“പ്രണയം പോലെ പരിശുദ്ധമായിരിക്കണം പ്ലംബിംഗ് എൻജിനീയറിങ്; കാരണം അതിലൂടെ ഒഴുകിവരുന്ന ജലം നിങ്ങളുടെ ജീവനാഡികളിലൂടെ പടർന്നലിഞ്ഞുചേരേണ്ടതാണ് – ജീവിതകാലമത്രയും” –
ചെയ്യുന്ന ബിസിനസിന്റെ പ്രാധാന്യത്തെക്കുറിച്ചും തനിക്കുള്ള ആത്മാർത്ഥതയെക്കുറിച്ചും ഇതിലും ഭംഗിയായി ഒരു പാലക്കാടൻ ഐയ്യർക്ക് എങ്ങനെ പറയാൻ കഴിയും.
കെട്ടിടനിർമ്മാണമെന്നത് ഇക്കാലത്ത് അനേകം സാങ്കേതികമേഖലകളുടെ സംയോജന പ്രവൃത്തികൂടിയാണ്. സുരക്ഷയും സൗകര്യവും ഈടുനില്പ്പും പ്രധാനമാകുന്നതുകൊണ്ടുതന്നെ കെട്ടിട രൂപകൽപ്പനയിൽ സാങ്കേതികത്തികവുള്ള പ്ലംബിംഗ് എഞ്ചിനീയറുടെ സേവനം അത്യാവശ്യമാണ്. പ്രത്യേകിച്ച് വലുതും സങ്കീർണ്ണതകൾ ഉള്ളതുമായ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഈ വിഭാഗം വലിയ പ്രാധാന്യം അർഹിക്കുന്നു.
ഓരോ കെട്ടിടഘടനക്കും അനുയോജ്യമായ പ്ലംബിംഗ് സംവിധാനങ്ങളുടെ രൂപരേഖയുണ്ടാക്കി അവ രൂപകൽപ്പന ചെയ്തു കെട്ടിടത്തിൽ സ്ഥാപിക്കുന്നതിനാണ് പ്ലംബിംഗ് എഞ്ചിനീയറിംഗ് സർവീസ് നൽകുന്ന കമ്പനികളുടെ സേവനം ആവശ്യമായി വരുന്നത്. ജലവിതരണം, ഡ്രയിനേജ്, തുടങ്ങി അഗ്നിശമന സംവിധാനങ്ങൾ വരെ പ്ലംബിംഗ് എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. ചുരുക്കത്തിൽ കെട്ടിടനിർമ്മാണത്തിൽ ഏറ്റവും അവശ്യസേവനങ്ങളിൽ ഒന്നാണിത്. പ്ലംബിംഗ് രംഗത്ത് പ്രൊഫഷണൽ സേവനം ലഭ്യമാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ് എസ്സാർവീ പ്ലംബിംഗ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്.
ഈ മേഖലയിലെ വർഷങ്ങളുടെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് എസ്സാർവീ എന്ന കമ്പനി രൂപീകരിക്കുന്നതെന്നും അതേ അനുഭവസമ്പത്താണ് ഈ ചുരുങ്ങിയ കാലയളവിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പ്ലംബിംഗ് എഞ്ചിനീയറിംഗ് സേവനദാതാക്കളിൽ ഒന്നായി എസ്സാർവീയെ മാറ്റിയതെന്നും കമ്പനിയുടെ മേധാവി ശിവ ഐയ്യർ പറയുന്നു. ഒരു കെട്ടിടത്തിന്റെ ആത്മാവായാണ് അദ്ദേഹം പ്ലംബിംഗിനെ കാണുന്നത്. വളരെ മികച്ച ഇന്റീരിയർ ഉള്ള കെട്ടിടമായാലും അതിനെ ജീവയോഗ്യമായ സ്ഥലമാക്കി മാറ്റുന്നത് അതിന്റെ പ്ലംബിംഗ് ആണ്. വെള്ളം ലഭ്യമല്ലാത്ത, ഡ്രയിനേജ് സംവിധാനമില്ലാത്ത കെട്ടിടം, അതെത്ര മികച്ച നിർമ്മിതി ആയാലും വാസയോഗ്യമല്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കെട്ടിടനിർമ്മാണത്തിൽ ഈ മേഖലയിൽ സാങ്കേതികജ്ഞാനമുള്ള മികച്ച സേവനദാതാക്കളുടെ അഭാവം വലിയ തോതിൽ ഉണ്ടായിരുന്നു.
എസ്സാർവീ, പ്ലംബിംഗ് എഞ്ചിനീയറിംഗ് മേഖലയിൽ കൊണ്ടുവന്ന പ്രൊഫഷണലിസം അഭിനന്ദനീയമാണ്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, ജിയോ ഇൻഫോപാർക്ക്,കാസ്പിയൻ ടെക് പാർക്ക്, കോവളം കൊട്ടാരം, കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം, കൊടൈക്കനാലിലെ താമര റിസോർട്ട്, ഹംപിയിലെ ഓറഞ്ച് കൗണ്ടി റിസോർട്ട് തുടങ്ങി നിരവധി പ്ലംബിംഗ് പ്രൊജക്ടുകൾ എസ്സാർവീ ഇതിനോടകം മികച്ച രീതിയിൽ പൂർത്തികരിച്ചു.
ഇന്ത്യയിൽ പ്ലംബിംഗ് എഞ്ചിനീയറിംഗ് പ്രത്യേകമായി പഠിപ്പിക്കുന്ന സംവിധാനങ്ങൾ നിലവിലില്ലാത്തതിനാൽ ആ മേഖലയിൽ പ്രവീണ്യം നേടിയവർ ഇല്ലെന്നുതന്നെ പറയാം. പ്ലംബിംഗിലെ പ്ലാനിംഗ്, ഡിസൈനിംഗ് രംഗത്തെ ശിവ ഐയ്യരുടെ പ്രവൃത്തിപരിചയമാണ് അദ്ദേഹത്തെ മുന്നിരയിലെത്തിച്ചത്. 1990 കളിൽ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എസ് എൻ ആൻഡ് കോ യിൽ തന്റെ കരിയർ തുടങ്ങിയപ്പോഴാണ് പ്ലംബിംഗ് എഞ്ചിനീയറിംഗിന്റെ ആവിഷ്കാരത്തിൽ വിപുലമായ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന ചിന്ത ഉടലെടുത്തതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
വിദേശരാജ്യങ്ങളിലെ വിദഗ്ദ്ധർക്കുകീഴിൽ പരിശീലനം ലഭിച്ച എഞ്ചിനീയർമാർക്കൊപ്പമുള്ള പ്രവൃത്തിപരിചയം തന്റെ ആശയങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തുവാൻ സഹായിച്ചു. അവരോടൊപ്പമുള്ള കാലയളവിൽ ലഭിച്ച സാങ്കേതികമായ അറിവുകളും പ്രൊഫഷണലിസവും എസ്സാർവീ കമ്പനിയുടെ രൂപീകരണത്തിലും ഉപകരിച്ചു. പ്രോജക്ടുകൾ സമയബന്ധിതമായി മികച്ച നിലവാരത്തിൽ പൂർത്തിയാക്കി നൽകാൻ തന്നെ പ്രാപ്തനാക്കിയതിനു പിന്നിലും ആദ്യകാലങ്ങളിൽ സ്വായത്തമാക്കിയ ചില നിഷ്ഠകൾ തന്നെയായിരുന്നു. എസ് എൻ ആൻഡ് കോ കമ്പനിയുടെ വളർച്ചയ്ക്ക് ആനുപാതികമായി വിവിധസ്ഥലങ്ങളിൽ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച ശിവ ഐയ്യർ, പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് സ്വന്തമായി ആരംഭിച്ചതാണ് എസ്സാർവീ പ്ലംബിംഗ് എഞ്ചിനീയറിംഗ് എന്ന കമ്പനി.
ഒരു മീറ്റർ പൈപ്പ് വർക്കാണ് ഒരു ദിവസം ചെയ്യാനാകുന്നതെങ്കിൽ പോലും അത് പെർഫെക്ട് ആയി ചെയ്യാൻ ശ്രമിക്കുകയാണ് തങ്ങളുടെ പോളിസിയെന്ന് അദ്ദേഹം പറയുന്നു. ഇരുപത്തിയഞ്ച് വർഷത്തെ തന്റെ പ്ലംബിംഗ് രംഗത്തെ അനുഭവവും ഇതുതന്നെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു . കൃത്യമായി ചെയ്യാത്ത പ്ലംബിംഗ് ജോലികൾ പിന്നീട് കൂടുതൽ മെയിന്റനൻസ് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കും. ഇതുണ്ടാക്കുന്ന സമയനഷ്ടവും അധികച്ചെലവും പരിഗണിക്കുമ്പോൾ, ചെയ്യുന്നത് വൃത്തിയായി ചെയ്യുന്നതാണ് നല്ലത്. പ്ലംബിംഗ് സേവനമേഖലയിൽ പണിക്കുറ്റങ്ങൾ പിന്നീട് പരിഹരിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്.
ശിവ ഐയ്യർ ജനിച്ചതും വളർന്നതും പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ്. നല്ലൊരു ചാർട്ടേഡ് അക്കൗണ്ടൻറ് ആകുക എന്ന ഉദ്ദേശത്തോടുകൂടി പത്താം ക്ലാസ് ഡിസ്റ്റിംഗ്ഷനോടു കൂടി പാസായി. എന്നാൽ പ്രീഡിഗ്രിക്ക് അഡ്മിഷന് ചെന്നപ്പോൾ മാർക്ക് ശ്രദ്ധിച്ച പ്രിൻസിപ്പാൾ അച്ചൻ ഫോർത്ത് ഗ്രൂപ്പ് എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. ഫസ്റ്റ് ഗ്രൂപ്പ് തന്നെ എടുക്കണമെന്ന് അച്ചൻ ആജ്ഞാപൂർവ്വം നിർദ്ദേശിക്കുകയും ചെയ്തു. ആ നാട് ഒന്നാകെ ബഹുമാനിക്കുന്ന അദ്ദേഹത്തിൻറെ വാക്കുകൾക്ക് മുന്നിൽ മറുവാക്കുണ്ടായിരുന്നില്ല. അങ്ങനെ ചാർട്ടേഡ് അക്കൗണ്ടൻറ് സ്വപ്നം മാറ്റിവെച്ച് എൻജിനീയറിങ് രംഗത്തേക്ക് കടന്നു.
എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതിനു പിന്നാലെ അക്കാലത്ത് പത്രത്തിൽ ഒരു പരസ്യം ശ്രദ്ധയിൽപെട്ടു. ചെന്നൈയിലെ എസ് എൻ ആൻഡ് കോ കമ്പനി സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങിയ പുതുമുഖങ്ങളെ അന്വേഷിക്കുന്ന പരസ്യമായിരുന്നു അത്. മദ്രാസ്സിലെ തന്റെ ബന്ധുക്കളുടെയടുത്ത് അൽപ്പകാലം താമസിക്കാനുള്ള ഒരു അവസരമായി കൂടി ഇതിനെ നോക്കിക്കണ്ട അദ്ദേഹം ഇന്റർവ്യു അറ്റൻഡ് ചെയ്തു. ഉദ്യോഗാർത്ഥികളായി കുറച്ചധികം പേരുണ്ടായിരുന്നെങ്കിലും സെലക്ഷൻ കിട്ടി. ജീവിതത്തിൽ മാറ്റങ്ങളുടെ കാലമായിരുന്നു അത്. നാട്ടിൽ നിന്നുള്ള പറിച്ചുനടൽ നെഞ്ചുകീറുന്നതായിരുന്നു. ആത്മാവുപേക്ഷിച്ചു പോകുന്നപോലെ. വിരഹചിന്തകളുടെ വേലിയേറ്റം കുറച്ചൊന്നുമല്ല മനസ്സിനെ ഉലച്ചത്.
പ്ലംബിംഗ് എഞ്ചിനീയറിങിനെ സംബന്ധിച്ച പൊതുധാരണകളെല്ലാം തിരുത്തുന്ന പ്രൊഫഷണൽ സമീപനമായിരുന്നു ആ കമ്പനിയിലേത്. ക്രമേണ പ്ലംബിംഗ് എഞ്ചിനീയറിംഗിന്റെ പ്രാധാന്യവും സാധ്യതകളും മനസ്സിലാക്കിയ ശിവ ഐയ്യർ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ജലത്തിന് ആരോഗ്യരംഗത്ത് ഏറ്റവും പ്രധാനമായ സ്ഥാനമാണുള്ളത്. സമൂഹത്തിന് ശുദ്ധമായ ജലമെത്തിക്കാൻ പ്രാപ്തരായ പ്ലംബിങ് എഞ്ചിനീയർമാർ ആവശ്യമാണ്. മോശം പ്ലംബിംഗ് സാംക്രമികരോഗങ്ങൾ പകരുന്നതിനുപോലും കാരണയേക്കാം. അതിനാൽ ഈ മേഖലയിൽ കെട്ടിടനിർമ്മാതാക്കൾ വിദഗ്ദ്ധരുടെ സേവനം തന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഈ രംഗത്ത് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ അഭാവം ഇതിനൊരു വെല്ലുവിളിയാണ്. പ്ലംബിംഗ് മേഖലയിൽ കൂടുതൽ വിദഗ്ദ്ധരായ എഞ്ചിനീയർമാരെ സൃഷ്ടിക്കുന്നതിലാണ് ഇനി തങ്ങളുടെ ശ്രദ്ധയെന്ന് ശിവ ഐയ്യർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ടേണോവറിൽ 25 ശതമാനം വാർഷിക വർധനയുള്ള കമ്പനിയായി മാറുകയെന്ന തങ്ങളുടെ ലക്ഷ്യത്തിനൊപ്പംതന്നെ ഈ മേഖലയിൽ കൂടുതൽ വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനും ശിവ ഐയ്യർ ശ്രമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് പ്രോജക്ടിന്റെ ഭാഗമായി പ്ലംബിംഗ് എഞ്ചിനീയറിങ് പഠിക്കുന്നതിനായി തങ്ങളെ സമീപിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദഗ്‌ധോപദേശങ്ങൾ നൽകാൻ തങ്ങൾക്കാകുന്നതിലും അദ്ദേഹത്തിനു സന്തോഷമുണ്ട്.
ഇന്ത്യയിലാദ്യമായി പ്ലംബിംഗ് ഒരു ജനറൽ ഗ്രൂപ്പായി പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയത് കേരള വൊക്കേഷണൽ ഹയർ സെക്കൻഡറിയിലായിരുന്നു -2018 ൽ. കോഴ്സിന്റെ നടത്തിപ്പു സംബന്ധിച്ച യോഗത്തിൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷന്റെ ക്ഷണമനുസരിച്ച് ഐ പി എ (ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷൻ) യെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടർന്ന് ഈ വിഷയത്തിൽ ആദ്യ ബാച്ച് ടീച്ചേഴ്സിന് ട്രെയിനിങ് കൊടുത്തതും ശിവ ഐയ്യർ ഉൾപ്പെട്ട ടീമായിരുന്നു. കോവിഡ് കാലത്ത് ഓൺലൈനായും ട്രെയിനിങ് തുടർന്നു.
ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷന്റെ കേരള ചാപ്റ്റർ ചെയർമാൻ കൂടിയാണ് ശിവ ഐയ്യർ. അസോസിയേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷ ‘മികച്ച പ്ലംബിംഗ് ശീലങ്ങൾക്ക് ഒരു മാർഗ്ഗദർശി ‘ എന്ന പേരിൽ തയ്യാറാക്കിയത് അദ്ദേഹമാണ്. പ്ലംബിംഗ് എഞ്ചിനീയർമാർ മാത്രമല്ല പ്ലംബിംഗ് ജോലികളുമായി ബന്ധപ്പെട്ടവരും ഈ വിഷയം പഠിക്കുന്ന വിദ്യാർത്ഥികളും സാധാരണക്കാരുമെല്ലാം ഈ പുസ്തകം വായിക്കേണ്ടതാണ്.
അസോസിയേഷന്റെ സഹകരണത്തോടെ ഈ മേഖലയിൽ പൊതുസമൂഹത്തിനു കൃത്യമായ ധാരണകൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഐഎസ്ഓ സെർട്ടിഫൈഡ് സ്ഥാപനമായ എസ്സാർവീ പ്ലംബിംഗ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
കമ്പനി തുടങ്ങിയകാലംമുതലേയുള്ളവരും പിന്നീട് വന്നുചേർന്നവരുമായ ജീവനക്കാരുടെ ആത്മാർത്ഥമായ പിന്തുണയാണ് എസ്സർവീയുടെ മുതൽക്കൂട്ടെന്ന് ശിവ ഐയ്യർ അഭിമാനത്തോടെ പറയുന്നു. എത്ര സങ്കീർണ്ണമായ പ്രോജക്റ്റും ഡിസൈൻ ചെയ്യാനും ഷോപ് ഡ്രോയിങ് തയ്യാറാക്കാനുമുള്ള കഴിവാണ് എസ്സാർവീയെ സമാനകമ്പനികളിൽനിന്നും വ്യത്യസ്തമാക്കുന്നത്. പ്രവർത്തനമികവിന് ഷോകേസിൽ നിറഞ്ഞിരിക്കുന്ന ടെസ്റ്റിമോണിയൽസ് തന്നെ തെളിവ്. കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും കർണ്ണാടകയിലും കൂടി പ്രവർത്തനം വ്യാപിപ്പിച്ച് ദക്ഷിണേന്ത്യയിൽ ബിസിനസ് വർധിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
ഇഷ്ടങ്ങൾ
വ്യക്തി : അച്ഛൻ
പുസ്തകം :ദി ആൽക്കമിസ്റ്റ്
സിനിമ : തനിയാവർത്തനം
സംവിധായകൻ : ഹരിഹരൻ
നടൻ :മോഹൻലാൽ
സംഗീതം : ഹിന്ദി തമിഴ് പാട്ടുകൾ
ഗായകൻ :എസ് പി ബി, പി ജയചന്ദ്രൻ
ഗാനം :അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ …
ആദ്യം സ്വന്തമാക്കിയ വാഹനം : ബലേനോ
ഇപ്പോൾ ഉപയോഗിക്കുന്നത് : ഇന്നോവ
Shiva Iyer Mob : 8111955955