ഭൂമിയിൽ ഇന്ന് ഏറ്റവും അധികമുള്ള സസ്തനജീവി മനുഷ്യനാണ്. മനുഷ്യരുടെ എണ്ണം എണ്ണൂറ് കോടിയായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ജനസംഖ്യയ്ക്ക് ആനുപാതികമായി ഭൂമിയുടെ അളവും കൂടുന്നില്ല എന്നിരിക്കെ ഭൂമിയ്ക്ക് പരമാവധി എത്ര മനുഷ്യരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നത് കൗതുകമുണർത്തുന്ന അന്വേഷണങ്ങളിൽ ഒന്നാണ്. ജനസംഖ്യ നിയന്ത്രിക്കാൻ നാം ശ്രമിക്കുന്നില്ല എങ്കിൽ ഭൂമിയിൽ എന്ത് സംഭവിക്കും എന്നത് പാരിസ്ഥിതികവും മാനുഷികവും രാഷ്ട്രീയപരവുമായ സങ്കീർണ്ണതകൾ ഉൾക്കൊള്ളുന്ന ചോദ്യമാണ്.
ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ജനസംഖ്യാവർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 300,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഹോമോസാപ്പിയൻസിന്റെ സാന്നിധ്യം പ്രകടമാകുമ്പോൾ നൂറിനും പതിനായിരത്തിനും ഇടയിൽ മനുഷ്യർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 35,000 വർഷങ്ങൾ വേണ്ടിവന്നു ഈ ജനസംഖ്യ ഇരട്ടിയാകാൻ. ഏതാണ്ട് 15000 മുതൽ 10000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ കൃഷിയിൽ ഏർപ്പെടാൻ തുടങ്ങിയതോടെ ഇത് ഒരു മില്യണും 10 മില്യനും ഇടയിലായി ഉയർന്നു. അതായത് ഏതാണ്ട് 1500 വർഷങ്ങൾ ആണ് ജനസംഖ്യ ഇരട്ടിയാകാൻ വേണ്ടിവന്നത്. പതിനാറാം നൂറ്റാണ്ട് ആയതോടെ ജനസംഖ്യ ഇരട്ടിയാകാൻ എടുക്കുന്ന കാലയളവ് 300 വർഷമായി കുറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ എത്തിയതോടെ ഈ കാലയളവ് വെറും 130 വർഷമായി.
1930 മുതൽ 1974 വരെയുള്ള കാലയളവിൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം വീണ്ടും ഇരട്ടിയായി. അതായത് വെറും 44 വർഷങ്ങളെ വേണ്ടിവന്നുള്ളൂ. തൽസ്ഥിതിയിൽ ജനസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ ഭൂമിയ്ക്ക് പരമാവധി എത്ര മനുഷ്യരെ ഉൾക്കൊള്ളാനാകും?
1679ൽ ശാസ്ത്രജ്ഞനായ ആന്റൺ വാൻ ലീവാൻഹോക്ക് നിരീക്ഷിച്ചത് ഭൂമിയ്ക്ക് പരമാവധി 13.4 ബില്യൺ മനുഷ്യരെയാണ് ഉൾക്കൊള്ളാൻ സാധിക്കുക എന്നാണ്. ഹോളണ്ടിലെ ജനസംഖ്യയെ മുൻനിർത്തിയുള്ള ഏകദേശ കണക്കുകൂട്ടൽ മാത്രമായിരുന്നു ഇത്. പിന്നീടുള്ള കാലങ്ങളിൽ ക്യാരിങ് കപ്പാസിറ്റി അടിസ്ഥാനമാക്കി വിദഗ്ദ്ധർ ഈ കണക്കുകൾ കണ്ടെത്താൻ ശ്രമം തുടങ്ങി. പിന്നീടാണ് എക്കോളജി ഇതിൽ ഒരു വലിയ ഘടകമായി വരുന്നത്. ഒരു പ്രത്യേക ചുറ്റുപാടിൽ ജനനനിരക്കും മരണനിരക്കും തുല്യമായി നിൽക്കുമെങ്കിൽ ജനസംഖ്യയ്ക്ക് ഒരു ഏകദേശ സ്ഥിരത ഉണ്ടാകേണ്ടതാണ്. എന്നാൽ മലിനീകരണം, രോഗം, ഭക്ഷ്യലഭ്യത, ജീവിക്കാൻ ആകുന്നതും ആകാത്തതുമായ ചുറ്റുപാടുകൾ എന്നിങ്ങനെ അനേകം ഘടകങ്ങളെ പരിഗണിച്ചു മാത്രമാണ് ഇങ്ങനെ ഒരു അന്വേഷണം സാധ്യമാകുകയുള്ളൂ.
ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഡിപ്പാർട്ട്മെന്റിലെ പാട്രിക് ഗെർലാൻഡ് ചൂണ്ടികാണിക്കുന്നത് ജനനിരക്കും അതിജീവിക്കാനുള്ള ശേഷിയുമാണ് ഭാവി ജനസംഖ്യയെ നിർണ്ണയിക്കാൻ പോകുന്നത് എന്നാണു. താരതമ്യേന വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ജനനനിരക്കും കുടുംബത്തിന്റെ വലിപ്പവും കൂടുതലാണ്. എന്നാൽ ഇവിടങ്ങളിൽ ആയുർദൈർഘ്യം കുറവും ശിശുമരണനിരക്കു കൂടുതലുമാണ്. അതേസമയം സാമൂഹിക-സാമ്പത്തിക-സാംസ്കാരികമായ വളർച്ചയിൽ ഒരു പ്രത്യേക ഘട്ടം പിന്നിട്ട രാജ്യങ്ങളിൽ ജനനനിരക്ക് കുറവാണ്. എന്നാൽ ഇവിടങ്ങളിൽ മെച്ചപ്പെട്ട ജീവിതനിലവാരവും ആരോഗ്യസംവിധാനവും നിലനിൽക്കുന്നതിനാൽ ആയുർദൈർഘ്യം കൂടുതലാണ്. ഈ രാജ്യങ്ങളിൽ ദമ്പതികൾക്ക് രണ്ട് മക്കൾ എന്ന നിലയിൽ തുടർന്നാൽ അല്പകാലശേഷം ജനസംഖ്യ ഏതാണ്ട് ഒരേമട്ടിൽ നിലനിൽക്കാൻ ഇടയുണ്ട്. മക്കളുടെ എണ്ണം കുറഞ്ഞാൽ ജനസംഖ്യ ക്രമേണ കുറയുകയും ചെയ്യും.
1960കളിലാണ് ജനസംഖ്യാ വർധന നിരക്ക് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. 1950 ൽ ഒരു സ്ത്രീയ്ക്ക് ശരാശരി അഞ്ച് കുഞ്ഞുങ്ങൾ എന്നതായിരുന്നു നിരക്ക്. 2020 ആയപ്പോൾ അത് ഒരു സ്ത്രീയ്ക്ക് ശരാശരി 2.44 മക്കൾ എന്ന നിലയിലെത്തി. നിലവിലെ ശാസ്ത്രീയ വിശകലനങ്ങൾ കാണിക്കുന്നത് 2080 ആകുന്നതോടെ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 10.4 ബില്യണിൽ എത്തുമെന്നാണ്. പിന്നീട് 2100 വരെ ഈ സ്ഥിതിയിൽ തുടർന്നേക്കും.
ഭൂമിയിൽ എത്ര മനുഷ്യർക്ക് ജീവിക്കാനാകും എന്നത് പ്രകൃതിവിഭവങ്ങളെ മനുഷ്യർ എങ്ങനെ എത്രത്തോളം ഉപയോഗിക്കുന്നു എന്ന് കണക്കാക്കി മാത്രമാണ് നിർണ്ണയിക്കാൻ സാധിക്കുക. അമേരിക്കയിൽ ജനങ്ങൾ പൂർണ്ണമായും സസ്യഭുക്കുകൾ ആകുകയും നിലവിൽ മാംസത്തിനായി മൃഗങ്ങളെ വളർത്തുന്ന ഭൂമി കൃഷിക്കായി ഉപയോഗിക്കുകയും ചെയ്‌താൽ 350 മില്യൺ മനുഷ്യർക്ക് കൂടുതലായി ഭക്ഷണം കണ്ടെത്താൻ സാധിക്കും. അതിനാൽ ഭൂമിയ്ക്ക് എത്ര മനുഷ്യരെ ഉൾക്കൊള്ളാൻ സാധിക്കും എന്നത് വിഭവങ്ങളെ നമ്മൾ എങ്ങനെ കൃത്യമായി ഏത് വിധേന ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണയിക്കുക. നമ്മൾ എന്തൊക്കെ എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു, ഉപയോഗിക്കുന്നു, നിയന്ത്രിക്കുന്നു എന്നതിലാണ് കാര്യം.