ലോകമെങ്ങും ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ റഷ്യയില്‍ അത് ജനുവരി ഏഴിനാണ്. അതിന്റെ കാരണമറിയണമെങ്കില്‍ കലണ്ടറിന്റെ ചരിത്രം അറിയണം. 1500 വര്‍ഷത്തോളം യൂറോപ്പില്‍ ഉപയോഗിച്ചിരുന്നത് ജൂലിയന്‍ കലണ്ടറായിരുന്നു. ജൂലിയസ് സീസര്‍ അലക്‌സാന്‍ഡ്രിയയിലെ സോസിജെനസസിന്റെ നിര്‍ദേശപ്രകാരം ബി.സി 46ല്‍ നടപ്പാക്കിയതാണ് ജൂലിയന്‍ കലണ്ടര്‍. ജനുവരിയില്‍ തുടങ്ങി 12 മാസങ്ങള്‍ ചേര്‍ന്നതായിരുന്നു കലണ്ടറിലെ ഒരു വര്‍ഷം. അതിന് മുമ്പുള്ള കലണ്ടറില്‍ പുതുവര്‍ഷം ആരംഭിച്ചിരുന്നത് മാര്‍ച്ചിലാണ് ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തില്‍ 365 ദിവസമായിരുന്നു. ഭൂമിയുടെ കറക്കത്തിനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ 365 ദിവസവും അഞ്ചു മണിക്കൂറും 48 മിനിറ്റും 46 സെക്കന്‍ഡും ഉള്‍പ്പെടുന്നതാണ് ഒരു വര്‍ഷം. അധിക സമയം ബാലന്‍സ് ചെയ്യാനായി ആ കലണ്ടറില്‍ നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂട്ടി 29 ദിവസങ്ങളാക്കുകയും ചെയ്തിരുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ ഒരു അധികദിവസം കൂട്ടിയപ്പോള്‍ ഓരോ വര്‍ഷത്തിനും 6 മണിക്കൂര്‍ ലഭിച്ചു. പക്ഷേ വേണ്ടത് ശരിക്കും 5 മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്‍ഡ്. അപ്പോഴും ദിവസവും 11 മിനിറ്റിലും അല്പം കൂടുതല്‍ കിടന്നു. ഈ അധികസമയങ്ങള്‍ പെരുകിപ്പെരുകി പതിനാറാം നൂറ്റാണ്ടെത്തുമ്പോഴേക്കും കലണ്ടറില്‍ 10 ദിവസത്തെ വ്യത്യാസം വന്നിരുന്നു.
1582ല്‍ അക്കാലത്തെ കാത്തോലിക്ക പോപ്പ് ആയിരുന്ന ഗ്രിഗറി പതിമൂന്നാമന് ഈസ്റ്റര്‍ ഉറപ്പിക്കുന്നതിനു ചില ബുദ്ധിമുട്ടുകള്‍ വരികയും ഇത് ജൂലിയന്‍ കലണ്ടറിന്റെ അപാകത മൂലമാണെന്ന് മനസിലാക്കുകയും ചെയ്തു. പിന്നീടാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ കൊണ്ടുവരികയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കുന്നത് ഗ്രിഗറി അദ്ദേഹം 1582 ഒക്ടോബര്‍ 4 വ്യാഴാഴ്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബര്‍ 15 വെള്ളിയാഴ്ച എന്നാക്കി മാറ്റി. അതുവരെ അധികം വന്ന 10 ദിവസം കുറയ്ക്കുകയായിരുന്നു ചെയ്തത്. ഭാവിയില്‍ ഈപ്രശ്‌നം വരാതിരിക്കുവാന്‍, ഇന്നു കാണുന്ന വിധത്തില്‍ ക്രമപ്പെടുത്തലുകളും ചെയ്തു. ജ്യോതിശാസ്ത്രകാരനും തത്ത്വചിന്തകനുമായിരുന്ന അലോഷിയസ് ലിലിയസാണ് ഈ കലണ്ടര്‍ തയ്യാറാക്കിയത്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടാകുമെങ്കിലും നൂറ്റാണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമെ ഫെബ്രുവരിയില്‍ 29 ദിവസം വേണ്ടൂ എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഇതോടെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാലും കലണ്ടര്‍ കൃത്യത പുലര്‍ത്തുമെന്ന് ഉറപ്പായി.
സ്‌പെയ്ന്‍, ഇറ്റലി, നെതര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇവ പിന്തുടര്‍ന്നു. 50 വര്‍ഷങ്ങള്‍ക്ക് ആസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി എന്നിവരൊക്കെ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. എന്നാല്‍ ബ്രിട്ടനും അവരുടെ സാമ്രാജ്യങ്ങളും ജൂലിയന്‍ കലണ്ടറില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. തീയതികള്‍ തെറ്റുന്നതും മാസങ്ങള്‍ മാറി പോകുന്നതും അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കല്ലുകടിയായി. തൊട്ട് അയല്‍ക്കാരായ സ്‌കോട്ട്‌ലന്‍ഡും പുതിയ കലണ്ടറിലേക്ക് മാറിയതോടെ പരാതികള്‍ കുന്നുകൂടി. ഒടുവില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. എ.ഡി 1752 സെപ്തംബര്‍ രണ്ടിന് ബുധനാഴ്ച പതിവു പോലെ രാത്രി ഉറങ്ങാന്‍ കിടന്ന ബ്രിട്ടീഷ് സാമ്രാജ്യം ഉണര്‍ന്നത് പിന്നീട് 11 ദിവസങ്ങള്‍ക്ക് ശേഷമാണ്. സെപ്തംബറിലെ 11 ദിവസങ്ങള്‍ എടുത്തുകളഞ്ഞു. വാടക വീട്ടിലും മറ്റും താമസിച്ചിരുന്നവരോട് മുതലാളിമാര്‍ ആ മാസത്തെ മുഴുവന്‍ വാടക വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തൊഴിലാളികളും ആ മാസത്തെ ശമ്പളം മുഴുവനായി വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്മെന്റിനെതിരെ തിരിഞ്ഞു. അവസാനം ആ മാസം എല്ലാവര്‍ക്കും 30 ദിവസത്തെ ശമ്പളം കൊടുക്കണമെന്ന് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ബ്രിട്ടണും അതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യവും ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയതോടെ ലോകത്തിന്റെ മിക്കഭാഗങ്ങളിലും ഉപയോഗിക്കുന്ന കലണ്ടറായി മാറി അത്. ഏറ്റവും അവസാനമായി ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയ രാജ്യങ്ങളിലൊന്നാണു റഷ്യ. പക്ഷേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നത് കൊണ്ടാണ് റഷ്യയില്‍ ക്രിസ്മസ് ജനുവരിയിലാകുന്നത്. ബ്രിട്ടണ്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതോടെ ഇന്ത്യയും ഈ രീതി പിന്തുര്‍ന്നു. കേരളത്തില്‍ പഴമക്കാര്‍ ഉപയോഗിക്കുന്നത് മലയാളം കലണ്ടറാണ്. ഇതിനെ കൊല്ലവര്‍ഷം എന്നും പറയുന്നു. കൊല്ലത്തെ രാജാവായിരുന്ന കുലശേഖരവര്‍മ 825ല്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ചതാണ് കൊല്ലവര്‍ഷം എന്നതാണ് വിലയിരുത്തപ്പെടുന്നത്.