ഒരു സ്ഥാപനത്തിൽ തൊഴിൽ തേടുമ്പോൾ മുൻകമ്പനികളിൽ എത്രകാലം തൊഴിലെടുത്തിട്ടുണ്ട് എന്നത് ഒരാളുടെ തൊഴിൽ ചെയ്യാനുള്ള ശേഷിയോടൊപ്പം തൊഴിൽ ലഭിക്കാൻ അളക്കപ്പെടുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ്. ഒരു വർഷമോ അതിൽ കുറഞ്ഞ കാലയളവിലോ ജോലി മാറാൻ ശ്രമിക്കാതിരിക്കാൻ മിക്കവരും ശ്രമിക്കുന്നതും ഇക്കാര്യത്തെ മുൻനിർത്തിയാണ്. ശരിയാണ്, ഒരാളെ ഒരു പ്രത്യേക പദവിയിൽ നിയമിക്കുന്നത് അയാൾ ആ പദവിയിൽ ദീർഘകാലം തുടരുമെന്ന് മനസ്സിലാക്കി തന്നെയാണ്. എന്നാൽ ആത്മാർത്ഥത വിലയിരുത്താൻ ഏറ്റവും ഫലപ്രദമായ മാനദണ്ഡങ്ങളിൽ ഒന്നായിട്ടു മാത്രമല്ല ഇക്കാലത്ത് ഒരാൾ ദീർഘകാലം ഒരേ സ്ഥാപനത്തിൽ തൊഴിലെടുക്കുന്നതിനെ വിലയിരുത്തുന്നത്. ഇത് അലംഭാവത്തിന്റേയോ മടിയുടെയോ ലക്ഷണമാകാനും ഇടയുണ്ടെന്നാണ് റിക്രൂട്ട്മെന്റ് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കരിയറിലെ പുതിയ വെല്ലുവിളികൾ നേരിടാൻ ശ്രമിക്കാത്തവരും നിലവിലെ കംഫോർട്ട്സോണിൽ നിന്നും പുറത്ത് കടക്കാൻ ആഗ്രഹിക്കാത്തവരും ഒരേ കമ്പനിയിൽ ദീർഘകാലം തൊഴിൽ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇക്കാലങ്ങളിൽ എല്ലാ തൊഴിൽമേഖലയിലും സാങ്കേതികവും നയപരവുമായ മാറ്റങ്ങൾ അതിവേഗത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നിരിക്കെ അവയോട് മുഖംതിരിച്ച് നിൽക്കുന്നവരാണോ തങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ തേടിയെത്തുന്ന ആളെന്നതാണ് റിക്രൂട്ടിംഗ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർ ആദ്യം പരിഗണിക്കുന്ന കാര്യം. ഒരു സ്ഥാപനത്തിൽ ഒരേ പോസ്റ്റിൽ തന്നെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഇക്കാലയളവിൻ ആ മേഖലയിലെ തന്റെ അറിവ് വികസിപ്പിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ഒരു തൊഴിലന്വേഷകനെ ഒരു തൊഴിൽദാതാവ് തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
അഞ്ചോ പത്തോ വർഷം ഒരേ സഥാപനത്തിൽ തൊഴിലെടുക്കുകയും ആ മേഖലയിലെ തങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം പ്രസ്തുത സ്ഥാപനത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്ന പക്ഷം ഈ അനുഭവസമ്പത്ത് മറ്റൊരു കമ്പനിയിൽ തൊഴിൽ തേടുമ്പോൾ ഗുണം ചെയ്തിരിക്കും. അതിനാൽത്തന്നെ ദീർഘകാലം ഒരേ സ്ഥാപനത്തിൽ തൊഴിലെടുത്ത അനുഭവത്തോടൊപ്പം ആ കാലയളവിൽ കരിയർ വികാസത്തിനായി ഉദ്യോഗാർത്ഥി എങ്ങനെയെല്ലാം പരിശ്രമിച്ചുവെന്നത് തൊഴിൽദാതാക്കൾ പരിഗണിക്കുന്നു. ഉദ്യോഗാർത്ഥികൾ ആകട്ടെ തൊഴിൽ പരിചയത്തോടൊപ്പം ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കേണ്ടതായി വന്നിട്ടുണ്ട്.
ഒരേ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുകയും കൃത്യമായ ഇടവേളകളിൽ വേതനവർദ്ധനവും പദവിയിൽ മുന്നേറ്റവും ഉണ്ടായിട്ടുള്ള തൊഴിലന്വേഷകനെ സംബന്ധിച്ചും അനുഭവസമ്പത്ത് ഗുണം ചെയ്യും. പലതരം അനുഭവപരിചയം ആയാണ് ഇതിനെ കണക്കാക്കുക. സ്വാഭാവികമായും ഒരു പ്രത്യേക പോസ്റ്റിൽ ചുമതലയേറ്റ ആൾ ക്രമേണ ആ സ്ഥാപനത്തിലെ ആ ഡിവിഷന്റെ മേൽനോട്ടം വഹിക്കുന്ന ആളായി മാറുന്നതോടെ അയാളുടെ മറ്റു ചില ശേഷികൾ കൂടി അയാൾക്ക് തൊഴിലിൽ വിനിയോഗിക്കേണ്ടതായി വരും. ഇതാകട്ടെ അനുഭവസമ്പത്തിൽ മുതൽക്കൂട്ടായി പരിഗണിക്കുകയും ചെയ്യും. നേരെ തിരിച്ചായാൽ ദോഷവുമാണ്. ഒരാൾ പത്ത് വർഷം ഒരേ സഥാപനത്തിൽ ഒരേ കർത്തവ്യങ്ങൾ തന്നെയാണ് വിനിയോഗിക്കുന്നതെങ്കിൽ അയാളുടെ വർഷങ്ങളുടെ അനുഭവസമ്പത്ത് മൂല്യം കുറഞ്ഞാണ് വിലയിരുത്തപ്പെടുക.
അതേസമയം ശരാശരി അഞ്ച് വർഷം ഒരു സ്ഥാപനത്തിൽ തൊഴിൽ ചെയ്യുകയും അതിനു ശേഷം മറ്റൊരു സ്ഥാപനത്തിൽ തൊഴിൽ തേടുകയും ചെയ്ത ആളുകളെ റിക്രൂട്ട് മെന്റ് മേഖലയിലെ വിദഗ്ദ്ധർ വളരെ താല്പര്യത്തോടെയാണ് സമീപിക്കുന്നത്. ഇങ്ങനെ അനുഭവപരിചയമുള്ളർ കൃത്യമായ ഇടവേളകളിൽ സ്ഥാപനം മാറുന്നതിനാൽ അവർക്കൊപ്പം തൊഴിൽ ചെയ്യുന്നവർ മാറുന്നു, ക്ലയന്റുകൾ മാറുന്നു, തൊഴിൽസംസ്കാരം മാറുന്നു. സ്വാഭാവികമായും പുതിയ വെല്ലുവിളികളെയും സാഹചര്യങ്ങളെയും സാധ്യതകളെയും അഭിമുഖീകരിക്കാൻ തയ്യാറാകുന്നവർ ആയിരിക്കും ഇവർ.
തങ്ങളുടെ തൊഴിൽ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തൽ ശീലമാക്കിയവർക്ക് അവരുടെ അനുഭവസമ്പത്തിനെ മറികടന്നുള്ള പരിഗണനയും പലപ്പോഴും ഇന്റർവ്യൂകളിൽ ലഭിക്കാറുണ്ട്. ഇതോടൊപ്പം പരിഗണിക്കപ്പെടുന്ന മറ്റൊരു കാര്യം വേതനവർദ്ധനവ് മാത്രം മുന്നിൽക്കണ്ടാണോ ഒരാൾ തൊഴിൽ മാറുന്നത് എന്നതാണ്. ഒരേ സ്ഥാപനത്തിൽ തൊഴിൽ ചെയ്തു വർഷാവർഷം ലഭിക്കുന്ന വേതന വർദ്ധനവിനേക്കാൾ മറ്റൊരു സ്ഥാപനത്തിൽ തൊഴിൽ ലഭിക്കുമ്പോൾ വേതനം ലഭിക്കാൻ ഇടയുണ്ട്. നിലവിലെ ടാലന്റിനെ നിലനിർത്തുന്നതിനേക്കാൾ കൂടുതൽ തുക പുതിയ ടാലന്റുകളെ കണ്ടെത്തി തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കുമ്പോൾ കമ്പനികൾ മുടക്കാറുണ്ട്. ഈ സാധ്യത മാത്രം നോക്കി തൊഴിൽ തേടുന്ന ആളുകളിൽ കമ്പനികൾ പൊതുവെ വിശ്വാസ്യത പുലർത്താറില്ല.
ചുരുക്കത്തിൽ ഒരാൾ ഒരേ സ്ഥാപനത്തിൽ എത്രകാലം തൊഴിൽ ചെയ്തു എന്നത് മാത്രമല്ല മാനദന്ധം. അയാളുടെ തൊഴിൽ എങ്ങനെയായിരുന്നു, ആ മേഖലയിൽ തന്റെ സ്‌കിൽ വികസിപ്പിക്കാൻ അയാൾ എന്തെല്ലാം ചെയ്തു, അതിനുള്ള സാധ്യതയും വെല്ലുവിളികളും നേരിട്ടുകൊണ്ടാണോ അയാൾ ആ പദവിയിൽ തുടർന്നത് എന്നെല്ലാം പരിഗണിച്ചുകൊണ്ട് മാത്രമാണ് ഒരാളുടെ അനുഭവസമ്പത്തിന്റെ മൂല്യം ഇക്കാലത്ത് അളക്കപ്പെടുന്നത്.