
Passion of Finance || Column by
നിസി പ്രവീൺ
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
ഫൈനൊമിസ് ഇൻവെസ്റ്റ്മാർട് എൽ എൽ പി
സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് സ്വർണം അങ്ങനെതന്നെ വാങ്ങേണ്ടതില്ലെന്ന് നിങ്ങൾക്കറിയാമോ? വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള മൂന്ന് മികച്ച മാർഗങ്ങളാണ് ഗോൾഡ് ഇടിഎഫുകൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവ. ഈ ഓപ്ഷനുകളിൽ നിക്ഷേപിക്കുന്നത് സ്വർണ്ണവുമായി ബന്ധപ്പെട്ട സ്‌റ്റോറേജ് പ്രശ്‌നങ്ങളും മോഷണ സാധ്യതകളും പോലുള്ള പ്രതികൂലഘടകങ്ങൾക്ക് പരിഹാരവുമാകുന്നു.

ഇത്തരം രീതികളിൽ നിക്ഷേപിക്കുന്നതിലൂടെ സ്വർണ്ണം ഫിസിക്കലായി കൈവശം നൽകുകയല്ല എന്ന് നിക്ഷേപകർ മനസ്സിലാക്കിയിരിക്കണം. ഈ നിക്ഷേപ മാർഗങ്ങൾ നിക്ഷേപകരെ സ്വർണ്ണത്തിന്റെ വിലമാറ്റത്തിൽ പങ്കാളികളാക്കാൻ അനുവദിക്കുന്നു. കൈമാറുമ്പോൾ, വരുമാനം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു, സ്വർണ്ണം ഡെലിവറി ചെയ്യുകയേ ഇല്ല.
ഗോൾഡ് ഫണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് ലളിതമായി പറയാം .
ഈ മാർഗങ്ങൾ എന്തൊക്കെയാണ്?
ഓഹരികൾ പോലെയുള്ള യൂണിറ്റുകളാണ് ഗോൾഡ് ഇടിഎഫുകൾ. ആഭ്യന്തര സ്വർണ്ണത്തിന്റെ വില ട്രാക്ക് ചെയ്യുന്ന ഇവ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ യൂണിറ്റുകൾ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ഗോൾഡ് ഫണ്ട് എന്നത് ഗോൾഡ് ഇടിഎഫ് യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഒരു കമ്മോഡിറ്റി മ്യൂച്വൽ ഫണ്ടാണ്.
ഇന്ത്യാ ഗവമെന്‍റിന് വേണ്ടി ആർബിഐ നൽകുന്ന ബോണ്ടുകളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഗോൾഡ് ബോണ്ടുകൾ നിക്ഷേപം സ്വീകരിക്കുന്നതിനു മുൻപുള്ള ഒരാഴ്ചയിലെ ശരാശരി വിലയിൽ ഇഷ്യു ചെയ്യുന്നു . സ്വർണ്ണത്തിന്റെ വിലമാറ്റത്തിനു പുറമേ, നിക്ഷേപകർക്ക് നിക്ഷേപത്തിന് അർദ്ധവാർഷിക അടിസ്ഥാനത്തിൽ 2.5% പലിശയും ലഭിക്കുന്നു.
എങ്ങനെ നിക്ഷേപിക്കാം?
മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഗോൾഡ് ഇടിഎഫുകളും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
നിക്ഷേപകർക്ക് ഒരു സാധാരണ മ്യൂച്വൽ ഫണ്ട് പോലെ തന്നെ ഒരു ഗോൾഡ് മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാം. ഗോൾഡ് ഫണ്ട് നിക്ഷേപകർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനും (SIP) ലഭ്യമാണ്.
ബാങ്കുകളും സ്റ്റോക് എക്സ്ചേഞ്ചുകളും സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിനാൽ, നിക്ഷേപകർക്ക് അവരുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പോർട്ടൽ വഴിയോ സ്റ്റോക് ബ്രോക്കർ മൊബൈൽ ആപ്പ് മുഖേനയോ ഫോമുകൾ പൂരിപ്പിച്ചോ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഓൺലൈനായി നിക്ഷേപിക്കാം. ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമല്ല. ഡീമാറ്റ് അക്കൗണ്ടുള്ള നിക്ഷേപകർക്ക് ഇലക്ട്രോണിക് ഫോർമാറ്റിൽ യൂണിറ്റുകൾ കൈവശം വയ്ക്കാം. ഈ ബോണ്ടുകൾ RBI കലണ്ടർ അനുസരിച്ച് ഏതാനും ആഴ്ചകൾ കൂടുമ്പോൾ കുറച്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനായി ഓപ്പൺ ചെയ്യുന്നുണ്ട്.ഓൺലൈൻ പേയ്‌മെന്റ് ചെയ്യുന്നത്തിലൂടെ ഗ്രാമിന് അൻപത് രൂപ കുറച്ചു നൽകിയാൽ മതിയാകും.
റിട്ടേൺസ്/പലിശ എന്തായിരിക്കും?
മൂന്ന് ഓപ്ഷനുകളും സ്വർണ്ണത്തിന്റെ വില ട്രാക്ക് ചെയ്യുന്നു. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട്, ഗോൾഡ് ബോണ്ട് എന്നിവ വഴി ലഭിക്കുന്ന വരുമാനം സ്വർണ്ണവിലയുടെ മാറ്റത്തെ ആശ്രയിച്ചിരിക്കും. അതിനാൽ, ഈ ഓപ്ഷനുകളിൽ നിക്ഷേപിക്കുന്നത് സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നില്ല.
എന്നാൽ ഗോൾഡ് ബോണ്ട് നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് അർദ്ധവാർഷികമായി നൽകുന്ന 2.5% അധിക പലിശ ലഭിക്കും.
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക എത്രയാണ്?
ഗോൾഡ് ഇടിഎഫുകൾക്കും സോവറിൻ ഗോൾഡ് ബോണ്ടിനുമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി ഒരു ഗ്രാം സ്വർണ്ണമാണ്. ഒരു ഗ്രാം സ്വർണം ഒരു യൂണിറ്റ് ഗോൾഡ് ഇടിഎഫിനും ഗോൾഡ് ബോണ്ടിനും തുല്യമാണ്. അതായത് നിലവിലെ സ്വർണ്ണ വില സ്വർണ്ണ ഇടിഎഫുകളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക നിർണ്ണയിക്കും. പ്രൈമറി മാർക്കറ്റിൽ ഗോൾഡ് ബോണ്ടുകൾ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നതിന് മുമ്പ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യൂ വില RBI നിശ്ചയിക്കും.
SIP വഴി നിക്ഷേപിക്കുന്ന ഗോൾഡ് ഫണ്ടുകളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.
പരമാവധി നിക്ഷേപ തുക എത്രയാണ്?
ഗോൾഡ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കും പരമാവധി നിക്ഷേപ തുകയെന്ന പരിധികളൊന്നുമില്ല. സോവറിൻ ഗോൾഡ്, വ്യക്തിഗത നിക്ഷേപകർക്ക് പരമാവധി 4 കിലോഗ്രാം അഥവാ 4000 യൂണിറ്റുകൾ വരെ നിക്ഷേപിക്കാം.
നിക്ഷേപ കാലാവധി അല്ലെങ്കിൽ മച്യൂരിറ്റി എന്താണ്?
ഗോൾഡ് ഫണ്ടുകളും ഗോൾഡ് ഇടിഎഫുകളും ഓപ്പൺ-എൻഡ് ഫണ്ടുകളാണ്. ഇതിനർത്ഥം മച്യൂരിറ്റി തീയതി ഇല്ലെന്നും നിക്ഷേപകർക്ക് അവരുടെ യൂണിറ്റുകൾ എപ്പോൾ വേണമെങ്കിലും റെഡീം ചെയ്യാമെന്നുമാണ്. എന്നാൽ, ഫണ്ടും കാലാവധിയും അനുസരിച്ച്, നിക്ഷേപകർക്ക് എക്സിറ്റ് ലോഡ് നൽകേണ്ടി വന്നേക്കാം.
സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്. ഡീമാറ്റ് അക്കൗണ്ടുള്ള നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം എക്സിറ്റ് ചെയ്യാം. എന്നിരുന്നാലും, സെക്കന്‍ഡറി വിപണിയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ലിക്വിഡിറ്റി ഏറ്റവും മികച്ചതായിരിക്കണമെന്നില്ല.
നേട്ടങ്ങൾക്ക് എങ്ങനെയാണ് നികുതി ചുമത്തുന്നത്?
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾക്കും ഗോൾഡ് ഇടിഎഫുകൾക്കും ഡെബ്റ്റ് ഫണ്ടുകൾ പോലെ നികുതിയുണ്ട്. നിക്ഷേപകർ നിക്ഷേപത്തിൽ നിന്ന് മൂന്ന് വർഷത്തിന് മുമ്പ് യൂണിറ്റുകൾ റെഡീം ചെയ്യുകയാണെങ്കിൽ, ലാഭം വരുമാനത്തോട് കൂട്ടിച്ചേർക്കുകയും വരുമാന സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. മൂന്ന് വർഷത്തിലേറെയായി നടത്തുന്ന നിക്ഷേപങ്ങൾക്ക്, ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾക്കൊപ്പം 20% ദീർഘകാല മൂലധന നേട്ടവും ബാധകമാകും.
യൂണിറ്റുകൾ കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപകർ സോവറിന്‍ ഗോൾഡിന്‍റെ മൂലധന നേട്ടത്തിന് നികുതിയൊന്നും നൽകേണ്ടതില്ല. അഞ്ചാം വർഷത്തിന് ശേഷം എക്സിറ്റ് ചെയ്യുമ്പോൾ ദീർഘകാല മൂലധന നേട്ടത്തിന് ഇൻഡക്സേഷനോടൊപ്പം 20% ആണ് നികുതി.
ഉപസംഹാരം
ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, ഗോൾഡ് സോവറിൻ ബോണ്ടുകൾ എന്നിവ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ലളിതവും മികച്ചതുമായ മൂന്ന് വഴികളാണ്. നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളും നിക്ഷേപ പരിധികളും അനുസരിച്ച്, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കാം. മെച്യൂരിറ്റി കാലയളവിനെക്കുറിച്ച് ആകുലപ്പെടാതെ ഗോൾഡ് മ്യൂച്വൽ ഫണ്ടിൽ SIP വഴി സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് വളരെ സൗകര്യപ്രദവും മികച്ചതുമായ ഓപ്ഷനാണ്.
വ്യക്തിപരമായി നിങ്ങൾക്കു യോജിച്ച നിക്ഷേപത്തെക്കുറിച്ചറിയുന്നതിനായി നേരിട്ട് വിളിക്കാവുന്നതാണ്. mob +91 70251 88444
ഈ പേജിലൂടെ വായിക്കാനാഗ്രഹിക്കുന്ന ഇൻവെസ്റ്റ്മെൻറ് സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങൾ അയക്കുക email: bookermannews@gmail.com Wtsp: 9142110999
(നിക്ഷേപം സംബന്ധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുവായതും ഏകദേശവുമായ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. നികുതിയും സാമ്പത്തികവുമായ നിർദേശങ്ങൾക്ക് വ്യക്തിപരമായ കൂടുതൽ ഉപദേശം നേടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.)