ലോകത്ത് കാല്പനികതയുടെ വസന്തം തീര്‍ത്ത മൂന്നക്ഷരം. മറ്റുള്ളവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കവേ മനസില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ഉദിക്കുന്നു എന്നും ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ചെലവാക്കവേ ഹൃദയത്തില്‍ നിത്യനിര്‍മ്മല പൗര്‍ണമി ഉണ്ടാവുന്നു എന്നും കവി കുറിക്കുന്നു. ആധുനിക മലയാളകവികളുടെ കൂട്ടത്തില്‍ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്‌കാര ലാളിത്യം കൊണ്ടും ഉന്നതശീര്‍ഷനായി മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി നിലകൊള്ളുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തില്‍ ഏറ്റവും വലിയ വിപരീത ലക്ഷണ എഴുതിയതും അദ്ദേഹം തന്നെ.
കാലത്തിനു മുമ്പേ സഞ്ചരിച്ചവ എന്നാണ് ഇതിഹാസങ്ങളെ നിര്‍വചിക്കാറുള്ളത്. മലയാള സാഹിത്യത്തിലെ രണ്ട് ഇതിഹാസങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യം. മറ്റൊന്ന് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. 1952ല്‍ പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആധുനിക മലയാളം കവിതകള്‍ക്ക് മുതല്‍ക്കൂട്ടായി മാറി. ഇതിഹാസത്തിന്റെ നിര്‍വചനങ്ങളെ പൂര്‍ണമായും ശരിവയ്ക്കുന്നതാണ് അക്കിത്തത്തിന്റെയും ഒ.വി വിജയന്റെയും സാഹിത്യസൃഷ്ടികള്‍. മലയാള സാഹിത്യം ഇതിഹാസങ്ങള്‍ക്ക് മുമ്പും ശേഷവും എന്ന രീതിയില്‍ സാഹിത്യ ചരിത്രത്തെ വേര്‍തിരിക്കാന്‍ ഈ കൃതികള്‍ക്കായി. ” വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം ” എന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ വരികള്‍ക്ക് മാനവരാശിയുള്ള കാലമത്രയും അര്‍ത്ഥശോഭയുണ്ടാകും.
സ്വര്‍ഗം, നരകം, പാതാളം, ഭൂമി എന്നി നാലു ഖണ്ഡങ്ങളായി എഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തത്തിന് മലയാള സാഹിത്യലോകത്ത് പ്രത്യേക ഇരിപ്പിടം നേടിക്കൊടുത്തു. മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ജീവിതദര്‍ശനത്തിന്റെ ഉദാത്തഭാവങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രസരിപ്പിക്കുന്നത്. സ്നേഹശൂന്യവും അധാര്‍മ്മികവുമാകുന്ന വിപ്ലവം വിജയിക്കയില്ലെന്ന് വിളംബരം ചെയ്ത കൃതി ഏറെ വിമര്‍ശങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഹിംസയെ നിരാകരിച്ച് അഹംസയെ വരിച്ചതും ആയുധങ്ങളെ നിരാകരിച്ച് വിപ്ലവത്തെ വഞ്ചിച്ച കവി എന്നും അക്കിത്തം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും അവസാനിക്കുന്നില്ല. അക്കിത്തത്തിലെ കവിയെ ആഴത്തില്‍ കണ്ടെത്തിയത് മഹാകവി ഇടശേരിയാണ്. കവിതയില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശേരി അക്കിത്തത്തെ ഉപദേശിച്ചത്. അക്കിത്തം എന്നും അനാഥരുടെയും അശരണയുടെയും പക്ഷത്തു നിന്നായിരുന്നു തൂലിക ചലിപ്പിച്ചത്.
1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായിട്ടാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജനനം. ബാല്യത്തില്‍ തന്നെ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. എട്ടാമത്തെ വയസുമുതല്‍ കവിത എഴുതി തുടങ്ങിയ അക്കിത്തത്തിന് ചിത്രകല, സംഗീതം എന്നിവയിലൊക്കെയായിരുന്നു താല്‍പ്പര്യം. പൊന്നാന്നിക്കളരിയില്‍ ഇടശേരി, വി.ടി ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, എം.ആര്‍.ബി. എന്നിവരുടെ സന്തതസാഹചര്യങ്ങളും ശിഷ്യത്വവും അക്കിത്തത്തിലെ കവിയെ വളര്‍ത്തി. ഇളുമുറക്കാരായ എം.ടി വാസുദേവന്‍ നായരും സി.രാധാകൃഷ്ണനും സാഹിത്യസപര്യയില്‍ കൂട്ടായി. കുമരനല്ലൂര്‍ ഗവണ്മെന്റ് ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിന്നു ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും പഠിപ്പു തുടരാന്‍ സാധിച്ചില്ല. പിന്നീട് 1946 മുതല്‍ മൂന്നുവര്‍ഷം തൃശൂര്‍ മംഗളോദയം പ്രസില്‍ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രിന്ററും പബ്ലിഷറുമായി പ്രവര്‍ത്തിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അക്കിത്തം വൈകാതെ യോഗക്ഷേമസഭയുടെ സജീവ പ്രവര്‍ത്തകനായി. യോഗക്ഷേമം മാസികയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ തൃശൂര്‍ ആകാശവാണി നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി അക്കിത്തത്തെ ആദരിച്ചു.
1946-49 കാലത്ത് യോഗക്ഷേമസഭയുടെ പ്രമുഖനേതാക്കളായിരുന്ന വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു. 1950ല്‍ കാലഘട്ടത്തില്‍ പൊന്നാനി കേന്ദ്രകലാസമിതിയുടെ സെക്രട്ടറി, 1953ല്‍ പ്രസിഡന്റ് പദവികള്‍ അക്കിത്തം വഹിച്ചിട്ടുണ്ട്. എന്‍.വി.കൃഷ്ണവാരിയര്‍, സി.ജെ തോമസ്, എം.ഗോവിന്ദന്‍, ചിറക്കല്‍ ടി. ബാലകൃഷ്ണന്‍നായര്‍, എസ്.കെ. പൊറ്റെക്കാട്ട് എന്നിവര്‍ക്ക് ഈ കലാസമിതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രകലാസമിതിയാണ് പില്‍ക്കാലത്ത് കേരളത്തിലെ നാടകപ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മലബാര്‍ കേന്ദ്രകലാസമിതിയായി വികസിച്ചത്.
കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവര്‍ത്തനം എന്നി മേഖലകളിലായി 47 പുസ്തകങ്ങള്‍ അക്കിത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തിരഞ്ഞെടുത്ത കവിതകള്‍, കവിതകള്‍ സമ്പൂര്‍ണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം, ദേശസേവിക, സാഗരസംഗീതം എന്നിവയാണ് മറ്റ് കവിതാസമാഹാരങ്ങള്‍. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നി ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നി ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം തുടങ്ങിയ ലേഖന സമാഹാരങ്ങളും അക്കിത്തത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. 2019ലെ ജ്ഞാനപീഠം അവാര്‍ഡ്, മൂര്‍ത്തിദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യഅക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് , കബീര്‍സമ്മാന്‍ തുടങ്ങി 37ലധികം പുരസ്‌കാരങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനെ തേടിയെത്തിയിട്ടുണ്ട്. അക്കിത്തത്തിന്റെ കവിതകള്‍ നിരവധി തെലുങ്ക്, ഹിന്ദി തുടങ്ങിയ എന്നിവയിലേക്കും ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എട്ട് പതിറ്റാണ്ടുകള്‍ നീണ്ട കാവ്യസപര്യയില്‍ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസായാണ് അക്കിത്തം വിലയിരുത്തപ്പെടുന്നത്.