും കണക്കിലെടുക്കാതെ നടത്തിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് എന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുന്നു. ഉത്തരാഖണ്ഡിലെ ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഗംഗാനദിയുടെ കൈവഴികള്‍ ഇതിനകം 550 ഡാമുകളുടെയും ജലവൈദ്യുത പദ്ധതികളുടെയും ഇരിപ്പിടമായി മാറിയിരിക്കുന്നു. അവയില്‍ പണി പൂര്‍ത്തിയായതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ 152 വന്‍കിട ഡാമുകളും ഉള്‍പ്പെടുന്നു.
ഉത്തരാഖണ്ഡ് ഒരിക്കല്‍ക്കൂടി രാജ്യത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു പ്രകൃതിദുരന്തത്തിനുകൂടി വേദിയായിരിക്കുകയാണ്. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയമാണ് ദുരന്തകാരണം എന്നാണ് പ്രാഥമിക നിഗമനം. അഞ്ചു പാലങ്ങളും ഡസന്‍ കണക്കിന് വീടുകളും തകര്‍ക്കപ്പെട്ടു. ദുരന്തം വരുത്തിവച്ച നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരാന്‍ ഏറെ കാത്തിരിക്കേണ്ടി വരും. രണ്ടായിരത്തിലധികം വരുന്ന പട്ടാളക്കാരും ദുരന്തനിവാരണ സേനയുമടക്കമുള്ളവര്‍ക്ക് ദുരന്തം നാശംവിതച്ച പല ഭാഗങ്ങളും ഇപ്പോഴും അപ്രാപ്യമാണ്. ഡാം നിര്‍മ്മാണത്തിലും വൈദ്യുത പദ്ധതി പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട തൊഴിലാളികളും ഗ്രാമീണരും ആട്ടിടയരും മറ്റുമാണ് കാണാതായവരില്‍ ഏറെയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തിന്റെ പാരിസ്ഥിതിക ദുര്‍ബലത കണക്കിലെടുക്കാതെ തുടര്‍ന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചതാണ് ദുരന്തമെന്ന വിലയിരുത്തലിനാണ് പാരിസ്ഥിതിക വിദഗ്ധര്‍ മുന്‍തൂക്കം നല്‍കുന്നത്. കാല്‍ നൂറ്റാണ്ടിനിടയില്‍ ഹിമാലയത്തിലെ കാലാവസ്ഥയില്‍ വന്ന വലിയ മാറ്റത്തെ പറ്റി രാജ്യത്തിനകത്തും പുറത്തും നടന്ന പഠനങ്ങള്‍ മുന്നറിയിപ്പ് നിരന്തരം നല്‍കിപോന്നിട്ടുണ്ട്.
ദുരന്തഭൂമിയായി മാറിയ മേഖലയില്‍ മാത്രം 58 ജലവൈദ്യുത പദ്ധതികളാണ് ഉള്ളത്. മനുഷ്യന്‍ പ്രകൃതിക്കും പരിസ്ഥിതിക്കും നേരെ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയെയാണ് തുറന്നുകാട്ടുന്നത്. ഇവയിലേറെയും പ്രകൃതി സ്‌നേഹികളുടെയും പാരിസ്ഥിതിക വിദഗ്ധരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പുകളെയും പ്രതിഷേധത്തെയും വകവയ്ക്കാതെ വാശിയോടെ നടത്തിവരുന്ന വികസന വൈകൃതങ്ങളാണെന്നതും അവഗണിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന ഊര്‍ജനിലയങ്ങള്‍ക്കു പകരം പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ജലവൈദ്യുത പദ്ധതികള്‍ എന്ന വാദം ഹിമാലയത്തിന്റെ പരിസ്ഥിതി ദുര്‍ബലാവസ്ഥയെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് തുടര്‍ന്നുവരുന്നത്. ഹിമാലയത്തിന്റെ മഞ്ഞുകൊണ്ടുള്ള ആവരണം അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകമെമ്പാടും മനുഷ്യരാശിക്കും ജീവജാലങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും ലഭ്യമായ ശുദ്ധജലത്തിന്റെ വന്‍ശേഖരങ്ങളില്‍ ഒന്നാണ് ഹിമാലയത്തിലെ മഞ്ഞുമലകള്‍. ലോകത്തിലെ ഏറ്റവും വലിയ സമതല ഭൂമിയായ ഗംഗാസമതലത്തെ ജലസമൃദ്ധമായി നിലനിര്‍ത്തുന്നത് ഹിമാലയത്തിലെ മഞ്ഞുമലകളാണ്. അതിന് സംഭവിച്ചുകൊണ്ടിരിക്കുന്ന നാശം ഗംഗാസമതലത്തെ മരുഭൂമിയാക്കി മാറ്റുമെന്നും കോടാനുകോടി മനുഷ്യരെ അവര്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കി മാറ്റുമെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ടുള്ള വികസനവാദമാണ് പിന്തുടരുന്നത്. ദുരന്തത്തില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ദൗലിഗംഗയില്‍ നിര്‍മ്മിച്ചുവരുന്ന 500 മെഗാവാട്ടിന്റെ ഡാമടക്കം ഏറ്റവും ചുരുങ്ങിയത് മൂന്ന് ജലവൈദ്യുത പദ്ധതികള്‍ക്ക് വന്‍ നാശമാണ് വരുത്തിയത്. ഋഷിഗംഗാ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു.
ഹിമാനികള്‍ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണ്. കുടിവെള്ളവും നദികളുമായി ഹിമാനികള്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. താപനിലയുടെ സന്തുലിതാവസ്ഥയ്ക്കും ഇവ കാരണമാണ്. ഹിമാനികളുടെ നശീകരണം ചിലയിടങ്ങളില്‍ ഹിമക്കാറ്റിനും മറ്റിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും വഴിയൊരുക്കും. അലാസ്‌കാ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സംഭവിച്ചതുപോലെ കടുത്തവരള്‍ച്ചയ്ക്കും ഹിമാനികളുടെ നാശം കാരണമാകും. ഭൂമിയുടെ താപനില ഉയരാനും വഴിയാകും. മനുഷ്യന്റെ ഉള്‍പ്പെടെ ജൈവവ്യവസ്ഥയുടെ നിലനില്‍പ്പിനെ ഇത് സ്വാധീനിക്കും ഹിമാനികള്‍ താപനിലയോടും ശബ്ദത്തോടും പ്രതികരിക്കും. അവയുടെ സാന്ദ്രത നേരിയതാണ്. ഒരു എയര്‍ഗണ്ണിന്റെ ശബ്ദമോ വാഹനങ്ങളുടെ മുഴക്കമോ പോലും ഹിമാനികളില്‍ മാറ്റമുണ്ടാക്കും. കാര്‍ബണ്‍ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും രൂക്ഷമാണ്. കൂടുതല്‍ മരങ്ങള്‍ വെട്ടിവീഴ്ത്തും തോറും കാര്‍ബണ്‍ പുറംതള്ളുന്ന നിരക്കും വര്‍ധിക്കുന്നു. സമുദ്രങ്ങളും തടാകങ്ങളും ചെളിയില്‍ നിറയുമ്പോഴും കാര്‍ബണ്‍ നില ഉയരുന്നു. കാനനങ്ങളും സമുദ്രവും പ്രകൃതി പുറം തള്ളുന്ന കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു. മരങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡും പ്രകൃതിയില്‍ നിന്നും വെള്ളവും സ്വീകരിച്ച് അന്നജം ഉല്പാദിപ്പിക്കുന്നു. വനനശീകരണം ഈ പ്രക്രിയ ഇല്ലാതാക്കുന്നു. ക്രമേണ അന്തരീക്ഷത്തിലെ കാര്‍ബണ്‍ നില ഉയരുന്നു. ചെടികള്‍ക്ക് ഉള്ളിലെ കാര്‍ബണ്‍ ഘടകങ്ങളും പുറംതള്ളപ്പെടാന്‍ വനനശീകരണം വഴിയൊരുക്കുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ധിക്കും തോറും താപനിലയും ഉയരുന്നു. വായുവിനെയും വെള്ളത്തെയും ഇത് സ്വാധീനിക്കുന്നു. ന്യൂനമര്‍ദ്ദങ്ങളുടെ ക്രമങ്ങള്‍ തെറ്റുന്നു. ഋതുക്കളുടെ കാലങ്ങളില്‍ മാറ്റമുണ്ടാകുന്നു.