2003 മാര്‍ച്ച് 20 പകല്‍, കൊല്‍ക്കത്ത മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. അവരുടെ പ്രിയപ്പെട്ട ഇന്ത്യന്‍ മാസ്ട്രോയ്ക്ക് അത്ഭുതം സംഭവിക്കാന്‍ വേണ്ടി. ഇരുട്ടില്‍ നിന്ന് കൃഷാനു ഡേ അസാധ്യമായ നീക്കത്തിലൂടെ വരുമെന്ന് എല്ലാവരും വിശ്വസിച്ചു. ഇന്ത്യന്‍ മറഡോണ എന്നാണ് കൃഷാനു ഡേയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ മറഡോണയുടെ പേരു ചൊല്ലി വിളിച്ചതു കാരണം കൃഷാനുഡേയുടെ പ്രതിഭാവിലാസവും ഫുട്‌ബോളിന് നല്‍കിയ സംഭാവനയും പരിഗണിച്ചാണ്. അര്‍ജന്റീനയെ ഒറ്റയ്ക്ക് തോളിലേറ്റി ലോകകപ്പ് നേടി കൊടുക്കാന്‍ മറഡോണയ്ക്ക് സധിച്ചെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ വലിയ വിടവ് നികത്താന്‍ ഡേയ്ക്ക് കഴിഞ്ഞു. എണ്‍പതുകളുടെ മധ്യത്തില്‍ ബംഗാളിലെ ഫുട്‌ബോള്‍ മഹാരഥന്മാരായ പ്രസൂണ്‍ ബാനര്‍ജി, സുകുമാര്‍ സമാജപതി, സുര്‍ജിത് സെന്‍ ഗുപ്ത, സുഭാഷ് ഭൗമിക് തുടങ്ങിയവര്‍ ബൂട്ടഴിച്ചപ്പോള്‍ ഗ്യാലറി ശോഷിക്കാന്‍ തുടങ്ങിയ സമയത്താണ് ഡേയുടെ വരവ്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവും ടെലിവിഷന്റെ കടന്നു വരവും ബംഗാളിലെ ഫുട്ബോളിനെ പ്രതികൂലമായി ബാധിച്ചു. ബംഗാള്‍ ഫുട്ബോള്‍ ക്ഷീണിച്ച് തുടങ്ങുകയാണോ എന്നു പോലും പേടിച്ചിരിക്കുന്ന സമയത്താണ് കൃഷാനു ഡേ വിസ്മയങ്ങള്‍ സൃഷ്ടിച്ചത്. മധ്യനിരയില്‍ കവിത പോലെ കളിമെനഞ്ഞ് ഒരു തലമുറയെ മുഴുവന്‍ മൈതാനത്തേക്ക് വലിച്ചടുപ്പിച്ച കൃഷാനു ഡേയ്ക്ക് ആരാധകര്‍ നല്‍കിയ വിളിപ്പേരായിരുന്നു ‘ഇന്ത്യന്‍ മറഡോണ’. ബികാഷ് പാഞ്ചി, ഷിഷിര്‍ ഘോഷ്, സുദീപ് ചാറ്റര്‍ജി, ഭാസ്‌കര്‍ ഗാംഗുലി, സത്യജിത് ചാറ്റര്‍ജി എന്നിവരോടൊപ്പം മധ്യവര്‍ഗ ബംഗാളി സമൂഹത്തിന്റെ ഫുട്‌ബോള്‍ കളിക്കാരനായി ഡേ അറിയപ്പെട്ടു. സ്‌കില്ലുകളും ഡ്രിബിളുകളും കൊണ്ട് ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന ഡേ തന്റേത് മാത്രമായ പൊസിഷന്‍ ടെക്നിക്കുകള്‍ കൊണ്ട് എതിര്‍ പ്രതിരോധത്തെ നിരന്തരം വെല്ലുവിളിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിലെ ചിരവൈകളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും കൃഷാനു ഡേയെ സ്വന്തമാക്കാന്‍ നേര്‍ക്കുന്നേര്‍ പോരാടിയ ചരിത്രമുണ്ട്. മോഹന്‍ബഗാനിലൂടെ 1982 ലാണ് കൃഷാനു ഡേ ഇന്ത്യന്‍ ഫുട്ബോളിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. വലിയ പ്രതീക്ഷകളോടെ കടന്ന് ചെന്നതെങ്കിലും ആ ഇരുപതുകാരന്റെ ഫിറ്റ്നസില്‍ ക്ലബ്ബിന്റെ ആരാധകര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പ്രതിഭ കൊണ്ട് അവന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറി. ഗോളടിച്ചു കൂട്ടി വിമര്‍ശകരുടെ വായടപ്പിച്ചു. താമസിയാതെ ബഗാന്റെ മധ്യനിരയുടെ താളം ക്രിഷാനുവിന്റെ കാലുകളില്‍ ഭദ്രമായി. കരുത്തനായ എതിരാളിയെ സൗമ്യമായ ഡ്രിബിളുകള്‍ കൊണ്ട് പരാജയപ്പെടുത്തുന്നതില്‍ പ്രത്യേക വൈദഗ്ദ്യം ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ക്ക് ഉണ്ടായിരുന്നു. ടോട്ടല്‍ ഫുട്‌ബോളിന്റെ മാസ്മരികത മൈതാനങ്ങളില്‍ വിരിയിച്ച കൃഷാനു ഡേയുടെ കളികാണാന്‍ ആരാധകര്‍ ഒഴുകിയെത്തി.
ബഗാനിലെത്തിയ വര്‍ഷം തന്നെ ടീമിലെത്തിയ ബികാഷ് പാഞ്ചിയായിരുന്നു മധ്യനിരയില്‍ കൃഷാനുവിന്റെ കൂട്ട്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് എതിരാളികള്‍ക്ക് എന്നും പേടി സ്വപ്‌നായിരുന്നു. ഇവര്‍ ഒരുമിച്ചുണ്ടെങ്കില്‍ ബഗാനെതിരെ മത്സരം ജയിക്കുന്നത് മറ്റ് ടീമുകള്‍ക്ക് ആസാധ്യമായിരുന്നു. ഈ സമയത്താണ് കൃഷാനുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിക്കുന്നത്. മോഹന്‍ബഗാനില്‍ നിന്ന് അവരുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാളുമായി കരാറില്‍ ഒപ്പുവെച്ചതായിരുന്നു അത്. കൃഷാനുവിന്റെ കരിയറിലെ സുവര്‍ണ കാലം അവിടെ തുടങ്ങുകയായി. ബികാഷ് പാഞ്ചിയേയും ഈസ്റ്റ് ബെംഗാള്‍ ടീമിലെത്തിച്ചിരുന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഈസ്റ്റ് ബെംഗാള്‍ നേട്ടങ്ങള്‍ കൊയ്തു കൊണ്ടേയിരുന്നു. ഫെഡറേഷന്‍ കപ്പും, ലീഗ് കപ്പും, ഐ എഫ് എ ഷീല്‍ഡ് കിരീടവുമെല്ലം ഈസ്റ്റ് ബംഗാളിന്റെ കൂടാരത്തിലെത്തി. നൈജീരിയന്‍ താരം ചീമ ഒക്കോറി കൂടി ഈസ്റ്റ് ബെംഗാളിലെത്തിയതോടെ കൃഷാനുവിന്റെ ഗോള്‍ദാഹം കൂടി.
കൃഷാനു ഡേയെ എങ്ങനെയെങ്കിലും ടീമില്‍ എത്തിക്കാനുള്ള മോഹന്‍ബഗാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1990ല്‍ മോഹന്‍ബഗന്‍ കൃഷാനുവുമായി കരാര്‍ ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അതുവരെ അരങ്ങേറിയിട്ടില്ലാത്ത നാടകീയ സംഭവങ്ങള്‍ക്ക് വേദിയായി. ബഗാന്റെ നീക്കം മുന്‍കൂട്ടി മനസിലാക്കി ഈസ്റ്റ് ബംഗാള്‍ കൃഷാനുവിനെ രഹസ്യമായി ചെന്നൈയിലേക്ക് മാറ്റി. ഇതുമണത്തറിഞ്ഞ ബഗാന്‍ ഏജന്റായ അഞ്ജന്‍ മിത്ര പുറകെ പാഞ്ഞു. പക്ഷേ ഈസ്റ്റ് ബംഗാള്‍ പ്രതിനിധി ഗാര്‍ഗരി തന്നെ പിന്തുടരുന്നുവെന്ന കാര്യം അഞ്ജന്‍ മിത്രയ്ക്ക് അറിയില്ലായിരുന്നു. കൃഷാനു ഡേയുമായി ബഗാന്‍ കരാര്‍ ധാരണയില്‍ എത്തി വന്നപ്പോഴേക്കും ഗാര്‍ഗരി അവസാന നിമിഷം കുതിച്ചെത്തി സാധ്യതകള്‍ ഇല്ലാതാക്കി. കൃഷാനു ഡേ ഈസ്റ്റ് ബംഗാളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നിട്ടും മോഹന്‍ബഗാന്‍ ഡേയെ കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചില്ല. അതിനായി അവര്‍ 1991ല്‍ ആരാധകര്‍ക്കിടയില്‍ ഒപ്പുശേഖരണം തന്നെ നടത്തി. അതേ സമയം ഈസ്റ്റ്ബംഗാള്‍ ക്ലബ്ബ് പ്രസിഡന്റ് പല്‍തുദാസിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഡേയെ ടീമില്‍ നിലനിര്‍ത്തുക എന്നതായിരുന്നു. വൈകാതെ ഡേ മോഹന്‍ബഗാനിലേക്ക് ചേക്കേറി. കൊല്‍ക്കത്ത ഡെര്‍ബിയുടെ ചരിത്രത്തിലെ അപൂര്‍വ കൂട്ടുകെട്ടായിരുന്നു കൃഷാനു ഡേ-ബികാഷ് പാഞ്ചി. മടങ്ങിയെത്തിയ ആദ്യ സീസണില്‍ ടീമിനെ ഫെഡറേഷന്‍ കപ്പ് കിരീടത്തിലേക്ക് നയിച്ച കൃഷാനു 1994ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ടീമിലേക്ക് മാറി.
ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയിരുന്നു കൃഷാനു ജനിച്ചത്. ക്രിക്കറ്റില്‍ താല്‍പ്പര്യമുണ്ടായിരുന്ന അവനെ കടുത്ത ഫുട്ബോള്‍ പ്രേമിയായിരുന്ന അച്ഛന്‍ പത്താം വയസില്‍ നാട്ടിലെ വെറ്ററന്‍സ് ക്ലബ്ബില്‍ ചേര്‍ത്തു. അസാമാന്യ പ്രതിഭയാണ് അവനെന്ന് വളരെ വൈകാതെ കൊല്‍ക്കത്തക്കാര്‍ മനസിലാക്കി. അവന്റെ ഫുട്ബോള്‍ കീര്‍ത്തി നാട്ടിലെങ്ങും പരന്നു. അസാമാന്യ പ്രതിഭ കൊണ്ട് അവന്‍ പരിശീലകരേയും ഞെട്ടിച്ച് കൊണ്ടിരുന്നു. 1977 ല്‍ എറണാകുളത്ത് നടന്ന ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ബംഗാള്‍ ടീമില്‍ കൃഷാനുവും അംഗമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പതിനേഴാം വയസില്‍ പൊലീസ് ഫുട്ബോള്‍ ക്ലബ്ബിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ചു. 1980 കളുടെ തുടക്കത്തില്‍ രണ്ട് തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തിയ റെയില്‍വേസ് ടീമിലംഗമായിരുന്നെങ്കിലും കലാശപ്പോരാട്ടത്തില്‍ കാലിടറി.ഇന്ത്യന്‍ ജേഴ്സിയില്‍ 1984ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു അരങ്ങേറ്റം. അക്കൊല്ലം ഏഷ്യകപ്പിന് ഇന്ത്യ യോഗ്യത നേടിയത് വലിയ വാര്‍ത്തയായിരുന്നു. 1987 വരെ ദേശീയ ടീമില്‍ സ്ഥിര സാന്നിദ്ധ്യമായ കൃഷാനുവിനെ പരിക്കാണ് പിന്നീട് ടീമില്‍ നിന്ന് പുറത്താക്കിയത്. 1986 ലെ മെര്‍ദേക്ക കപ്പില്‍ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ വിജയിച്ച മത്സരത്തില്‍ നേടിയ മിന്നും ഗോളും അതേ ടൂര്‍ണമെന്റില്‍ തായ്ലന്‍ഡിനെതിരെ നേടിയ തകര്‍പ്പന്‍ ഹാട്രിക്കുമാണ് അന്തര്‍ദേശീയ തലത്തിലെ മികച്ച പ്രകടനങ്ങള്‍. 1987ലെ സാഫ് ഗെയിംസില്‍ ഫുട്ബോളില്‍ ഇന്ത്യ സ്വര്‍ണം നേടുമ്പോള്‍ മുന്നണി പോരാളിയായിരുന്നു ഈ ഇന്ത്യന്‍ മറഡോണ. രാജ്യത്തിനായി 34 മത്സരങ്ങളില്‍ നിന്ന് 10 ഗോളും നേടിയിട്ടുണ്ട്. രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ പ്രതിഭകളില്‍ ഒരാളായ കൃഷാനുവിന്റെ മരണം വളരെ നേരത്തെയായിപ്പോയത് കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചത്. പരിക്ക് ഗുരുതരമാവുകയും തുടര്‍ന്നുണ്ടായ അണുബാധ വഷളായി അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. 2003 മാര്‍ച്ച് 20ന് നാല്‍പ്പത്തിയൊന്നാം വയസില്‍ ആരാധകരുടെ പ്രാര്‍ത്ഥന വിഫലമാക്കി ഇന്ത്യന്‍ മറഡോണ ഈ ലോകത്ത് നിന്ന് യാത്രയായി.