ഏഴു സാഗരങ്ങളും ഓരേ സ്വരത്തില്‍ ഏറ്റു പറയുന്ന പേരാണ് ബുല ചൗധരി എന്ന ഇന്ത്യക്കാരിയുടേത്. കുട്ടിക്കാലത്ത് അച്ഛനൊപ്പം ഹൂഗ്ലി നദിയില്‍ കുളിക്കാന്‍ പോയപ്പോള്‍ കുഞ്ഞു ബുലയ്ക്ക് നീന്താന്‍ ഏറെ ഇഷ്ടമായിരുന്നു. അവളുടെ പ്രായത്തിലുള്ള കുട്ടികള്‍ നീന്താന്‍ പാടുപ്പെട്ടപ്പോള്‍ അവള്‍ അനായാസം അത് സ്വായത്തമാക്കി. ഹൂഗ്ലി നദിയുടെ തീരത്തു ജനിച്ചു വീണ പെണ്‍കൊടിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് നീന്തലെന്നു മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക് അധികം കാലം വേണ്ടി വന്നില്ല. 1970 ജനവരി രണ്ടിന് ഹുഗ്ലിയില്‍ ജനിച്ച ബുലാചൗധരിക്ക് ചെറുപ്പം മുതല്‍ തന്നെ വെള്ളത്തിലിറങ്ങാനായിരുന്നു കമ്പം. തറവാട്ടു വീട്ടിലെ ചെറിയ കുളത്തിലായിരുന്ന കുട്ടിയെ അച്ഛന്‍ നീന്തല്‍ പഠിപ്പിച്ചത്. സ്‌കൂളില്‍ പോകാന്‍പോലും താല്‍പര്യം കാണിക്കാതിരുന്ന അവളെ നീന്തല്‍ പഠിക്കാന്‍ വിട്ടതും ഛത്ര സ്വിമ്മിംഗ് പൂള്‍ അക്കാഡമിയിലേയ്ക്ക് വഴിതിരിച്ചു വിട്ടതും അച്ഛന്‍ തന്നെ. അഞ്ചാം വയസില്‍ നീന്തല്‍കുളത്തിലിറങ്ങിയ ബുലാചൗധരി ഇപ്പോഴും ദിവസേന എട്ടു മണിക്കൂറെങ്കിലും വെള്ളത്തില്‍ തന്നെ. ഒന്നുകില്‍ തറവാട്ടു വീട്ടിലെ കുളത്തില്‍, അല്ലെങ്കില്‍ ഗംഗാനദിയില്‍. 14 മണിക്കൂര്‍ വരെ വെള്ളത്തിലിരുന്ന് പ്രാക്ടീസ് ചെയ്ത ദിവസങ്ങളുണ്ട്. രണ്ടു നേരത്തെ ഭക്ഷണം പലപ്പോഴും നീന്തലിനിടയില്‍ തന്നെയാണ് കഴിച്ചുകൊണ്ടിരുന്നതെന്ന് ബുല സാക്ഷ്യപ്പെടുത്തുന്നു.
നാലാം വയസില്‍ പരിശീലനം ആരംഭിച്ച ബുല ചൗധരി വെറും ഒമ്പതു വയസുമാത്രം പ്രായമുള്ളപ്പോള്‍ നീന്തലില്‍ ആറു സ്വര്‍ണമെഡലുകള്‍ നേടി ദേശീയ ചാമ്പ്യനായി കായിക ലോകത്തെ അത്ഭുതപ്പെടുത്തി. പ്രായത്തെ വെല്ലുന്ന മികവ് പ്രകടിപ്പിച്ചിരുന്ന അവള്‍ പ്രായഭേദമന്യേ തന്റെ എതിരാളികളെയെല്ലാം പിന്നിലാക്കി ഓളപ്പരപ്പില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചു. പ്രൊഫഷണല്‍ നീന്തല്‍ മത്സരങ്ങളെപ്പറ്റി കാര്യമായ ധാരണയും അറിവുമില്ലാതിരുന്ന കുടുംബത്തിന് ബുലയെ നീന്തല്‍ മത്സരങ്ങള്‍ക്ക് അയയ്ക്കാന്‍ നന്നേ ബുദ്ധിമുട്ടി. സാമ്പത്തികം തന്നെയായിരുന്നു വലിയ വെല്ലുവിളി. നീന്തല്‍ വസ്ത്രങ്ങളുടെ വില ആ പാവപ്പെട്ട കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അമ്മ തയ്ച്ചുകൊടുത്ത നീന്തല്‍ വസ്ത്രമണിഞ്ഞായിരുന്നു അവള്‍ ആദ്യ കാലങ്ങളില്‍ മത്സരങ്ങള്‍ക്കിറങ്ങിയത്.ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ബുലയെ ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയയാക്കി. ഇന്ത്യന്‍ കായിക ലോകത്തിന്റെ ഭാവി വാഗ്ദാനമെന്ന നിലയില്‍ മാധ്യമങ്ങള്‍ വാഴ്ത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് ബുല ആദ്യമായി ഇന്ത്യന്‍ ക്യാമ്പിലെത്തുന്നത്. പതിമൂന്ന് വയസുള്ളപ്പോള്‍ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. ഇത്ര ചെറുപ്രായത്തിലെ ദേശീയ ടീമിലെടുത്തത് പലരുടേയും നെറ്റി ചുളിപ്പിച്ചു. തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് മെഡലുകളിലൂടെയും റെക്കോഡുകളിലൂടെയുമാണ് അവള്‍ മറുപടി നല്‍കിയത്. 1986 ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്വിമ്മിംഗില്‍ ഇരട്ട റെക്കോര്‍ഡ് നേടിയും ഈ മത്സ്യകന്യക താരമായി.
1991ലെ സാഫ് ഗെയിംസില്‍ 6 സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയ ബുല അപ്പോഴേക്കും രാജ്യത്തെ ശ്രദ്ധേയ താരമായി മാറിയിരുന്നു. നേട്ടങ്ങള്‍ ദേശീയ തലത്തില്‍ നിന്ന് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നതിനിടയില്‍ ബുലയുടെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നു തുടങ്ങി. ഫ്രോക്ക് ധരിച്ച് ദേശീയ ക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്നതിന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്ന സ്ഥാനത്ത് നിന്ന് ഏറ്റവും മികച്ച സ്വിമ്മിങ് സ്യൂട്ടുകള്‍ അണിഞ്ഞ് നീന്തുന്ന അവസ്ഥയിലേക്കെത്താന്‍ അവള്‍ക്ക് കഴിഞ്ഞു. സാമ്പത്തികമായി മെച്ചപ്പെടുന്നതിനിടയിലും കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ ബുലയുടെ ജീവിതത്തില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ചെവിയില്‍ വെള്ളംകയറി അണുബാധയുണ്ടാവുക പതിവായി. മറ്റൊരു തവണ ഹൃദയമിടിപ്പിലെ വ്യത്യാസം മൂലം ബുലയുടെ ശരീരത്തില്‍ പേസ്‌മേക്കര്‍ വെക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശിക്കേണ്ടി വന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികളിലൊന്നും അവള്‍ തളര്‍ന്നില്ല.
നീന്തല്‍കുളത്തിലെ അശ്വമേധത്തിന് ശേഷം ബുല വളരെ പ്രയാസകരമായ ദീര്‍ഘദൂര നീന്തല്‍ എന്ന മേഖലയിലേക്ക് കടന്നു. അവിടെയും റെക്കോഡുകളുടെ പവിഴമാണ് അവള്‍ക്കായി കാലം കരുതി വച്ചത്. 1989 ല്‍ 34 കിലോമീറ്റര്‍ നീളമുള്ള ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് വിസ്മയമായി. 1999ല്‍ വീണ്ടും ഇതേ നേട്ടം ആവര്‍ത്തിച്ച് രണ്ട് തവണ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യന്‍ വനിതയായി ബുല മാറി. 1996ല്‍ മുര്‍ഷിയബാദില്‍ ഹൂഗ്ലി നദിയില്‍ 81 കിലോമീറ്റര്‍ നീന്തി തന്റെ സാഹസികത വീണ്ടും തെളിയിച്ചു. 2000 ല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്ക്, 2001ല്‍ ടൈറാണിയന്‍ കടല്‍, 2002 ല്‍ കാറ്റാലിന ചാനല്‍, ഗ്രേറ്റ് ടോറോന്യൂസ് കടലിടുക്ക്, 2003 ല്‍ കുക്ക്‌സ് സ്‌ട്രൈസ് കടല്‍ എന്നിവയും ബുലാ ചൗധരി നീന്തിക്കടന്നു. ഇതോടെ അഞ്ച് വന്‍ കരകളും താണ്ടുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടം ബുല സ്വന്തമായി.
29 കിലോമീറ്ററുള്ള ജിബ്രാള്‍ട്ടര്‍ കടലിടുക്ക് താണ്ടിയത് മൂന്നു മണിക്കൂറും 35 മിനിട്ടുമെടുത്താണ്. ഇതോടെ ഏറ്റവും വേഗത്തില്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്ക് താണ്ടുന്ന താരമായും ബുല ചൗധരി മാറി. തന്റെ നേട്ടങ്ങള്‍ ഇവിടം കൊണ്ടൊന്നും നിര്‍ത്താന്‍ ഒരുക്കമായിരുന്നില്ല. 2004 ല്‍ മറ്റൊരു ചരിത്ര നേട്ടം കൂടി അവര്‍ സ്വന്തമാക്കി. പാക് കടലിടുക്ക് നീന്തിക്കടന്നതോടെ ഏഴ് കടലും താണ്ടുന്ന ലോകത്തെ ആദ്യ വനിത എന്ന നേട്ടമാണ് ബുല ചൗധരിയെ തേടിയെത്തിയത്. എനിക്ക് നീന്താന്‍ മാത്രമേ അറിയൂ. നീന്താന്‍ പോവുന്ന കാര്യത്തെക്കുറിച്ച് അധികം അറിയാതിരിക്കുക എന്നതാണ് ഞാനെടുക്കുന്ന മുന്‍കരുതല്‍. വെള്ളത്തിന്റെ ഊഷ്മാവ്, കടലിന്റെ സ്വഭാവം ഇതിനെക്കുറിച്ച് ചെറിയ ധാരണ മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇംഗ്ലീഷ് ചാനലില്‍ 14 ഡിഗ്രിക്ക് താഴെയാണ് വെള്ളത്തിന്റെ ഊഷ്മാവ്. ഫാള്‍ക്ക് സ്ട്രീറ്റില്‍ ചൂടുവെള്ളമാണുതാനും. ദേഹത്ത് ഗ്രീസ് പുരട്ടിയായിരുന്നു ഇംഗ്ലീഷ് ചാനല്‍ നീന്താനിറങ്ങിയത്. ‘ ഡു ഓര്‍ ഡൈ’ അതാണ് നീന്താനിറങ്ങുമ്പോള്‍ എന്റെ ചിന്ത. പ്രാര്‍ത്ഥിക്കുക, ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കുക, സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ നോക്കുക. കടലില്‍ ഏറ്റവും ഭയക്കേണ്ടത് സ്രാവുകളെയാണ്. സ്രാവിന് മുന്നില്‍ പെട്ടാല്‍ പിന്നെ എല്ലാം തീര്‍ന്നു എന്നു കരുതിയാല്‍ മതി. ബുല ചൗധരി പറയുന്നു. 1990ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച ബുല ചൗധരി പിന്നീട് പദ്മശ്രീ പുരസ്‌കാരത്തിനും ടെന്‍സിംഗ് നോര്‍ഗെ പുരസ്‌കാരത്തിനും അര്‍ഹയായി. നീന്തല്‍താരമായിരുന്ന സഞ്ജീവ് ചക്രവര്‍ത്തിയെയാണ് ബുലയുടെ ഭര്‍ത്താവ്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരനായ മിഹിര്‍ സെന്‍ ആണ് ബുല ചൗധരിയ്ക്ക് പ്രോത്സാഹനവും പ്രചോദനവുമായ വ്യക്തി.