മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആഗോള താപനം. വ്യവസായവിപ്ലവപൂര്‍വ കാലഘട്ടത്തെ അപേക്ഷിച്ച് ആഗോള ശരാശരി താപനിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഭൂമിയില്‍ പതിക്കുന്ന സൂര്യതാപത്തെ തിരിച്ചു മുകളിലേക്ക് പോകാന്‍ അനുവദിക്കാതെ അന്തരീക്ഷം തടയുന്നതിന്റെ ഫലമായി ഭൗമോപരിതലത്തിലുണ്ടാകുന്ന ഉയര്‍ന്ന ചൂടിനെയാണല്ലോ ഹരിത ഗൃഹപ്രഭാവം. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കൂടുന്നതാണ് ആഗോളം താപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത് യൂനിസ് ന്യൂട്ടന്‍ ഫൂട്ട് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞയാണ്. ഗവേഷക എന്ന കുപ്പായത്തോടൊപ്പം യൂനിസിന് ഏറെ ഇണങ്ങുന്നതാണ് സ്ത്രീകളുടെ അവകാശങ്ങളുടെ മുന്നണി പോരാളി എന്നത്. 1856 ആഗസ്റ്റ് 23ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കാര്‍ബണിന്റെ അപകടകരമായ ഈ സവിശേഷത ലോകം ആദ്യമായി അറിഞ്ഞത്. സൂര്യപ്രകാശത്തിന്റെ താപനത്തെക്കുറിച്ച് പരീക്ഷിച്ച ആദ്യത്തെ ശാസ്ത്രജ്ഞയായിരുന്നു യൂനിസ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അനുപാതം മാറുന്നത് താപനിലയെ മാറ്റുമെന്ന് സൈദ്ധാന്തികമായി അവര്‍ തെളിയിച്ചു. ലളിതമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് യൂനിസ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഈ പ്രത്യേകത സ്വഭാവം കണ്ടെത്തിയത്. രണ്ട് ഗ്ലാസ് സിലിണ്ടറുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിച്ചത്. സിലിണ്ടറുകളില്‍ ഓരോ തെര്‍മോമീറ്റര്‍ ഘടിപ്പിച്ചു. അതിനു ശേഷം ഒന്നില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റേതില്‍ സാധാരണ അന്തരീക്ഷ വായുവും നിറച്ചു. ഈ രണ്ട് സിലിണ്ടറുകളും സൂര്യപ്രകാശത്തില്‍ വച്ചശേഷം താപനിലയിലെ വ്യത്യാസം അളന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറച്ച സിലിണ്ടര്‍ മറ്റേതിനേക്കാള്‍ ചൂട് പിടിച്ചതായി കണ്ടെത്തി. നീരാവിയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെ ചൂട് വലിച്ചെടുക്കുന്ന ഒരു വാതകമാണ് യൂനിസ് തന്റെ പ്രബന്ധത്തില്‍ കുറിച്ചു. സ്ത്രീകള്‍ ശാസ്ത്രരംഗത്ത് വിരളമായ കാലഘട്ടത്തില്‍ യൂനിസ് നടത്തിയ കണ്ടെത്തലിന് പക്ഷേ അധികം ശ്രദ്ധലഭിച്ചില്ല. പ്രബന്ധം കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത് തന്നെ യൂനിസിന്റെ സഹപ്രവര്‍ത്തകനായ ജോസഫ് ഹെന്റി ആയിരുന്നു.
അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലടക്കം പ്രസിദ്ധീകരിച്ചിട്ടും യൂനിസ് ഫൂട്ടിന്റെ കണ്ടുപിടുത്തം അക്കാലത്ത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. ഐറിഷ് ശാസ്ത്രജ്ഞനായ ജോണ്‍ ടിന്‍ഡല്‍ ആണ് കാര്‍ബണ്‍ ഡൈ ഓക് സൈഡിന്റെ ഈ പ്രത്യേകത കണ്ടുപിടിച്ചതെന്നാണ് ഈ അടുത്ത കാലം വരെ വിശ്വസിക്കപ്പെട്ടിരുന്നത്. യൂസിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് ടിന്‍ഡല്‍ തന്റെ കണ്ടുപിടുത്തം നടത്തിയത്. യൂനിസിന്റെ കണ്ടെത്തല്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുണ്ടായ പ്രധാന കാരണം അവര്‍ സ്ത്രീയായതു കൊണ്ടായിരുന്നു. ഗവേഷണങ്ങളിലെന്ന പോലെ തന്നെ സ്ത്രീകളുടെ അവകാശ പോരാട്ടത്തിലും മുഴുകിയിരുന്നതിനാല്‍ ജോണ്‍ ടിന്‍ഡലിനോളം അവര്‍ ശാസ്ത്രലോകത്ത് സ്വീകാര്യയല്ലായിരുന്നു. അതിനു പുറമെ യൂനിസിന് ബിരുദമോ ഗവേഷണ ബിരുദമോ ഉണ്ടായിരുന്നില്ല എന്നതാണ്. 2011ല്‍ ഒരു ജിയോളജിസ്റ്റ് യൂനിസിന്റെ പേപ്പര്‍ വായിക്കുകയും അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. അതിനുശേഷമാണ് യൂനിസിന്റെ നിരീക്ഷണ പരീക്ഷണങ്ങളെ ഒരിക്കക്കൂടി ശാസ്ത്രലോകം വീണ്ടും ശ്രദ്ധിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ത്രീ ശാസ്ത്രജ്ഞരുടേതായി പതിനാറ് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ആദ്യത്തെ രണ്ടെണ്ണം യൂനിസ് ന്യൂട്ടണ്‍ ഫൂട്ടിന്റെതായിരുന്നു. അമേരിക്കയിലെ സ്ത്രീകളുടെ ആദ്യത്തെ അവകാശ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച ഡിക്ലറേഷന്‍ സ്റ്റേറ്റ്മെന്റില്‍ ഒപ്പുവച്ച 68 പേരില്‍ ഒരാളും യൂനിസായിരുന്നു.
ഗോഷനിലെ കനറ്റികെറ്റ് പ്രവിശ്യയില്‍ 1819ലാണ് യൂനിസ് ന്യൂട്ടന്‍ ഫൂട്ട് എന്ന പ്രതിഭ ജനിച്ചത്. കര്‍ഷകനായിരുന്നു പിതാവ് ഐസക് ന്യൂട്ടണ്‍ കര്‍ഷകനും സംരംഭകനുമായിരുന്നു. ന്യൂയോര്‍ക്കിലാണ് യൂനിസ് ബാല്യം ചെലവഴിച്ചത്. കോളേജിലേക്കുള്ള തയ്യാറെടുപ്പ് നടത്താനുള്ള സ്‌കൂള്‍ ആയിരുന്നു ട്രോയ് ഫീമെയ്ല്‍ സെമിനാരി എന്ന് വിളിച്ചിരുന്ന ഒരിടത്താണ് വിദ്യാഭ്യാസം. ആ സ്‌കൂളിലെ കുട്ടികള്‍ക്ക് സമീപത്തുള്ള ഒരു കോളേജില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുവാദമുണ്ടായിരുന്നു. അത്തരം ക്ലാസുകളില്‍ നിന്നാണ് കെമിസ്ട്രിയും ബയോളജിയും പോലുള്ള സയന്‍സ് വിഷയങ്ങള്‍ യൂനിസ് പഠിച്ചത്. അമേരിക്കന്‍ വിദ്യഭ്യാസ വിദഗ്ധയായ അല്‍മിറ ഹാര്‍ട്ടിന്റെ ലിങ്കണ്‍ ഫെല്‍പ്സ് എന്ന പുസ്തകമാണ് യൂനിസിനെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ചത്. സ്വന്തമായിട്ട് വിദ്യഭ്യാസം നേടാന്‍ അവരെ പ്രാപ്തമാക്കിയതും ആ പുസ്തകമായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം യൂനിസ് തന്റെതായ രീതിയില്‍ വാതകങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ ആരംഭിച്ചു. അല്‍മിറ ഹാര്‍ട്ടിന്റെ സഹോദരിയും ശാസ്ത്രജ്ഞനയും സ്ത്രീകളുടെ അവകാശസംരക്ഷണ പ്രവര്‍ത്തകയുമായ എമ വില്‍ഫ്രഡും യൂനിസിന് വഴിക്കാട്ടിയായി.
നൂറ്റാണ്ടുകളായി സ്ത്രീകള്‍ ശാസ്ത്രത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും അര്‍ഹമായ സ്ഥാനമോ ബഹുമതിയോ പലപ്പോഴും ലഭിച്ചിരുന്നില്ല. യൂനിസ് ഫൂട്ടിനെ പോലെ ചരിത്രത്തിന്റെ കോണുകളില്‍ അവര്‍ അവഗണിക്കപ്പെട്ടു കിടന്നു. ജെയിംസ് വാട്സണും ഫ്രാന്‍സിന് ക്രിക്കും ഡി.എന്‍.എ ഘടന കണ്ടെത്തിയെങ്കിലും തന്മാത്രയുടെ എക്സ്റേ ചിത്രങ്ങള്‍ പകര്‍ത്തിയ റോസലിന്‍ഡ് ഫ്രാങ്ക്ലിനെക്കുറിച്ച് ശാസ്ത്രലോകം മറന്നു. നാസയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതകളായ കാതറിന്‍ ജോണ്‍സണ്‍, ഡൊറോത്തി വോണ്‍, മേരി ജാക്സണ്‍ എന്നിവര്‍ ബഹിരാകാശയാത്രികനായ ജോണ്‍ ഗ്ലെന് 1962ല്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ വഴികാട്ടിയ സമവാക്യങ്ങള്‍ കണ്ടെത്തുകയും ചെയ്തെങ്കിലും അവരുടെ പേരുകള്‍ ശാസ്ത്രലോകം മറന്നു. 2016ല്‍ ഇവരുടെ കഥ അനാവരണം ചെയ്ത ഹിഡന്‍ ഫിഗേഴ്‌സ് എന്ന പുസ്തകം അമേരിക്കയിലെ ബെസ്റ്റ് സെല്ലറായിരുന്നു. അതേ പേരില്‍ പുറത്തിറങ്ങിയ സിനിമയും ബോക്‌സോഫില്‍ വന്‍വിജയമായി.
ആഗോളതാപനം എന്നത് ഒരു അനിഷേദ്ധ്യ യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ വിശ്വസനീയവും ശാസ്ത്രീയവുമായ ഒട്ടേറെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പരിസ്ഥിതിയോട് കൂടുതല്‍ ഇണങ്ങിച്ചേരും വിധമുള്ള മലിനീകരണ ലഘൂകരണ നടപടികള്‍ സ്വീകരിക്കാതെ പ്രശ്‌നത്തെ നിസാരവത്ക്കരിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.8 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി സമുദ്രജലനിരപ്പ് 18 മുതല്‍ 50 സെ.മീ വരെ ഉയരാം. കൊല്‍ക്കത്ത, ധാക്ക, ഷാന്‍ഹായ് തുടങ്ങിയ നഗരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകാന്‍ ഇത് ധാരാളം മതി. കഴിഞ്ഞ 56 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ദ്ധനവിന് കാരണം മനുഷ്യന്റെ ചെയ്തികളാണ്. ഉഷ്ണക്കാറ്റുകള്‍, കഠിനമായ വരള്‍ച്ച, വിനാശകരമായ പ്രളയം, സമുദ്രജലനിരപ്പുയരല്‍ തുടങ്ങിയ എണ്ണറ്റ മാറ്റങ്ങളാണ് ആഗോളതാപനംമൂലം ഉണ്ടാകുന്നത്. ആഗോളതാപനം പരിധി വിട്ടുയര്‍ന്നാലുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ആഘാത ബാധിതരായേക്കാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2015ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ താപവര്‍ദ്ധനാ പരിധി രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കവിയരുതെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.