ഐ ലീഗ് കിരീടം കേരള മണ്ണില്‍ എത്തിച്ചതോടെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കിയത് ചരിത്ര നേട്ടം. കോഴിക്കോടിന്റെ മണ്ണില്‍ പിറവികൊണ്ട ഗോകുലം കേരള എഫ് സിയാണ് കൊല്‍ക്കത്തന്‍ മണ്ണില്‍ വീരചരിതം കുറിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ് ദേശീയ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കളാകുന്നത്. മണിപ്പൂരില്‍ നിന്നുള്ള ട്രാവു എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം എഫ്.സി ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്. ഈ ജയത്തോടെ എ.എഫ്.സി കപ്പിനും ഗോകുലം യോഗ്യത നേടി. കേരള പൊലീസിനും ടൈറ്റാനിയത്തിനും എഫ്.സി കൊച്ചിനും വിവാ കേരളയ്ക്കും സാധിക്കാത്ത് ഗോകുലത്തിലൂടെ കേരളം നേടിയെടുക്കുകയായിരുന്നു. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 29 പോയിന്റോടെ ഗോകുലം ചാമ്പ്യന്‍മാരായപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഗോകുലത്തിന്റെ ക്യാപ്റ്റന്‍ ഡെന്നീസ് അഗ്വേരയാണ് ലീഗിലെ ടോപ് സ്‌കോറര്‍. ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ മലയാളത്തിന്റെ കൊമ്പന്‍മാരായ കേരളബ്ലാസ്റ്റേഴ്‌സ് എഫ്.സി പ്ലേ ഓഫ് കാണാതെ പുറത്തു പോയിരുന്നു. അതിന്റെ മുറിവ് ഉണങ്ങും മുമ്പ് മലബാറിന്‍സ് എന്ന് വിളിപ്പേരുള്ള ഗോകുലം സ്വന്തമാക്കിയ കിരീടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമാണ്.
പിറവികൊണ്ട നാലാം വര്‍ഷമാണ് ഗോകുലം ചാമ്പ്യന്‍ ടീമാകുന്നത്. മലബാര്‍ കേന്ദ്രീകരിച്ച് ശ്രീഗോകുലം ഗ്രൂപ്പിനു കീഴില്‍ 2017ലാണ് ടീം രൂപീകരിച്ചത്. ഐ ലീഗിലേക്കായിരുന്നു ആദ്യമേ കണ്ണ്. നിലവില്‍ ടെക്നിക്കല്‍ ഡയറക്ടറായ ബിനോ ജോര്‍ജായിരുന്നു പരിശീലകന്‍. സുശാന്ത് മാത്യു ഉള്‍പ്പെടെ ഒരുപിടി മികച്ച ഇന്ത്യന്‍ താരങ്ങളും. 2018ല്‍ കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് ഐ ലീഗില്‍ അരങ്ങേറിയത്. ആദ്യ സീസണ്‍ ഗംഭീരമാക്കി. കൊല്‍ക്കത്തന്‍ പ്രതാപികളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നിവരെ കീഴടക്കി ‘ജയന്റ് കില്ലേഴ്സ്’ എന്ന വിളിപ്പേര് നേടി. മുന്നേറ്റക്കാരന്‍ ഹെന്റി കിസേക്കയായിരുന്നു കരുത്തന്‍. ഏഴാമതായാണ് അവസാനിപ്പിച്ചത്. തൊട്ടടുത്ത സീസണില്‍ സ്പാനിഷുകാരന്‍ സാന്റിയാഗോ വരേല പരിശീലകനായി എത്തി. എന്നാല്‍ ഭാഷാവിനിമയത്തിലെ ആശയക്കുഴപ്പം തിരിച്ചടിയായി. വീണ്ടും ബിനോ പരിശീലകനായി. ലീഗില്‍ പത്താം സ്ഥാനത്തേക്ക് വീണു. പോയവര്‍ഷം വരേല തിരിച്ചുവന്നു. മുന്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ മുന്നേറ്റക്കാരന്‍ മാര്‍കസ് ജോസഫായിരുന്നു ടീമിന്റെ കുന്തമുന. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ടൂര്‍ണമെന്റായ ഡ്യുറന്‍ഡ് കപ്പ് സ്വന്തമാക്കിയാണ് സീസണ്‍ ആരംഭിച്ചത്. ബംഗ്ലാദേശില്‍ നടന്ന ഷെയ്ഖ് കമാല്‍ രാജ്യാന്തര ടൂര്‍ണമെന്റില്‍ സെമിവരെ മുന്നേറി.
കേരളത്തിന്റെ കിരീടങ്ങള്‍
ഐ ലീഗ് കിരീടം ആദ്യമായാണ് ദൈവത്തിന്റെ നാട്ടില്‍ എത്തിയതെങ്കില്‍ ഫെഡറേഷന്‍ കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1990ലും 1991ലുമാണ് കേരള പൊലീസ് ഫെഡറേഷന്‍ കപ്പ് വിജയിച്ചത്. 1990ല്‍ കേരള പൊലീസ് സാല്‍ക്കഗോറിനെ കീഴടക്കി ആദ്യമായി ഫെഡറേഷന്‍ കപ്പ് കേരളത്തിലെത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം.തൊട്ടടുത്ത വര്‍ഷം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയായിരുന്നു കേരള പൊലീസിന്റെ എതിരാളികള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള പൊലീസ് അവരെ തോല്‍പ്പിച്ചത്. അതിനുശേഷം ഒരു ടീമിനും കേരളത്തിലേക്ക് ഫെഡറേഷന്‍ കപ്പ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കേരള ഫുട്ബോള്‍ ടീം ആറുതവണ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. 1973-74 സീസണിലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. എറണാകുളത്തുവെച്ചു നടന്ന മത്സരത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ടീം കിരീടം നേടിയത്. പിന്നീട് 1991-92 സീസണിലാണ് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയത് അന്ന് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഗോവയെയാണ് കേരളം കീഴടക്കിയത്. അതിനടുത്ത സീസണിലും കേരളം തന്നെയായിരുന്നു കിരീടജേതാക്കള്‍. അന്ന് മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടീം വിജയിച്ചത്. അതിനുശേഷം കിരീടം നേടാന്‍ കേരളത്തിന് വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 2001-02 സീസണില്‍ കേരളം നാലാം സന്തോഷ് ട്രോഫി കിരീടം നേടി. ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് വിജയം നേടിയത്. ഒരു സീസണിനുശേഷം 2004-05 സീസണില്‍ കേരളം പഞ്ചാബിനെ 3-2 ന് കീഴടക്കി അഞ്ചാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി പിന്നീട് 2017-18 സീസണിലാണ് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ അവസാനമായി മുത്തമിട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് വെസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരളം ആറാം സന്തോഷ് ട്രോഫി കിരീടം നേടി. ഡ്യൂറന്റ് കപ്പ് രണ്ട് തവണ കേരളത്തിലെത്തിയിട്ടുണ്ട്. 1997-ലാണ് ആദ്യമായി കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് എത്തുന്നത്. അന്ന് എഫ്.സി കൊച്ചിനാണ് ആദ്യമായി കേരളത്തിനുവേണ്ടി ഡ്യൂറന്റ് കപ്പ് കിരീടമുയര്‍ത്തിയത്. 2019-ല്‍ ഗോകുലം കേരള എഫ്.സി തന്നെയാണ് കേരളത്തിലേക്ക് ഡ്യൂറന്റ് കപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊണ്ടുവന്നത്.