കാറ്റും മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മനുഷ്യന്‍ ആദ്യം കണ്ടെത്തിയ വാസസ്ഥലം ഗുഹകളായിരുന്നു. ആകാശത്തിനു കീഴെ അവന്‍ ആദ്യമായി കണ്ടെത്തിയ മേല്‍ക്കൂര പാറകളും. കാലത്തിനും ചിന്തഗതികള്‍ക്കുമനുസരിച്ച് വാസസ്ഥലങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. എങ്കിലും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മനുഷ്യവംശം പിന്നിട്ട പാതയിലെ അടയാളങ്ങള്‍ ഇന്നും അവശേഷിക്കുന്നു. സ്‌പെയിനിലുള്ള കാഡിസ് പ്രവിശ്യയിലെ സെറ്റനില്‍ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമം വിസ്മയങ്ങളുടെ കൂടാരമാണ് തുറക്കുന്നത്. അവിടുത്തെ വീടുകളുയെല്ലാം മേല്‍ക്കൂര വലിയൊരു പാറയാണ് !! ഒരു പര്‍വത ഗ്രാമമായ ഇവിടെയുള്ള ജനത മലകളെ നശിപ്പിക്കാതെ സ്വയം ഗുഹകളില്‍ താമസിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കാണുന്ന വീടുകള്‍ രൂപപ്പെട്ടത്. വെള്ളനിറത്തിലുള്ള ധാരാളം വീടുകള്‍ മേല്‍ക്കൂരയ്ക്ക് പകരം വലിയ ഒരു പാറയുടെ അടിയിലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി ഇവിടെ എത്തുന്നവര്‍ക്ക് തോന്നുന്നത് തങ്ങളുടെ മുകളില്‍ വലിയൊരു പാറക്കല്ല് തൂങ്ങി നില്‍ക്കുന്നതായിരിക്കും. അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൂര്‍ ജനതയിലെ ഒരു വിഭാഗം ഇവിടെ വാസമുറപ്പിച്ചു എന്നാണ് ചരിത്രം പറയുന്നത്. മധ്യകാലഘട്ടത്തില്‍ ഐബീരിയന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ച അറബ് വംശജരുടെ പിന്‍ഗാമികളാണ് ഇവര്‍.
വളരെയധികം വിശാലമായ ഗുഹകളെ തങ്ങളുടെ താമസത്തിന് അനുയോജ്യമായ വിധത്തില്‍ അവര്‍ മാറ്റി എടുത്തിരിക്കുന്നു. വലിയ പാറക്കെട്ടുകളോടു ചേര്‍ന്നു നിര്‍മിച്ച വാസസ്ഥാനങ്ങളും കരിങ്കല്‍ വിടവുകളിലൂടെയുള്ള തെരുവുകളും ഏത് നിമിഷവും താഴേക്കു പതിക്കും എന്ന നിലയില്‍ തലയ്ക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്ന കല്ലുകളും ഒക്കെ നിറഞ്ഞ ഈ ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും. സ്‌പെയിനിലുള്ള ആന്റലൂഷ്യ പ്രവിശ്യയിലെ വെളുത്ത ഗ്രാമങ്ങളില്‍ വളരെ ഏറെ സവിശേഷതകളുള്ള ഒന്നാണ് സെറ്റനില്‍ ഡി ലാസ് ബോഡിഗസ്. ഒലിവും ആല്‍മണ്ടും മുന്തിരിയും കൃഷി ചെയ്യുന്ന തോട്ടങ്ങളാല്‍ സമൃദ്ധമാണ് ഈ പ്രദേശം. 2005ലെ സെന്‍സസ് അനുസരിച്ച് 3000ത്തോളം ആളുകളാണ് ഈ ടൂറിസത്തിന് പ്രസിദ്ധമായ ഇവിടെ താമസിക്കുന്നത്.
ഒരുകാലത്ത് വൈന്‍ നിര്‍മ്മാണത്തിന്റെ പേരിലായിരുന്നു ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഭൂരിഭാഗം ബാറുകളും പ്രവര്‍ത്തിക്കുന്നത് ടെറസുകളുടെ മുകളിലാണ്. സ്പാനിഷ് പ്രവശ്യയായ റോണ്ടയുടെ വടക്കുപടിഞ്ഞാറായി റിയോ ട്രെജോയില്‍ മൂരിഷ് പട്ടണത്തില്‍ നിന്നാണ് ആധുനിക സെറ്റെനില്‍ വികസിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി അല്‍മോഹദ് കാലഘട്ടത്തില്‍ ഇവിടെ മനുഷ്യവാസമുണ്ടായതായി പറയപ്പെടുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ റോമന്‍ ആക്രമണ സമയത്ത് ഈ പ്രദേശം അവര്‍ കൈവശപ്പെടുത്തിയിരുന്നു. റോമന്‍ പട്ടണമായ ലാസിപോയുടെ പിന്‍ഗാമിയാണെന്ന് സെറ്റനില്‍ എന്ന് ഒരിക്കല്‍ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ലാസിപോ മലാഗയിലെ കാസറസ് പട്ടണമായി മാറി. റോണ്ടയുടെ പടിഞ്ഞാറ് ക്യൂവ ഡി ലാ പിലേറ്റ പോലുള്ള 25000 വര്‍ഷത്തിലേറെ പഴക്കമുള്ള ഗുഹാ വാസസ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആധുനിക സെറ്റെനില്‍ ആരംഭിക്കുന്നത് 1484 മുതലാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ ഒലിവ്, ബദാം തോട്ടങ്ങള്‍ പരിപാലിക്കുന്നതിനൊപ്പം മുന്തിരിത്തോട്ടങ്ങളും നിര്‍മ്മിച്ചു. സെറ്റനിലിലെ കുന്നുകളിലും മേല്‍ക്കൂരകളിലും ഇവ ഇന്നും തഴച്ചുവളരുന്നു. 1860കളിലെ ഫൈലോക്‌സെറ കീടബാധ ആക്രമണത്തില്‍ പലമുന്തിരിത്തോട്ടങ്ങളും നശിച്ചു. ഇത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെ മുന്തിരിവള്ളികളെയും ബാധിച്ചിട്ടുണ്ട്. സെറ്റനില്‍ മാംസ്യ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ചോറിസോ, സോസേജ്, സെര്‍ഡോ, പന്നിയിറച്ചി എന്നിവയ്ക്ക് പ്രശസ്തി നേടി. റോണ്ടയ്ക്കും മറ്റ് പ്രാദേശിക പട്ടണങ്ങള്‍ക്കും മാംസ്യവും ധാരാളം പഴങ്ങളും പച്ചക്കറികളും സെറ്റനില്‍ ഡി ലാസ് ബോഡിഗസ് നല്‍കുന്നു. മൂറിഷ് കോട്ട, വെസ്റ്റീഷ്യന്‍ ടവര്‍, എന്‍കാര്‍നാസിയന്റെ സമീപത്തെ പുരാതന പള്ളി എന്നു തുടങ്ങിയ വിസ്മയകാഴ്ചകളുടെ പറുദീസ തന്നെയാണ് പാറമേല്‍ക്കൂര മേഞ്ഞ ഈ പ്രദേശം.