ഐ ലീഗ് ടീം ഡെംപോ തങ്ങളുടെ പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചതും ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് സ്റ്റാവ്‌ലോയുടെ താരമായിരുന്ന വില്ല്യം ക്രോപ്പറും തമ്മില്‍ ചരിത്ര പരമായൊരു ബന്ധമുണ്ട്. 1889 ജനുവരി 12ന് ലിങ്കണ്‍ഷെയറിലെ ക്ലീ പാര്‍ക്കില്‍ ഗ്രിംസ്‌ബൈ ടീമിനെതിരെ വില്ല്യം ക്രോപ്പര്‍ കളിക്കാനിറങ്ങി. മത്സരം തുടങ്ങി പനിനഞ്ച് മിനിട്ട് പിന്നിട്ടപ്പോള്‍ ഗിംസ്‌ബൈയുടെ റൈറ്റ്ബാക്കായ ഡാന്‍ ഡോയലുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രോപ്പര്‍സഹതാരം ജോര്‍ജ് ഹേയുടെയും കൈകളില്‍ വെച്ച് മരിച്ചു. ഇരുപത്തിയാറാമത്തെ വയസില്‍ ഫുട്‌ബോള്‍ മൈതാനത്ത് ആ പ്രതിഭ രക്ഷസാക്ഷിയായി. മാര്‍ക്ക് വിവിയന്‍ ഫോ, സാം ഇംഗ്ലീഷ്, ഡാനിയേല്‍ ജാര്‍ക്വെ തുടങ്ങി 2020 മാര്‍ച്ചില്‍ നൈജീരിയയുടെ ഇരുപത്തിരണ്ടുകാരന്‍ ചൈനി മാര്‍ട്ടിന്‍സ് വരെ നീളുന്നു ഫുട്‌ബോള്‍ മൈതാനത്തെ രക്തസാക്ഷികളുടെ പട്ടിക. അതില്‍ ഇന്ത്യന്‍ മൈതാനത്ത് പൊലിഞ്ഞ പ്രതിഭാ നക്ഷത്രമായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയര്‍. അയാള്‍ക്ക് എന്താണിത്ര പ്രത്യേകത ? അവന്‍ ഒരു സാധാരണ കളിക്കാരന്‍ മാത്രമല്ലേ ? ഈസ്റ്റ് ബംഗാള്‍ കോച്ച് സുഭാഷ് ഭൗമികിനോട് സഹപരിശീലകര്‍ ചോദിച്ചു. 89 മിനിറ്റും 30 സെക്കന്‍ഡും അയാള്‍ ഗ്രൗണ്ടില്‍ വെറും സാധാരണക്കാരന്‍ മാത്രമായിരിക്കും, പക്ഷേ ബാക്കിയുള്ള 30 സെക്കന്‍ഡില്‍ അവന്‍ മത്സരത്തിന്റെ തലവര മാറ്റും. ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയര്‍ എന്ന താരത്തില്‍ അത്രയ്ക്ക് വിശ്വാസമായിരുന്നു കോച്ചിന്. ഫുട്‌ബോളിനെ പ്രണയിക്കുമ്പോള്‍ തലനരയ്ക്കാത്ത നാടായ ബ്രസീലില്‍ നിന്നുള്ള ക്രിസ്റ്റിയാനോയില്‍ അത്രയ്ക്ക് വിശ്വാസമായിരുന്നു പരിശീലകര്‍ക്കും ആരാധകര്‍ക്കും. ഒരു വര്‍ഷം മാത്രമാണ് ക്രിസ്റ്റിയാനോ ഇന്ത്യയില്‍ കളിച്ചത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരികത മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയാണ് ക്രിസ്റ്റിയാനോ ജൂനിയര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയത്.
2004ലെ ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍ ഡെംപോയും മോഹന്‍ബഗാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരത്തിന് കിക്കോഫായപ്പോള്‍ ആരാധകര്‍ കരുതിയിരുന്നില്ല ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയാകാന്‍ പോകുന്നുവെന്ന്. സാംബതാളം കാലുകളില്‍ ഒളിപ്പിച്ച ആ പ്രതിഭ ഡെംപോയുടെ പത്താം നമ്പര്‍ ജേഴ്‌സിയില്‍ മൈതാനത്ത് ഒഴുകി നടന്നു. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെംപോ മത്സരത്തില്‍ ലീഡെടുത്തു. തന്റെ പ്രതിഭ വിളിച്ചോതുന്ന ക്ലാസിക്കല്‍ ഫിനിഷിംഗിലൂടെ ബഗാന്‍ ഗോളി സുബ്രതോ പാലിനെ നോക്കുകുത്തിയാക്കിയാണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ 78ാം മിനിട്ട്. ബഗാന്‍ ബോക്‌സിലേക്ക് കുതിച്ചു കയറുന്ന ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ഇടതു വിംഗില്‍ നിന്ന് ഡെംപോ താരം ലാസറുസ് ഫെര്‍ണാണ്ടസിന്റെ അളന്നുമുറിച്ചുള്ള ലോംഗ് ക്രോസ്. അപകടം മണത്ത ബഗാന്‍ ഗോളി സുബ്രതോ പാല്‍ ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ട് കുതിച്ചു. ബോക്‌സിനു തൊട്ടു പുറത്ത് വച്ച് ക്രിസ്റ്റ്യാനോ പന്ത് വലം കാലു കൊണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു. മത്സരത്തിലെ ഇരട്ടഗോളും ഡെംപോയുടെ കിരീട വിജയവും ആഘോഷിക്കാന്‍ കാലം ക്രിസ്റ്റിയാനോയ്ക്ക് ഭാഗ്യം നല്‍കിയില്ല. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ സുബ്രതോപാലുമായി കൂട്ടിയിടിച്ച് നിലത്തു വീണ ക്രിസ്റ്റ്യാനോ പിന്നീട് ഒരിക്കലും ഉണര്‍ന്നില്ല. ഡെംപോ താരങ്ങള്‍ വിജയമാഘോഷികുമ്പോള്‍ കൂട്ടിയിടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട് സൈഡ് ലൈനില്‍ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സ്വാഭാവികമായ ഗോള്‍ ആഘോഷമായിരിക്കും എന്ന് സഹതാരങ്ങള്‍ കരുതി. പക്ഷേ അസ്വാഭാവികത മണത്ത സഹതാരങ്ങളായ റാന്‍ഡി മാര്‍ട്ടിന്‍സും കെ.സി പ്രകാശും ഓടി വന്ന് കൃത്രിമ ശ്വാസോച്ഛാസം നല്‍കി രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോഴാണ് ഇടിയുടെ ആഘാതം മനസിലാകുന്നത്. ഉടന്‍ തന്നെ ബാംഗളൂരു ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിലപ്പെട്ട ആ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. തങ്ങളുടെ ആദ്യ ഫെഡറേഷന്‍ കപ്പ് കിരീടം കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മയായി ഡെംപോയ്ക്ക്. ഡ്രസിംഗ് റൂമിലിരുന്ന് പൊട്ടി കരയാനല്ലാതെ കോച്ച് അര്‍മാണ്ടോ കൊളോസൊയ്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.
4000ത്തിലധികം രജിസ്റ്റേഡ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുള്ള സാവോ പോളോയില്‍ അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന കാലത്താണ് ക്രിസ്റ്റ്യാനോയ്ക്ക് ഈസ്റ്റ്ബംഗാളില്‍ നിന്ന് ഓഫര്‍ വരുന്നത്. 15 ലക്ഷം എന്ന തുക ധാരാളമായിരുന്നു ജൂനിയറിന്. അമ്മയും ഭാര്യ ജൂലിയാനയും ഉള്‍പ്പെടുന്ന കുടുംബം, വീട്ടു വാടക എല്ലാം കൂടി നടത്തികൊണ്ടു പോകാന്‍ ഈ ഓഫര്‍ കണ്ണുമടച്ച് സ്വീകരിക്കാന്‍ തന്നെ ജൂനിയര്‍ തീരുമാനിച്ചു. അങ്ങനെ 2003-ല്‍ ലോകത്തിലെ ഫുട്‌ബോള്‍ വിപണിയിലേക്ക് മറ്റൊരു ബ്രസീലിയന്‍ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയര്‍ ഇന്ത്യയിലെത്തി. ആ സമയത്ത് ഐ ലീഗില്‍ പരിതാപകരമായിരുന്നു ഈസ്റ്റ്ബംഗാളിന്റെ അവസ്ഥ. പിന്നീട് ലീഗ് കണ്ടത് പുതിയൊരു താരോദയത്തിനാണ്. ഇന്ത്യന്‍ താരം ബൈചുങ് ബൂട്ടിയയ്‌ക്കൊപ്പം ഗോളുകള്‍ അടിച്ചു കൂട്ടി അത്തവണത്തെ ഐ ലീഗ് കിരീടം ഈസ്റ്റ്ബംഗാളിന്റെ കൂടാരത്തില്‍ എത്തിച്ചു. വെറും 18 മത്സരങ്ങള്‍ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയര്‍. 26 കളികളില്‍ നിന്ന് 19 ഗോളാണ് ഈ ബ്രസീല്‍ പ്രതിഭയുടെ സമ്പാദ്യം. തൊട്ടടുത്ത വര്‍ഷം ഗോവന്‍ വമ്പന്മാരായ ഡെംപോയിലേക്ക് ആ വര്‍ഷത്തേ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയായ 22 ലക്ഷത്തിന് ചേക്കേറി. നാല് മത്സരങ്ങളില്‍ മാത്രമേ അവന് ഡെംപോ ജേഴ്‌സി അണിയാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. നേടിയ നാല് ഗോളുകളില്‍ രണ്ടു ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ ആണ്. കാല്‍പ്പന്തിനെ പ്രണയിച്ചവന്‍, ഗോളുകളില്‍ സന്തോഷം കണ്ടെത്തിയവന്‍ ഒടുവില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങ്ങി.