ചില കഥകള്‍ കെട്ടുകഥകളെക്കാള്‍ വിചിത്രമാണ് നാം അത് അടുത്തറിയും വരെ മാത്രം. ഇറ്റലിയിലെ റെനാസോ ഗ്രാമത്തില്‍ ലംബോര്‍ഗിനി എന്നൊരു കര്‍ഷകനുണ്ടായിരുന്നു. മുന്തിരിത്തോട്ടത്തില്‍ മകനൊപ്പം എല്ലുമുറിയെ പണിയെടുത്താണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്.അന്നന്നത്തെ ആഹാരത്തിനായി അവര്‍ കഠിനാധ്വാനം ചെയ്യുമ്പോഴും ഫെറൂസിയ ലംബോര്‍ഗിനി എന്ന മകന്റെയുള്ളില്‍ വാഹനങ്ങളോടുള്ള അടങ്ങാത്ത പ്രേമമായിരുന്നു. വിചിത്രമാണ് ലംബോര്‍ഗിനി എന്ന അഢംബര കാറിന്റെ ചരിത്രവും ഫെറൂസിയ ലംബോര്‍ഗിനി എന്ന മനുഷ്യന്റെ ജീവിതവും. ഒരു മധുര പ്രതികാരമാണ് ലംബോര്‍ഗിനി എന്ന ലോകത്തിലെ ഏറ്റവും വലിയ ആഢംബര കാറിന്റെ പിറവിയ്ക്ക് കാരണം. സാധാരണക്കാരന്‍ കണ്ടുപിടിച്ച കാര്‍ സമ്പന്നരുടെ പ്രൗഢിയുടെ അടയാളമായതിന് പിന്നില്‍ വിസ്മയകരമായൊരു കഥയുണ്ട്.
അച്ഛനൊപ്പം തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴും കുഞ്ഞു ഫെറൂസിയ ലംബോര്‍ഗിനിയുടെ നോട്ടം പണിക്കായി കൊണ്ടു വന്ന ട്രാക്ടറുകളിലായിരുന്നു. അവ കേടാവുമ്പോള്‍ നന്നാക്കുന്നതില്‍ അവന്‍ ശ്രദ്ധ പുലര്‍ത്തി. ഒരിക്കല്‍ കേടായ ഒരു ട്രാക്ടര്‍ ഒറ്റക്ക് നന്നാക്കിയതയോടെ ഫെറൂസിയയുടെ അഭിരുചി മെക്കാനിക്‌സില്‍ ആണെന്നും അവനെ അത് തന്നെ പഠിപ്പിക്കണമെന്നും ആ പിതാവ് തീരുമാനിച്ചു. കാലം കടന്നു പോയി, രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഫെറൂസിയ ലംബോര്‍ഗിനി നിര്‍ബന്ധിത സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ തടവുപുള്ളിയായ ആ നാളുകള്‍ ഏറെ ദുഷ്‌ക്കരമായിരുന്നെങ്കിലും മോട്ടോര്‍ വാഹനങ്ങളെയും യുദ്ധവാഹനങ്ങളുടെ യന്ത്രങ്ങളെയും പറ്റി കൂടുതല്‍ മനസിലാക്കാനും അടുത്തറിയാനും ഫെറൂസിയ ലംബോര്‍ഗിനിക്കായി. യുദ്ധം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഫെറൂസിയ ലംബോര്‍ഗിനി വിവാഹം കഴിച്ച് ട്രാക്ടറുകള്‍ നന്നാക്കുന്ന ജോലികള്‍ ചെയ്യാന്‍ തുടങ്ങി. താമസിയാതെ നല്ല മെക്കാനിക്കായി ഫെറൂസിയ അറിയപ്പെടാന്‍ തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ട് പോകവേ അദ്ദേഹത്തിന്റെ ഭാര്യ സെലീന അകാലത്തില്‍ മരണപ്പെട്ടു. വിഷാദത്തിന്റെയും നിരാശയുടെയും നാളുകളില്‍ ജീവിതം അവസാനിച്ചതായി ഫെറൂസിയ കരുതി. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മനസില്‍ ഒരാഗ്രഹം തോന്നുന്നത്. എന്തുകൊണ്ട് തനിക്കൊരു ട്രാക്ടര്‍ കമ്പനി തുങ്ങിക്കൂട എന്ന ചിന്ത വല്ലാതെ അലട്ടി. പിന്നെ ഒട്ടും സമയം കളഞ്ഞില്ല, അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തനിയെ ട്രാക്ടര്‍ നിര്‍മ്മിച്ചു തുടങ്ങിയ അദ്ദേഹം അതിനായി ഉപയോഗിച്ചത് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്രഭാഗങ്ങളായിരുന്നു.
ലംബോര്‍ഗിനി ട്രാക്ടര്‍ എന്ന പേരില്‍ ഇറങ്ങിയ ആ ട്രാക്ടറുകള്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവയ്ച്ചു. കൂടാതെ നല്ല വിലക്കുറവും ഉണ്ടായിരുന്നു.ആവശ്യക്കാര്‍ ഏറിയതോടെ ലംബോര്‍ഗിനി ട്രാക്ടര്‍ ഒരു വിജയ സംരംഭമായി. വൈകാതെ വാഹന പ്രേമിയായിരുന്ന ഫെറൂസിയ ലംബോര്‍ഗിനി താന്‍ സ്വരുക്കൂട്ടി വയ്ച്ച മുഴുവന്‍ പണവും എടുത്ത് അന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ഫെറാറി സ്വന്തമാക്കി. കുറച്ചുകാലം ഉപയോഗിച്ചപ്പോഴാണ് ഫെറാരിയുടെ ക്ലച്ചിന് ഇടയ്ക്കിടെ തകരാറുകള്‍ ഉണ്ടാകുന്നത് ഫെറൂസിയ ശ്രദ്ധിച്ചത്. അത് പരിഹരിക്കാനായി കാര്‍ ഇടയ്ക്കിടെ സര്‍വീസിന് കയറ്റേണ്ടിയും വന്നു. സര്‍വീസ് നടത്തുന്ന ഉദ്യോഗസ്ഥനോട് പലപ്പോഴും ഫെറൂസിയ ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഫെറാരിയുടെ ഉപജ്ഞാതാവായ സാക്ഷാല്‍ എന്‍സോ ഫെരാരിയെ കാണാന്‍ ഫെറൂസിയ ലംബോര്‍ഗിനിക്ക് അവസരം ലഭിച്ചു. ഫെറൂസിയ എന്‍സോയോട് പറഞ്ഞു ‘സര്‍, നിങ്ങളുടെ കാറിന്റെ വലിയ ഒരു ആരാധകനാണ് ഞാന്‍ , ലോകത്തിലെ ഏറ്റവും മികച്ച കാറുകളും ഫെരാരിയുടേതാണ്. പക്ഷെ ഫെരാരി കാറുകളുടെ ക്ലച്ചിന് ചെറിയ ഒരു പോരായ്മയുണ്ട്. അതുകൂടി പരിഹരിക്കുകയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാര്‍ എന്ന ഖ്യാതി ഫെരാരിക്ക് ഊട്ടിയുറപ്പിക്കാനാകും ‘ അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ഫെറൂസിയ നല്‍കിയ ആ ഉപദേശം പക്ഷെ എന്‍സോ ഫെരാരിയെ രോഷാകുലനാക്കി. താനാണോ ഞങ്ങളെ ഉപദേശിക്കാനും, തിരുത്താനും വന്നിരിക്കുന്നത് ? ഇറ്റലിയിലെ ഒരു കുഗ്രാമത്തിലെ വെറുമൊരു ട്രാക്റ്റര്‍ മെക്കാനിക് ആയ താന്‍ എവിടെ കിടക്കുന്നു ? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി എവിടെ കിടക്കുന്നു ? മേലില്‍ ഇത് ആവര്‍ത്തിക്കരുത്, തനിക്ക് പോകാം മറുപടി കേട്ട് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇളിഭ്യനായി ഫെറൂസിയ അവിടെ നിന്നും ഇറങ്ങി. അപമാനം നെഞ്ചില്‍ ഒരു കനലായി എറിഞ്ഞു. അവിടെ വച്ച് ഫെറൂസിയ ഒരു തീരുമാനമെടുത്തു. ‘ ഒരുനാള്‍ ഫെരാരിയെക്കാള്‍ മികച്ച കാര്‍ നിര്‍മ്മിക്കും. ഞാന്‍ ഇന്നുമുതല്‍ പ്രയത്‌നം തുടങ്ങുന്നു. ലോകത്തിലെ ഏറ്റവും നല്ലകാര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി തുടങ്ങി അതു വഴി തന്നെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കണം ‘.
ഫെറൂസിയയുടെ മനസില്‍ പ്രതികാരത്തിന്റെ കനലുകള്‍ ആളാന്‍ തുടങ്ങി. ആ പ്രതിജ്ഞക്ക് ഒരു പര്‍വതത്തിന്റെ ഉറപ്പുണ്ടായിരുന്നു. ഫെറൂസിയ പ്രയത്‌നം തുടങ്ങി തന്റെ എല്ലാ സ്വത്തുക്കളും അതിനായി വിറ്റു പെറുക്കി രാപ്പകളില്ലാത്ത അധ്വാനിച്ചു. 1963 ഒക്ടോബറില്‍ ടൂറിന്‍ മോട്ടോര്‍ ഷോയില്‍ ലോകം അന്നുവരെ കാണാത്തത്ര അഴകിലും വേഗതയിലും ആഢംബരത്തിലും ഉറപ്പിലും ആര്‍ക്കും കിടപിടിക്കാന്‍ കഴിയാത്ത ഒരു സ്‌പോര്‍ട്‌സ് കാര്‍ വിസ്മയമായി. ആ വാഹനമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ആദ്യമായി നിര്‍മ്മിച്ച കാര്‍. ലംബോര്‍ഗിനി 350 ജി.ടി കാറിന്റെ സവിശേഷത കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. 350 കുതിരശക്തിയും വി 12 എഞ്ചിനും ആയിരുന്നു കാറിന്റെ പ്രധാന സവിശേഷത. ആഢംബരകാര്‍ പ്രേമികളായ സമ്പന്നര്‍ ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ലംബോര്‍ഗിനിക്ക് വേണ്ടി ബുക്ക് ചെയ്ത് കാത്തിരുന്നു. ഫെറാരിയുമായുള്ള ഫെറൂസിയ ലംബോര്‍ഗിയുടെമധുര പ്രതികാരം സാക്ഷാത്കരിക്കുകയായിരുന്നു ഇവിടെ.
1964ല്‍ മാത്രം 13 ആഢംബര സ്‌പോര്‍ട്‌സ് കാറുകളാണ് ലംബോര്‍ഗി വിറ്റഴിച്ചത്. ഇതോടെ ഫെരാരിയെ അട്ടിമറിക്കാന്‍ ലംബോര്‍ഗിനിയ്ക്ക് അധിക കാലം വേണ്ടി വന്നില്ല. 350ജി.ടി.വിയ്ക്ക് ശേഷം വന്ന 400ജി.ടി, 400ജി.ടി 2+2 എന്നി കാറുകളിലൂടെ ലംബോര്‍ഗിനി ലോകപ്രസിദ്ധമായി. എന്നാല്‍ ലംബോര്‍ഗിനി എന്ന നാമം മഹത്തരമാക്കിയത് 1965ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മിയൂറ ആയിരുന്നു. മത്സരകാറുകളില്‍ മാത്രം കണ്ടുവന്നിരുന്ന രീതിയില്‍ എഞ്ചിന്‍ സ്ഥാപിക്കപ്പെട്ടത് ആദ്യമായിട്ട് ഈ കാറിലായിരുന്നു.
ലംബോര്‍ഗിനിയുടെ വിപ്ലവകരമായ കാര്‍ എന്നറിയപ്പെടുന്നതാണ് എല്‍.പി 400 കോണ്ടാക്. ആദ്യമായി മുകളിലേക്കുതുറക്കുന്ന വാതിലുകളോട് കൂടിയ ഈ കാര്‍ ഇന്നും ഒരു അത്ഭുത ഡിസൈനായി വിലയിരുത്തപ്പെടുന്നു. ഇവ കൂടാതെ ഗലാര്‍ഡോ, മഴ്‌സിലാഗോ, എസ്പാഡ, അതിവേഗ കാര്‍ ഡയാബ്ലോ, റെവന്‍ടണ്‍, അവന്റഡോര്‍ എന്നിവയും ലംബോര്‍ഗിനിയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചു. കറുത്ത പ്രതലത്തില്‍ സ്വര്‍ണാക്ഷരങ്ങളില്‍ ലംബോര്‍ഗിനി എന്ന പേരും സ്വര്‍ണനിറത്തിലുള്ള പോരു കാളയുടെ ചിത്രവുമാണ് ലംബോര്‍ഗിനിയുടെ ലോഗോ. ഫെറൂസിയോ ലംബോര്‍ഗിനിയുടെ രാശിചിഹ്നമായ ടോറസില്‍ നിന്നാണ് കാളയെ എടുത്തിരിക്കുന്നത്. ലോഗോയിലെ സ്വര്‍ണനിറം ശ്രേഷ്ഠതയെയും പാരമ്പര്യത്തെയും കറുപ്പുനിറം ശക്തി, സമ്പൂര്‍ണത, അന്തസ്, അഴക് എന്നിവയെയും സൂചിപ്പിക്കുന്നു. പത്ത് കൊല്ലം ഫൊരാരിയോട് കിടപിടിച്ച് ലോകത്തെ മുന്‍നിര ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയ്ക്ക് 1973ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നു വന്ന പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമവും തിരിച്ചടിയായി. തുടര്‍ന്ന് ഫെറൂസിയ കമ്പനിയുടെ ഉടമസ്ഥാവകാശം ജോര്‍ജ്‌സ് ഹെന്റി റൊസേറ്റി & റെനെ ലീമര്‍ കമ്പനിയ്ക്ക് കൈമാറി. പിന്നീട് 1980കളില്‍ ജീന്‍ ക്ലോഡ്-പാട്രിക്മിംറാന്‍ എന്നിവരുടെ കൈകളിലെത്തി. ഇതിനിടെ ക്രിസ്റ്റ്‌ലര്‍ കോര്‍പറേഷനിലൂടെ ഉടമസ്ഥത കൈമാറി 1998ല്‍ ഫോക്‌സ്‌വാഗന്റെ ഉടമസ്ഥതയിലെത്തി. ഇറ്റലിയിലെ ബൊളോണ ആണ് ലംബോര്‍ഗിനിയുടെ ആസ്ഥാനം. സമ്പന്നതയില്‍ നില്‍ക്കുമ്പോഴും ഫെറൂസിയ ലംബോര്‍ഗിനി തന്റെ നാട്ടില്‍ വന്ന് കര്‍ഷകനായി തന്നെ ജീവിച്ചു.