സസ്‌പെന്‍സ് ത്രില്ലര്‍ സിനിമപോലെ ഒട്ടേറ കൗതുകങ്ങള്‍ നിറഞ്ഞതാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും സിനിമയുമെല്ലാം പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍. വെള്ളിത്തിരയിലെ താരങ്ങളുടെ അതിപ്രസരമുള്ള തമിഴ്‌നാടിനെ ആന്ധ്രപ്രദേശിനെയോ അനുകരിച്ചല്ല കേരളത്തിലെ സാഹിത്യപ്രതിഭകളും സിനിമാ താരങ്ങളും പോരിനിറങ്ങിയത്. വിടങ്ങളിലൊക്കെ താരങ്ങളിറങ്ങും മുന്നേ കേരളത്തില്‍ ഇവര്‍ തിരഞ്ഞെടുപ്പ് രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. ജ്ഞാനപീഠ ജേതാവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയയാളും മികച്ച നടനുള്ള ഭരത് അവാര്‍ഡ് നേടിയ പ്രതിഭയുമൊക്കെ ജനവിധി തേടി തിരഞ്ഞെടുപ്പ് കളത്തില്‍ മാറ്റുരച്ചിട്ടുണ്ട്. ചിലരെല്ലാം വിജയസോപാനങ്ങളിലേക്ക് നടന്നു കയറിയപ്പോള്‍ മറ്റു ചിലര്‍ക്ക് പരാജയത്തിന്റെ നോവും അനുഭവിച്ചിട്ടുണ്ട്. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായും അവരുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായും ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത സമ്പൂര്‍ണ സ്വതന്ത്രരായും അവര്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിച്ചിട്ടുണ്ട്. സാഹിത്യകാരന്മാര്‍ തമ്മിലും സിനിമാക്കാര്‍ തമ്മിലും തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയ അപൂര്‍വ ചരിത്രവും കേരളത്തിലുണ്ട്.
മുണ്ടശേരിയില്‍ തുടങ്ങുന്നു പോരാട്ടം
ബാലറ്റിലൂടെ അധികാരത്തിലേറി ചരിത്രം കുറിച്ച 1957ലെ ആദ്യ നിയമസഭയില്‍ തുടങ്ങുന്നു സാഹിത്യവും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി അദ്ധ്യാപകനും സാഹിത്യക്കാരനും നിരൂപകനുമായിരുന്നു. കൊച്ചി പ്രജാമണ്ഡലം വഴിയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കൊച്ചി രാജ്യമായിരുന്ന കാലത്ത് 1948 ല്‍ അര്‍ത്തൂക്കരയില്‍ നിന്ന് കൊച്ചി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1954 ല്‍ ചേര്‍പ്പില്‍ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി. തിരു-കൊച്ചി കാലത്ത് 1951 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുണ്ടശേരി തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുണ്ടശേരി കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയോട് തോറ്റു. രണ്ട് തവണയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.ഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കൊന്തയില്‍ നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് തുടങ്ങിയ നോവലുകള്‍ മുണ്ടശേരി രചിച്ചിട്ടുണ്ട്.
ജ്ഞാനപീഠ പുരസ്‌കാരം ജേതാവും മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാട് ആദ്യമായി മത്സരിച്ച തിരഞ്ഞടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. 1957 ല്‍ തലശ്ശേരിയില്‍ നിന്നും കമ്യൂണിസ്റ്റ് സ്വതന്ത്രനായാണ് ലോകസഭയിലേക്ക് ജനവിധി തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.കെ ജിനചന്ദ്രനോട് 1,382 വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം തലശേരിയില്‍ നിന്ന് തന്നെ വിജയിച്ചു. മലയാള സാഹിത്യലോകത്തിലെ ബ്രിഗേഡിയര്‍ എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1954ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പൗലോസിനോട് തോല്‍ക്കുകയായിരുന്നു.
സാഹിത്യത്തിലെ സ്റ്റാര്‍ വാര്‍
മലയാളത്തിലെ രണ്ട് സാഹിത്യപ്രതിഭകളുടെ നോര്‍ക്കുന്നേര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് 1962 ലെ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു. നിരൂപകനും പ്രഭാഷകനുമായി സുകുമാര്‍ അഴീക്കോടും സാഹിത്യക്കാരന്‍ എസ്.കെ പൊറ്റക്കാടും തമ്മിലായിരുന്നു തലശേരി ലോക്‌സഭ മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്. സി.പി.ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പൊറ്റക്കാട് കളത്തിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അഴിക്കോട് മത്സരിച്ചത്. 64,950 വോട്ടിനായിരുന്നു പൊറ്റക്കാടിന്റെ വിജയം. ിന്നീട് രണ്ട് പേരും തിരഞ്ഞെടുപ്പ് രംഗത്തു നിന്ന് വിടവാങ്ങി. 1965ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് നിയമസഭയിലേക്ക് ജയിച്ചു. പക്ഷേ നിര്‍ഭാഗ്യവച്ചാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അന്ന് സഭ ചേര്‍ന്നില്ല. പക്ഷേ അതേ വര്‍ഷം അദ്ദേഹത്തെ തേടി മറ്റൊരംഗീകാരമെത്തി. അദ്ദേഹം സംവിധാനം ചെയ്ത ‘ചെമ്മീന്‍’ രാഷ്ട്രപതിയുടെ സുവര്‍ണകമലം നേടി. പനമ്പിള്ളി ഗോവിന്ദമേനോന്റെ നിര്യാണത്തെ തുടര്‍ന്ന് മുകുന്ദപുരത്ത് 1970 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ജനവിധി തേടിയെങ്കിലും ജയിക്കാനായില്ല. 1971ല്‍ തൃശ്ശൂരില്‍നിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു സാഹിത്യപ്രതിഭ കേരളത്തിന്റെ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വന്നത്. 1984ല്‍ കമലാദാസ് എന്ന മലയാളികളുടെ സ്വന്തം മാധവിക്കുട്ടിയാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഒരു കൈ നോക്കിയത്. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അവരുടെ മത്സരം. ഇന്ദിരാഗന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ പുതുമുഖ സ്ഥാനാര്‍ത്ഥിയായ എ. ചാള്‍സ് ആണ് ജയിച്ചത്. 1786 വോട്ടാണ് മാധവിക്കുട്ടിക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പില്‍ തോറ്റ മാധവിക്കുട്ടി പിന്നീട് മത്സര രംഗത്ത് വന്നില്ല. 2000ല്‍ അവര്‍ സ്വന്തമായി ഗോഡ്‌സ് ഓണ്‍ പാര്‍ട്ടി രൂപവത്കരിച്ചു. പിന്നീടത് ലോക സേവ പാര്‍ട്ടിയെന്നാക്കി മാറ്റി.
1987ല്‍ എറണാകുളത്തുനിന്ന് സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ എം.കെ. സാനു സി.പി.എം. സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് വിജയിച്ചു. കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥി എ.എല്‍. ജേക്കബായിരുന്നു എതിരാളി. ആദ്യ മത്സരത്തില്‍ 10,032 വോട്ടിന് വിജയരഥമേറിയെങ്കിലും പിന്നീട് അദ്ദേഹം മത്സരരംഗത്തുനിന്നു മാറി. 1989 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് കവിയും അദ്ധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ.എന്‍. വി കുറപ്പായിരുന്നു എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പ്‌ക്ഷേ അദ്ദേഹം കോണ്‍ഗ്രസിന്റെ എ. ചാള്‍സിനോട് തോല്‍ക്കുകയായിരുന്നു. ഇതേ വര്‍ഷം തന്നെ മറ്റൊരു സിനിമാ സംവിധായകനും മത്സരിച്ചു. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഒറ്റപ്പാലത്ത് മത്സരിച്ചു. കെ.ആര്‍ നാരായണനോട് അദ്ദേഹം തോറ്റു. 1991ലും കെ ആര്‍ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തില്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു എതിരാളി. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തേക്ക് ലെനിന്‍ രാജേന്ദ്രന്‍ വന്നില്ല.
1999ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും നടന്‍ മുരളിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ വി.എം. സുധീരനോട് തോല്‍ക്കുകയായിരുന്നു. 1994 ല്‍ ഉപതിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നും സി.പി.എം സ്വതന്ത്രനായി മത്സരിച്ചാണ് ജയിച്ചാണ് സംവിധായകനായ പി.ടി കുഞ്ഞിമുഹമ്മദ് നിയമസഭയിലേക്ക് എത്തുന്നത്. 1996 ല്‍ അദ്ദേഹം വീണ്ടും നിയമസഭാംഗമായി. 1994ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് പി.ടി കുഞ്ഞിമുഹമ്മദിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തത്. 1996ല്‍ കവി കടമ്മിനിട്ട രാമകൃഷ്ണന്‍ നിയമസഭയിലെത്തി. കേരളരാഷ്ട്രീയത്തിലെ അതികായനായ എം.വി രാഘവന്‍ മലര്‍ത്തിയടിച്ചാണ് ആറന്മുള മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായത്. ഒരു തവണ മല്‍സരിച്ചതിന് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞു. 2001ല്‍ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മത്സരിച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നുമുള്ള പ്രതിഭകള്‍ മത്സരിച്ചത് 2014 ലാണ്. ചാലക്കുടിയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടന്‍ ഇന്നസെന്റ് ലോകസഭയിലേക്ക് ജയിച്ചു. തൃശൂരില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സാഹിത്യകാരിയായ സാറാ ജോസഫ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഗണേശ് കുമാര്‍ റെക്കോഡ് മാന്‍
സിനിമാ, സാഹിത്യം എന്നീ മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധിയായി എന്ന റെക്കോഡ് കേരളാ കോണ്‍ഗ്രസ് (ബി)യുടെ കെ.ബി ഗണേശ് കുമാറിനാണ്. 2001 മുതല്‍ തുടര്‍ച്ചയായി നാല് തവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. യു.ഡി.എഫിന്റെയും എല്‍ ഡി എഫിന്റെയും ഭാഗമായി അദ്ദേഹം മത്സരിച്ചു. രണ്ട് തവണ മന്ത്രിയും ആയി. 2016 ലെ തിരഞ്ഞെടുപ്പില്‍ ഗണേശ് കുമാറിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് നടന്‍ ജഗദീഷിനെയും ബി.ജെ.പി ഭീമന്‍ രഘുവിനെയും ആയിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കൂടിയായ ഗണേശ് വിജയം ആവര്‍ത്തിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മുകേഷ് കൊല്ലം മണ്ഡലത്തില്‍ നിന്നും സി.പി.എം ടിക്കറ്റില്‍ നിയമസഭയിലെത്തി.അഭിനയത്തില്‍ സജീവമല്ലാതായതിന് ശേഷം ബി.ജെ.പിയുടെ പ്രവര്‍ത്തകനായ സുരേഷ് ഗോപി 2019ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ തൃശ്ശൂരില്‍ നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ടി.എന്‍ പ്രതാപനോടാണ് സുരേഷ് ഗോപി പരാജയപ്പെട്ടത്.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടുന്നത്. അഭിനേതാക്കളും ഗായകരും അടക്കം ഇത്തവണ പത്ത് പേരാണ് കലാരംഗത്ത് നിന്ന് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. കെ.ബി ഗണേഷ് കുമാര്‍, എം.മുകേഷ് , മാണി സി കാപ്പന്‍ എന്നിവരാണ് ഈ പട്ടികയിലുള്ള സിറ്റിങ് എം.എല്‍.എമാര്‍. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയും തൃശൂരില്‍ നിന്ന് മത്സരിക്കുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് വേണ്ടി രണ്ട് പേര്‍ വീതം കളത്തിലിറങ്ങുന്നു. ഹാസ്യതാരമായി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ കോണ്‍ഗ്രസിനായി ജനവിധി തേടുന്നു. ധര്‍മ്മജന്റെ കന്നി മത്സരമാണിത്.നടന്‍മാരായ വിവേക് ഗോപന്‍ ചവറയില്‍ നിന്നും കൃഷ്ണകുമാര്‍ തിരുവനന്തപുരത്തു നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സര രംഗത്തുണ്ട്. അരൂരില്‍ ഗായിക ദലീമ ഇടതു സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമ്പോള്‍ ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയ്ക്ക് വേണ്ടി നടി പ്രിയങ്ക അനൂപ് ആണ് മത്സരിക്കുന്നത്.