ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങും ഹോളിവുഡ് സംവിധായകന്‍ റോബര്‍ട്ട് സെമിക്‌സും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്ന അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്തേന്‍ കാലിഫോര്‍ണിയ അഞ്ച് വര്‍ഷം മുമ്പ് പുതിയൊരു കോഴ്‌സ് തുടങ്ങി. 2013ല്‍ വേര്‍ഡ് ഓഫ ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ‘സെല്‍ഫി’ എന്ന വാക്കായിരുന്നു കോഴ്‌സിനു ആധാരം. സന്തോഷവും സങ്കടവും വിളിച്ചു പറയാന്‍ ഒരു വരിവേണ്ട, ഒരു ക്ലിക്കുമതി. ഞാന്‍ കാണുന്ന ഞാന്‍ നീ കാണുന്ന ഞാനല്ലെന്ന് പറയാന്‍ ഒരൊറ്റ സെല്‍ഫി മതി. സെല്‍ഫി ചിത്രങ്ങള്‍ ഇന്ന് മനുഷ്യന്റെ സന്തതസഹചാരിയായി മാറിയിരിക്കുന്നു.ജനനം മുതല്‍ മരണം വരെ സെല്‍ഫികളാകുന്നു. അവനവനു ചുറ്റും തിരിയുന്ന ഈ ഫ്രണ്ട്ക്യാമറകള്‍ കാഴ്ചയുടെ ലോകം പകര്‍ത്തുകയല്ല, മറിച്ച് ആത്മപ്രകാശത്തിന്റെ ലോകം തുറക്കുകയാണ്.
മൊബൈല്‍ ഫോണും ഡിജിറ്റല്‍ ക്യാമറയും പോയിട്ട് റോള്‍ഫിലിം പോലും കണ്ടുപിടിക്കുന്നതിന് മുമ്പാണ് ലോകത്തിലെ ആദ്യ സെല്‍ഫി പിറക്കുന്നത്. അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് കോര്‍ണോലിയസ് ആണ് കഥയിലെ നായകന്‍. ആംസ്റ്റര്‍ഡാമില്‍ നിന്ന് അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു റോബര്‍ട്ടിന്റെ ജനനം. പരമ്പരാഗതമായി വെള്ളികൊണ്ട് വിളക്കുകളും പാത്രങ്ങളും നിര്‍മ്മിക്കുന്നവരായിരുന്നു അവന്റെ കുടുംബം. ചെറുപ്പം മുതല്‍ റോബര്‍ട്ടും ആ പാത പിന്തുടരാന്‍ തുടങ്ങിയെങ്കിലും അഭിരുചി അതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. രസതന്ത്രത്തിലും ലോഹശാസ്ത്രത്തിലും റോബര്‍ട്ട് തന്റെ മികവ് തെളിയിച്ചിരുന്നു. രസതന്ത്രജ്ഞനായ പോള്‍ ബെക്ക് ഗോഡാര്‍ഡിന്റെ സഹായവും ഉണ്ടായിരുന്നു.
ഫോട്ടോഗ്രഫി എന്ന സങ്കേതം പിച്ചവച്ച് നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഫിലിമും ഫോട്ടോപേപ്പറും ഒന്നുമില്ലാതിരുന്ന അന്നൊക്കെ ഫോട്ടോകള്‍ എടുത്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. പഠനത്തിന് ശേഷം പൂര്‍ണമായും തന്റെ കുലത്തൊഴിലിലേക്ക് തിരിഞ്ഞ റോബര്‍ട്ട് ലോഹം പോളിഷ് ചെയ്ത് കണ്ണാടി പോലെ മിനുക്കിയെടുന്നതില്‍ മിടുക്കനായിരുന്നു. ഒരിക്കല്‍ ജോസഫ് സാക്‌സണ്‍ എന്നൊരു ഫോട്ടോഗ്രാഫര്‍ എത്തി. ഫിലാഡെല്‍ഫിയ സെന്‍ഡ്രല്‍ സ്‌കൂള്‍ മുഴുവനായും പകര്‍ത്താന്‍ കഴിയുന്ന ഒരു പ്ലേറ്റ് നിര്‍മ്മിക്കണം എന്നായിരുന്നു ആവശ്യം. റോബര്‍ട്ട് പ്ലേറ്റ് നിര്‍മ്മിച്ച് കൊടുത്തു ഒപ്പം ജോസഫില്‍ നിന്ന് ഫോട്ടോഗ്രാഫി പഠിച്ചെടുത്തു.
1839ല്‍ റോബര്‍ട്ടിന്റെ മുപ്പതാമത്തെ വയസിലാണ് ലോകത്തെ സെല്‍ഫി പിറക്കുന്നത്. താന്‍ ഉണ്ടാക്കിയ പുതിയ ഒരു പ്ലേറ്റ് പരീക്ഷിക്കുകയായിരുന്നു റോബര്‍ട്ട്. ഒരുപാട് സമയമെടുത്ത് ഉണ്ടാക്കിയ ആ പ്ലേറ്റും ക്യാമറയില്‍ നിറച്ച് റോബര്‍ട്ട് തന്റെ കടയുടെ പിന്നിലേക്ക് നടന്നു. ക്യാമറ സെറ്റ് ചെയ്ത ശേഷം അല്പം മുന്നിലായി നല്ലതു പോലെ വെളിച്ചം വീഴുന്നിടത്ത് ഒരു സ്റ്റൂളും എടുത്ത് വച്ചു. ശേഷം ലെന്‍സിന്റെ മൂടി മാറ്റി അയാള്‍ വേഗം വന്ന് ആ സ്റ്റൂളില്‍ ഇരുന്നു. പത്ത് മുതല്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ ചരിത്ര സെല്‍ഫി പിറന്നു ! ചിത്രത്തിന്റെ പ്രിന്റിനു പിന്നില്‍ അദ്ദേഹം കുറിച്ചു. ” ലോകത്തെ ആദ്യ പ്രകാശ ചിത്രം ” . ഡെഗെറോടൈപ്പ് രീതിയില്‍ എടുത്ത ചിത്രമായിരുന്നു ഇത്. ഈ രീതിയില്‍ ചിത്രമെടുക്കാന്‍ ക്യാമറയുടെ ലെന്‍സ് കുറച്ചു നേരം തുറന്നു വയ്ക്കണം. വളരെ കാലം റോബര്‍ട്ട് ഫോട്ടോഗ്രാഫിയില്‍ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അമേരിക്കയിലെ ആദ്യകാല സ്റ്റുഡിയോകളില്‍പ്പെട്ട രണ്ട് സ്റ്റുഡിയോകളും അദ്ദേഹം നടത്തിയിരുന്നു.
സ്വീഡിഷ് ഫോട്ടോഗ്രാഫര്‍ ഓസ്‌കാര്‍ എലന്റര്‍ 1950ല്‍ എടുത്ത ചിത്രത്തെയും ഒരുകാലത്ത് ലോകത്തെ ആദ്യ സെല്‍ഫി എന്നു വിലയിരുത്തപ്പെട്ടിരുന്നു. 1900ല്‍ പുറത്തിറക്കിയ കൊഡാക് ബ്രൗണ്‍ ബോക്‌സ് ക്യാമറ സ്വയം ഛായചിത്രം എടുക്കാന്‍ സൗകര്യമൊരുക്കി. 1970കളില്‍ പോളറോയ്ഡ് പോലുള്ള ഭാരം കുറഞ്ഞ ക്യാമറകള്‍ സ്വന്തം ഛായചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറമാന്‍മാരെ പ്രോത്സാഹിപ്പിച്ചു. 2003 ല്‍ ഫ്രണ്ട് ക്യാമറയോട് കൂടി സോണി എറിക്‌സണ്‍ ഇസഡ് 1010 മോഡല്‍ പുറത്തിറക്കി. ഇത് എളുപ്പത്തില്‍ സെല്‍ഫി എടുക്കാന്‍ സഹായിച്ചു. 2015 ല്‍ സെല്‍ഫി സ്റ്റിക്ക് കണ്ടുപിടിച്ചു. ഇത് കൂടുതല്‍ പശ്ചാത്തലവും അധിക ആളുകളെയും രചനയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നു.