മലയാള സിനിമയില്‍ നിത്യഹരിത പ്രണയനായകന്‍ എന്ന വിശേഷണത്തിന് അന്നുമിന്നും ഒരേയൊരു ഉടമസ്ഥനേയുള്ളൂ. സാക്ഷാല്‍ പ്രേംനസീര്‍ മാത്രം ! ഓര്‍മ്മയുടെ റീലുകളില്‍ നസീര്‍ കുസൃതിക്കണ്ണിറുക്കി ചിരിക്കുന്നു, പ്രണയിക്കുന്നു, പ്രകോപിതനാകുന്നു, എതിരാളികളെ മെയ്ക്കരുത്തില്‍ നിലംപരിശാക്കുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കും സിനിമാസ്‌കോപ്പിലേക്കും വളര്‍ന്ന സിനിമയുടെ സാങ്കേതികയ്ക്കൊപ്പം പ്രണയവാഹിയായ ഒരു കാലമായി നസീറെന്ന പ്രതിഭാസവും മലയാളസിനിമയ്ക്കൊപ്പം നിത്യഹരിതമായി നിലകൊണ്ടു. മരുമകള്‍, മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളില്‍ നായകന്‍, മലയാളത്തില്‍ മാത്രം 672 എണ്ണം, 56 തമിഴ് സിനിമകള്‍, 21 തെലുങ്ക് സിനിമകള്‍, 32 കന്നഡ സിനിമകള്‍… മിസ് കുമാരി മുതല്‍ അംബിക വരെ എണ്‍പതിലധികം നായികമാര്‍. ഷീല എന്ന ഒറ്റ നായികയ്‌ക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍. പ്രണയത്തിന്റെ നിത്യഹരിത പുഷ്പം ഈ മണ്ണില്‍ വിരിഞ്ഞിട്ട് 95 വര്‍ഷമാകുന്നു. പ്രേംനസീര്‍ മലയാള സിനിമയുടെ ഒരു ശീലമായിരുന്നു.
കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും പ്രണയഭാവം ആ പാദചൂഡം നിറഞ്ഞു നിന്നനായകനായും അദ്ദേഹം പ്രേക്ഷക മനസുകള്‍ കീഴടക്കി. മണ്‍മറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും മാറ്റിയെടുക്കേണ്ടെന്ന് നമ്മള്‍ നിര്‍ബന്ധിച്ചുറപ്പിച്ച ഒരു ശീലം. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഭിനേതാവല്ലായിരുന്നു പ്രേം നസീര്‍. സ്വന്തം അഭിനയ ശരീരത്തിന്റെ കുറവുകളെപ്പറ്റി അദ്ദേഹം ബോധവാനുമായിരുന്നു. പക്ഷേ മലയാളിയുടെ നോട്ടത്തെയും ഭാവത്തെയും വേഷത്തെയും പെരുമാറ്റത്തെയും ശരീരഭാഷയെയും കാഴ്ച്ചപ്പാടിനെയും വരെ സ്വാധീനിച്ച ചലച്ചിത്രസാന്നിദ്ധ്യമായി അദ്ദേഹം നിലകൊണ്ടു.
തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനാണ് അബ്ദുള്‍ ഖാദിര്‍ എന്ന പ്രേം നസീര്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്‌കൂള്‍, ശ്രീ ചിത്തിരവിലാസം സ്‌കൂള്‍, എസ്.ബി കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീര്‍ന്നിരുന്നു. 1952ല്‍ മരുമകള്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ പ്രേം നസീര്‍ വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിലെ മുന്‍നിര നായകനടന്‍മാരില്‍ ഒരാളായി ഉയര്‍ന്നത്. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അബ്ദുള്‍ ഖാദറിനെ പ്രേം നസീറാക്കുന്നത്. ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, ധ്വനി, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് 1950കളിലാണ് താര പരിവേഷത്തിലേക്കുള്ള നസീറിന്റെ ഉയര്‍ച്ച 1967ല്‍ പുറത്തിറങ്ങിയ എം. ടി വാസുദേവന്‍നായരുടെ ഇരുട്ടിന്റെ ആത്മാവിലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീര്‍ നായകനായി 39 സിനിമകളാണ് പുറത്തിറങ്ങിയത്. അക്കാലത്തെ നസീറിന്റെ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്ത് പകരം വക്കാനില്ലാത്ത സൂപ്പര്‍ താരമായിരുന്നു നസീര്‍. അല്‍പം അതിഭാവുകത്വമുള്ള പ്രണയഭാവങ്ങളെ പോലും നെഞ്ചേറ്റിയിരുന്ന ആരാധകരാണ് നസീറിനെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറാക്കിയത് എണ്‍പതുകളുടെ അവസാനത്തില്‍ ഇറങ്ങിയ സിനിമകളില്‍ നായകന്‍ അച്ഛനും ജ്യേഷ്ഠനുമൊക്കയായി മാറിയെങ്കിലും കൈയേറ്റിയ കാമുകഭാവം പ്രേം നസീര്‍ അതിലും കൈ വെടിഞ്ഞില്ല നമുക്ക് മറക്കാനാകാത്ത ഒട്ടുമിക്ക പാട്ടുകള്‍ക്കും തിരശീലയില്‍ ചുണ്ടനക്കിയത് പ്രേംനസീറായിരുന്നു. യേശുദാസും ജയചന്ദ്രനും പ്രേംനസീറിലൂടെ പാടിയപ്പോള്‍ തിയേറ്ററില്‍ കാറ്റിനു കസ്തൂരി മണത്തു. രാജീവനയനകള്‍ ആയിരം ചുംബനസ്മൃതിസുമങ്ങള്‍ ഏറ്റുറങ്ങി. തലമുറകളുടെ പ്രണയസങ്കല്‍പ്പങ്ങളെ നസീര്‍ അത്രയ്ക്കും ആഴത്തില്‍ സ്വാധീനിച്ചു.
വെള്ളിത്തിരയിലെ മിന്നും താരം എന്നതിലുപരി പച്ചയായ മനുഷ്യന്‍ കൂടിയായിരുന്നു പ്രേംനസീര്‍. സത്യന്‍, ജയന്‍, മധു, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, തിക്കുറിശ്ശി, ഉമ്മര്‍,അടൂര്‍ ഭാസി തുടങ്ങിയ നിരവധി സഹപ്രവര്‍ത്തകരോട് നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. 36 കൊല്ലമാണ് എതിരില്ലാതെ അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നത്. അറുപത്തി മൂന്നാമത്തെ വയസിലും ചുറുചുറുക്കുളള നടനായി പ്രേംനസീര്‍ വെള്ളിത്തിരയില്‍ തിളങ്ങിനിന്നു. ഷീല കഴിഞ്ഞാല്‍ നസീറിനൊപ്പം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത് ജയഭാരതി ആയിരുന്നു. ഇരുട്ടിന്റെ ആത്മാവ്, പരീക്ഷ, സി.ഐ.ഡി, ഭാര്‍ഗവി നിലയം, ഓടയില്‍നിന്നും, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക മനസുകളില്‍നിന്നും ഇന്നും മായാതെ കിടക്കുന്ന പ്രേംനസീറീന്റെ സിനിമകളാണ്. പ്രേംനസീറിന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു യേശുദാസിന്റെ ശബ്ദത്തിലുളള പാട്ടുകള്‍. നസീര്‍ പാടി അഭിനയിക്കുമ്പോള്‍ പാട്ടിലേക്ക് അദ്ദേഹം ഇഴുകിയിറങ്ങിച്ചെന്നിരുന്നു. പ്രേംനസീറിന്റെ മിക്ക സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂം ഗാനഗന്ധര്‍വന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. 1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1989 ജനുവരി 16 നാണ് പ്രേം നസീര്‍ ഓര്‍മയുടെ തിരശീലയ്ക്കു പിന്നിലേക്കു മടങ്ങിയത്.