നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി പുതിയ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ്് കോഡ് 2021 കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഐ.ടി ആക്ടില്‍ ഭേദഗതി കൊണ്ടുവരാന്‍ കുറേ നാളുകളായി സര്‍ക്കാര്‍ പരിശ്രമിക്കുകയായിരുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നി സോഷ്യല്‍ മീഡിയ മെസേജിംഗ് ആപ്പുകള്‍ക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്കും എല്ലാത്തരം ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ പോര്‍ട്ടലുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ചെങ്കോട്ട സംഘര്‍ഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടിയ കേന്ദ്രസര്‍ക്കാര്‍ അതിനു പിന്നാലെയാണ് ഡിജറ്റല്‍ മാധ്യമങ്ങളെ പിടിച്ചു കെട്ടാനുളള നിയമവുമായി വരുന്നത്. പുതിയ നിയമത്തിന്റെ ഭാഗമായി എല്ലാ ഒ.ടി.ടി-സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളില്‍ നിന്നും വരുന്ന പരാതികള്‍ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം.
വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന കര്‍ശനമായ മേല്‍നോട്ട സംവിധാനവും ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്നതുംനിയമത്തിന്റെ ഭാഗമാണ്. ഇതിനായി ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലില്‍ ഒരു ഉദ്യോഗസ്ഥന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. അവര്‍ ഉള്ളടക്കം നീക്കംചെയ്യുകയാണെങ്കില്‍ അത് ഉപയോക്താക്കള അറിയിക്കേണ്ടതുണ്ട്, ഉപയോക്താക്കളുടെ പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുമ്പ് കാരണങ്ങള്‍ വ്യക്തമാക്കുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്യും. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം. പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാര്‍ത്ഥ നിര്‍മ്മാതാവിനെ കണ്ടെത്താന്‍ സംവിധാനം വേണം. ഒ.ടി. ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തില്‍ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാല്‍ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട ഡിജിറ്റല്‍ കമ്പനി വിവരങ്ങള്‍ കൈമാറണം. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ ഉള്ളില്‍ നടപടിയുണ്ടാകണം.
നിലവിലുള്ള ഐടി ആക്ടിനെ പരിഷ്‌കരിച്ചാണ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് ഉണ്ടാക്കുന്നത് അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയൊരു നിയമം കൊണ്ടു വരികയല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഐടി ആക്ടിന്റെ ഭാഗമായി നിലവില്‍ ടെലിവിഷന്‍ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്. അതേ മാതൃകയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെയോ പ്രമുഖ വ്യക്തികളുടേയോ നേതൃത്വത്തിലാകണം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിഗം ആപ്പുകളുടെ കാര്യത്തില്‍ പ്രായഭേദമനുസരിച്ച് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണം. 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെന്‍സറിംഗ് നടപ്പാക്കാന്‍. അഡല്‍ട്ട് കണ്ടന്റുകള്‍ കുട്ടികള്‍ക്ക് കാണാന്‍ ആകാത്ത രീതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തണം. വാര്‍ത്ത പോര്‍ട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയമങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് രാജ്യത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ പ്രതികൂലമായി ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം. ഒ.ടി.ടി വ്യൂവര്‍ഷിപ്പില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് വന്‍ വര്‍ദ്ധനവാണുണ്ടായത്. ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടെ 40 ലധികം ഒ.ടി.ടി സേവനം ലഭ്യമാക്കുന്ന കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ സ്പോട്ടിഫൈ ഉള്‍പ്പെടെ 10 ഓളം മ്യൂസിക് സ്ട്രീമിംഗ് ആപ്പുകളുമുണ്ട്. ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം വരിക്കാരും ആഴ്ചയിലൊരിക്കല്‍ സിനിമ കാണുന്നുവെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഒ.ടി.ടി വ്യവസായം 240 ശതമാനം വളര്‍ച്ചയാണ് ഈ സമയത്ത് കൈവരിച്ചത്.