നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ തരംഗത്തില്‍ നിന്നും വലിയ നേട്ടം കൊയ്യാന്‍ ആഗോള നിക്ഷേപകരും വന്‍കിട കമ്പനികളും ഒരുപോലെ മത്സരിക്കുന്നു. 58,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന്‍ വാങ്ങാന്‍ യൂണിറ്റൊന്നിന് 42.52 ലക്ഷം രൂപ മുടക്കണം ! അതേസമയം, ബിറ്റ്കോയിന്‍ ബഹളം ഇന്റര്‍നെറ്റില്‍ മാത്രമല്ല, യഥാര്‍ത്ഥ ലോകത്തും വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. ബിറ്റ്കോയിന്‍ വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാവുന്നതായി ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു പറയുന്നു.
ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള വന്‍കിട കമ്പനികളോടാണ് ബിറ്റ്കോയിന്‍ സംവിധാനം കിടപിടിക്കുന്നത്. അതായത് പ്രതിവര്‍ഷം 200 മില്യണ്‍ യാത്രക്കാരുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന അത്രയുംതന്നെ ഊര്‍ജം ഇന്റര്‍നെറ്റില്‍ വിരാജിക്കുന്ന ബിറ്റ്കോയിനും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ ഉപഭോഗം അടിസ്ഥാനപ്പെടുത്തുമ്പോള്‍ രണ്ട് മില്യണ്‍ ജീവനക്കാരുള്ള അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംവിധാനം പോലും ബിറ്റ്കോയിന് പിന്നിലാണ്. ഇതിന്റെ ഫലമായി വന്‍തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളിന് ബിറ്റ്കോയിന്‍ വഴിതെളിക്കുന്നു. യൂറോപ്യന്‍ രാജ്യമായ ഗ്രീസ് പുറന്തള്ളന്നത്രയും തന്നെ കാര്‍ബണ്‍ ബിറ്റ്കോയിന്റെ പേരിലും കുറിക്കപ്പെടുന്നുണ്ട്. ക്രിപ്റ്റോകറന്‍സിക്ക് വില കുതിച്ചുയരുമ്പോഴെല്ലാം ലോകം ഒന്നടങ്കം ബിറ്റ്കോയിന്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ അവസരങ്ങളില്‍ കൂടുതല്‍ ആളുകള്‍ ക്രിപ്റ്റോകറന്‍സി ‘ഖനനം’ ചെയ്യാന്‍ രംഗത്തുവരുന്നു. മൈനര്‍മാര്‍ എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്.
പഴുതടച്ച സങ്കീര്‍ണമായ നെറ്റ്വര്‍ക്ക് ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ് ബിറ്റ്കോയിന്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികത്തിക വാര്‍ന്ന ഈ നെറ്റ്വര്‍ക്ക് വിദ്യയ്ക്ക് ഉയര്‍ന്ന തോതില്‍ ഊര്‍ജം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന്‍ മൈന്‍ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ ഊര്‍ജ ഉപഭോഗവും ആനുപാതികമായി വര്‍ധിക്കും. ബിറ്റ്കോയിന്‍ നിലവാരം 10 ലക്ഷം ഡോളര്‍ തൊട്ടാല്‍ ജപ്പാനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അഞ്ചാമത്തെ പ്രസ്ഥാനമായി ബിറ്റ്കോയിന്‍ മാറുമെന്ന് റിപ്പോര്‍ട്ടില്‍ ബാങ്ക് ഓഫ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ടെസ്ലകാര്‍ വാങ്ങാന്‍ ബിറ്റ്‌കോയിന്‍
ബിറ്റ്കോയിന്‍ കൊടുത്തും ടെസ്ലയുടെ വൈദ്യുത കാറുകള്‍ വാങ്ങാം. ടെസ്ലാ മേധാവി ഇലോണ്‍ മസ്‌കാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ സ്വീകരിച്ച് ഉത്പന്നം വില്‍ക്കുന്ന ലോകത്തെ ആദ്യ വാഹന കമ്പനിയായി ടെസ്ല മാറി. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന ബിറ്റ്കോയിന്‍ പണമാക്കി (ഫിയറ്റ് കറന്‍സി) മാറ്റാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. ഇവ ബിറ്റ്കോയിനായിത്തന്നെ കൈവശം സൂക്ഷിക്കും. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ബിറ്റ്കോയിന്‍ വഴി കാര്‍ വാങ്ങാന്‍ ടെസ്ല സൗകര്യമൊരുക്കുന്നത്. 2021 അവസാനത്തോടെ അമേരിക്കയ്ക്ക് പുറത്തും ‘പേ ബൈ ബിറ്റ്കോയിന്‍’ സംവിധാനം കമ്പനി ലഭ്യമാക്കും. ഫെബ്രുവരിയിലാണ് ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയ കാര്യം ടെസ്ല വെളിപ്പെടുത്തിയത്. 1.5 ബില്യണ്‍ ഡോളറിന്റെ ബിറ്റ്കോയിന്‍ വാങ്ങിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് മുമ്പാകെ കമ്പനി അന്ന് അറിയിച്ചു. ടെസ്‌ല നിക്ഷേപം നടത്തിയ വിവരം പുറത്തുവന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ ക്രിപ്റ്റോകറന്‍സി വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിയത്. ബിറ്റ്കോയിനൊപ്പം എഥീറിയം, ഡോഗികോയിന്‍ മുതലായ ക്രിപ്റ്റോകറന്‍സികളും നേട്ടം കൊയ്തു. എന്നാല്‍ ബിറ്റ്കോയിന് വിപണി അമിത മൂല്യം കല്‍പ്പിക്കുകയാണെന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ക്രിപ്റ്റോകറന്‍സിയുടെ മുന്നേറ്റത്തിന് വിനയായി.