
ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെങ്കിലും ചൈനീസ്‌ടെക് ലോകത്തിന് തിരിച്ചടിയായിരിക്കുകയാണ്. 2020 ല്‍ ചൈനീസ് ആപ്പുകളുടെ മൊത്തം ഇന്‍സ്റ്റാള്‍ വിഹിതം 38 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ചുരുങ്ങി. ചൈനയുടെ വീഴ്ചയില്‍ നേട്ടം കൊയ്തിരിക്കുന്നതും ഇന്ത്യ തന്നെയാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ആപ്പുകളുടെ മൊത്തം ഇന്‍സ്റ്റാള്‍ വിഹിതം 39 ശതമാനമായി വര്‍ദ്ധിച്ചെന്ന് ആപ്പ്സ്ഫ്ളയര്‍ ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ കഴിഞ്ഞാല്‍ ഇസ്രായേല്‍, അമേരിക്ക, റഷ്യ, ജര്‍മനി എന്നി രാജ്യങ്ങളും ടെക് ലോകത്തെ ചൈനയുടെ വീഴ്ച്ച മുതലെടുത്തു. ഇന്ത്യയില്‍ ഇടത്തരം നഗരമേഖലകളിലാണ് മൊബൈല്‍ ആപ്പുകളുടെ ഉപയോഗം കൂടുതല്‍. ഇന്ത്യയില്‍ രേഖപ്പെടുത്തിയ 85 ശതമാനം ആപ്പ് ഇന്‍സ്റ്റാളുകളും ടയര്‍ വണ്‍, ടയര്‍ ടൂ നഗരങ്ങളില്‍ നിന്നുള്ളതാണ്. ഗെയിമിങ്, ഫൈനാന്‍സ്, വിനോദ മേഖലകളിലുള്ള ആപ്പുകള്‍ക്കാണ് ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഡിമാന്‍ഡ് ഏറെയും. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ആപ്പുകളിലുള്ള സമയം ചെലവഴിക്കല്‍ കാര്യമായി വര്‍ധിച്ചു. ഇതേസമയം, മൊബൈലിലുള്ള അനാവശ്യ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. നിശ്ചിത ദിവസത്തിന് ശേഷം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്നും ആദ്യ ദിനം തന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം കൂടിയെന്നും ആപ്പ്സ്ഫളയര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്കാരുടെ കാര്യമെടുത്താല്‍ മൊബൈല്‍ ഫോണില്‍ സ്പേസ് കുറവ് ഉപയോഗിക്കുന്ന ഡേറ്റ കുറച്ചുപയോഗിക്കുന്ന ആപ്പുകളോടാണ് പ്രിയം. ഇതില്‍ 27 ശതമാനം ആളുകളും ആദ്യ ദിനംതന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് താത്പര്യപ്പെട്ടത്. ഗെയിമിങ്, ഭക്ഷ്യ, ഫൈനാന്‍സ് ആപ്പുകളിലാണ് ആദ്യ ദിന അണ്‍ ഇന്‍സ്റ്റാള്‍ നിരക്ക് കൂടുതല്‍. ഗെയിമിങ് ആപ്പുകളിലും ഭക്ഷ്യ ആപ്പുകളിലും 32 ശതമാനവും അണ്‍ ഇന്‍സ്റ്റാള്‍ നിരക്കുണ്ട്. ഫൈനാന്‍സ് ആപ്പുകളില്‍ ഇത് 30 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ജനുവരി 1 മുതല്‍ നവംബര്‍ 30 വരെയാണ് ആപ്പ്സ്ഫളയര്‍ ഇന്ത്യയില്‍ പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 7.3 ബില്യണ്‍ ഇന്‍സ്റ്റാളുകള്‍ കമ്പനി നിരീക്ഷിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ദേശീയസുരക്ഷ കണക്കിലെടുത്ത് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ടിക്ക് ടോക്ക്, പബ്ജി, വി ചാറ്റ്, ഷെയര്‍ ചാറ്റ്, യു.സി ബ്രൗസര്‍ തുടങ്ങി 267 ചൈനീസ് ആപ്പുകള്‍ ഇതുവരെ നിരോധിച്ചത്. കോടിക്കണക്കിനു ആളുകളാണ് രാജ്യത്ത് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിരുന്നത്്. ചൈനീസ് കമ്പനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുണ്ടായിരുന്നത്. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരായിരുന്നു. ഇരുനൂറു കോടി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ടിക് ടോക്കിന്റെ ഏതാണ്ട് നാലിലൊന്ന് ഉപഭോക്താക്കളും ഇന്ത്യയില്‍ ആയിരുന്നു. പബ്ജിക്ക് മൂന്നു കോടിയിലധികം സ്ഥിരം കളിക്കാര്‍ ഉണ്ടായിരുന്നു. നിരോധിക്കപ്പെട്ട ആപ്പുകളില്‍ ചൈനയിലെ റീട്ടെയില്‍ ഭീമനായ അലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 2020 ജൂണില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബറില്‍ 118 എണ്ണം കൂടി ഉള്‍പ്പെടുത്തി. സെപ്തംബര്‍ അവസാനത്തോടെ 43 ആപ്ലിക്കേഷനുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി.