ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിലെ ഏറ്റവും പഴക്കമുള്ള ടീമുകളിലൊന്നാണ് റെഡ് സ്റ്റാര്‍ എഫ്.സി.ഫുട്‌ബോളിന്റെ ശൈശവദശയില്‍ യൂള്‍ റിമെ എന്ന ഇരുപത്തിനാലുകാരാന്‍ സ്ഥാപിച്ചതാണിത്. 1897ല്‍ ക്ലബ്ബ് രൂപീകരിക്കുമ്പോഴേയ്ക്കും അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ സജീവമല്ലായിരുന്നു. ആധുനിക ഒളിമ്പിക്‌സിന് ഏതന്‍സില്‍ തുടക്കമായിട്ടേയുള്ളൂ. എന്നാല്‍ ഫുട്‌ബോള്‍ ലോകമാകെ പടര്‍ന്നു പന്തലിക്കുന്നത് യൂള്‍ റിമെ എന്ന യുവാവ് സ്വപ്‌നം കണ്ടു. അതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. 1919ല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രൂപീകരിച്ച് നാല്‍പ്പത്തിയാറാമത്തെ വയസില്‍ അദ്ദേഹം പ്രഥമ പ്രസിഡന്റായി. അന്നു മുതല്‍ മനസില്‍ സൂക്ഷിച്ച വലിയ ആഗ്രഹമായിരുന്നു ലോകത്ത് ഫുട്ബോള്‍ കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂര്‍ണമെന്റ് നടത്തുക എന്നുള്ളത്. ഒളിമ്പിക്‌സിലെ ഗ്ലാമര്‍ ഇനമായി ഫുട്‌ബോള്‍ വിലസുമ്പോഴും അതിന്റെ ക്രെഡിറ്റ് ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അക്കാലത്ത് കടലാസില്‍ മാത്രം ഒതുങ്ങി നിന്ന ലോകഫുട്‌ബോള്‍ സംഘടനയായ ഫിഫയെ സജീവമാക്കി ഒളിമ്പിക്‌സിന് ബദലായി ഫിഫയ്ക്ക് സ്വന്തമായി ഒരു ടൂര്‍ണമെന്റ് എന്ന സ്വപ്‌നത്തിനായി പ്രയത്‌നിച്ചു.
ഫിഫ പ്രസിഡന്റായ അദ്ദേഹം സംഘടനയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് 1928ല്‍ ആംസ്റ്റര്‍ഡാമില്‍ ഫിഫ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും അതിനോടു യോജിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയെ ആണ് വേദിയായി തിരഞ്ഞെടുത്തത്. പക്ഷേ, പിന്നീട് നടന്ന കാര്യങ്ങള്‍ യൂള്‍ റിമെയെ വല്ലാതെ ദുഃഖിപ്പിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങള്‍ വേദി പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. അതിന് അവര്‍ പറഞ്ഞ കാരണം ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് തങ്ങള്‍ കരകയറിവരുന്നതേയുള്ളൂ എന്നാണ്. അതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. പക്ഷേ, തോറ്റു കൊടുക്കാന്‍ യുള്‍ റിമെ തയാറായില്ല. വിയോജിപ്പ് പ്രകടിപ്പിച്ച രാജ്യങ്ങളിലേക്ക് ഫുട്‌ബോള്‍ ലോകസമാധാനത്തിന് എന്നൊരു വലിയ ആശയവുമായി അദ്ദേഹം നേരിട്ട് പോയി. ആ പ്രയത്നത്തിന് ഫലമുണ്ടായി. യൂറോപ്പില്‍ നിന്ന് നാല് രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. ”എനിക്ക് അറിയാമായിരുന്നു എന്റെ സ്വപ്‌നം നടക്കുമെന്ന്. ലോകകപ്പ് ഫുട്ബോള്‍ എന്നത് ഞാന്‍ മാത്രം കണ്ട സ്വപ്‌നമായിരുന്നില്ല. നിരവധിപേര്‍ ആ സ്വപ്‌നം കണ്ടിരുന്നതായി എനിക്കറിയാമായിരുന്നു. ഫുട്ബോളാണ് എന്നെ സ്വപ്‌നം കാണാന്‍ പ്രാപ്തനാക്കിയത്. ഞാന്‍ കണ്ട സ്വപ്‌നങ്ങളും ഫുട്ബോളിനെക്കുറിച്ചായിരുന്നു” അദ്ദേഹം പിന്നീടു പറഞ്ഞു.
1930 ജൂലായ് 13ന് ഉറുഗ്വേന്‍ തലസ്ഥാനമായ മോണ്ടിവീഡിയോയില്‍ പ്രഥമ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് കിക്കോഫായി. ഫ്രാന്‍സും മെക്‌സിക്കോയും തമ്മിലാണ് ഏറ്റുമുട്ടിയത്. അര്‍ജന്റീനയെ തോല്‍പ്പിച്ച് ഉറുഗ്വേ പ്രഥമ ലോകകപ്പ് ചാമ്പ്യന്‍മാരുമായി. ഫ്രഞ്ചുകാരനായ പ്രസിദ്ധ ശില്‍പ്പി ആബേല്‍ ലാഫ്ലേവറാണ് ലോകപ്പ് വിജയികള്‍ക്കുള്ള ട്രോഫി രൂപകല്പന ചെയ്തത്. 35 സെന്റീമീറ്റര്‍ ഉയരവും 3.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന കപ്പ് ഇന്ദ്രനീലക്കല്ലും സ്വര്‍ണവും വെള്ളിയും ചേര്‍ത്താണ് ഉണ്ടാക്കിയത്. വിക്ടറി എന്നാണ് ആദ്യം അറിയപ്പെട്ടത്. പിന്നീട് ഫുട്‌ബോളിനും ഫിഫയ്ക്കും യൂള്‍ റിമെ നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത് 1946ല്‍ ട്രോഫിക്ക് യൂള്‍ റിമെ കപ്പ് എന്ന പേരിട്ടു.
ലോകപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ ട്രോഫി രണ്ട് തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഫുട്‌ബോളിന്റെ വക്താക്കളായ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായ 1966ല്‍ ആണ് ആദ്യ സംഭവമുണ്ടായത്. സ്പോര്‍ട്സ് സ്റ്റാമ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ പ്രദര്‍ശനത്തിന് വച്ച കപ്പ് മോഷണം പോയി. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് രാജ്യം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കപ്പ് കണ്ടെത്താനായില്ല. ഒടുവില്‍ കപ്പു കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ രംഗത്തിറക്കി. പൊലീസ് നായ്ക്കള്‍ക്കു പുറമെ സ്വകാര്യ വ്യക്തികളുടെ നായ്ക്കളെയും രംഗത്തിറക്കി അന്വേഷണം ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കകം തെംസ് നദീതീരത്തെ കടത്തുവഞ്ചി തുഴഞ്ഞിരുന്ന ഡേവിഡ് കോര്‍ബുറ്ററിന്റെ പിക്കിള്‍സ് എന്നു പേരുള്ള നായ ട്രോഫി കണ്ടെത്തി. പത്രക്കടലാസില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ട്രോഫി. വലിയ തുക സമ്മാനമായി നല്‍കിയാണ് സര്‍ക്കാര്‍ കോര്‍ബുറ്ററിനെ ആദരിച്ചത്. ട്രോഫി കണ്ടെത്തിയ പിക്കിള്‍സിന് രാജകീയ പരിവേഷമാണ് ഇംഗ്ലണ്ടില്‍ ലഭിച്ചത്. പിക്കിള്‍സിന്റെ പേരില്‍ ഫുട്ബോള്‍ ഫാന്‍സ് ക്ലബ്ബുകളുണ്ടയി. ഡാനിയേല്‍ പെട്രി സംവിധാന ചെയ്ത ‘ദി സ്പൈ വിത്ത് എ കോള്‍ഡ് നോസ് ‘ എന്ന ചിത്രത്തിലും ഈ നായ അഭിനയിച്ചു.
1970ല്‍ ബ്രസീലിന്റെ കൈയില്‍ നിന്നാണ് രണ്ടാമത് ലോകകപ്പ് കളവ് പോയത്. 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടി ബ്രസീല്‍ യൂള്‍ റിമെ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നുപ്രാവശ്യം ലോകകപ്പ് നേടുന്ന രാജ്യത്തിന് യൂള്‍ റിമെ കപ്പ് എന്നന്നേക്കുമായി നല്‍കുമെന്നായിരുന്നു അക്കാലത്തെ വ്യവസ്ഥ. ഇറ്റലിയെ ഗോള്‍മഴയില്‍ മുക്കി സ്വന്തമാക്കിയ ലോക കിരീടവുമായി കാര്‍ലോസ് ആല്‍ബര്‍ട്ടോയും സംഘവും റിയോ ഡി ജനീറോയിലെത്തി. ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ആസ്ഥാനത്താണ് ട്രോഫി പ്രദര്‍ശിപ്പിച്ചിരുന്നത്. 1983 ഡിസംബര്‍ 19ന് ഒരു കൂട്ടം കവര്‍ച്ചക്കാര്‍ വളരെ ആസൂത്രിതമായി കപ്പ് കവര്‍ന്നു. ബുള്ളറ്റ് പ്രൂഫ് സംവിധാനമടക്കമുള്ള കനത്ത കാവലായിരുന്നു എണ്ണായിരത്തിലധികം പൗണ്ട് വിലയുണ്ടായിരുന്ന ട്രോഫി സൂക്ഷിച്ചിരുന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്താരാഷ്ട്ര സംഘമാണെന്ന നിഗമനത്തെ തുടര്‍ന്ന് ലോകവ്യാപകമായ അന്വേഷണമാണ് നടന്നത്. ഫുട്‌ബോള്‍ ഇതിഹാസം പെലെ അടക്കം നിരവധി താരങ്ങള്‍ ടിവിയിലൂടെ ട്രോഫി തിരകെത്തരണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ട്രോഫി കവര്‍ന്നവര്‍ കപ്പ് ഉരുക്കി അത് സ്വര്‍ണമാക്കി മാറ്റിയിട്ടുണ്ടാവുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബ്രസീല്‍ യൂള്‍ റിമെ കപ്പ് എന്നേന്നേക്കുമായി സ്വന്തമാക്കിയതിന് പിന്നിലെ 1974ലെ ജര്‍മ്മന്‍ ലോകകപ്പില്‍ പുതിയ ട്രോഫി അവതരിപ്പിച്ചു. ഇറ്റലിക്കാരനായ സില്‍വിയോ ഗസാനിക ആണ് രൂപകല്പന ചെയ്തത്. 18 കാരറ്റ് സ്വര്‍ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഇപ്പോഴത്തെ ലോകകപ്പിന് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്. ഈ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്‍പ്പിക്കുന്ന കപ്പിന് പകരമായി വെങ്കലത്തില്‍ തീര്‍ത്ത ട്രോഫിയുടെ മാതൃക സ്വര്‍ണം പൂശി അവര്‍ക്ക് സ്വന്തമായി നല്‍കും.