2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നതുവരെ മലയാളി വായനാസമൂഹത്തിനു അത്ര പരിചിതമായ ഒരു പേരായിരുന്നില്ല ഫ്രെഞ്ച് എഴുത്തുകാരിയായ ആനി എർണോയുടേത്. 1974ൽ പുറത്തിറങ്ങിയ Cleaned Out എന്ന ആദ്യ പുസ്തകം മുതൽത്തന്നെ സ്വജീവിതാനുഭവങ്ങളും തന്റെ തലമുറയുടെയും കുടുംബാംഗങ്ങളുടെയും അനുഭവങ്ങളും ധീരമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണു ആനി എർണോ.
ലൈംഗികത, സങ്കീർണ്ണമായ വ്യക്തിബന്ധങ്ങൾ, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അസമത്വങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ അതിന്റെ എല്ലാ ഉള്ളറകളും വെളിപ്പെടുത്തിക്കൊണ്ട് ആവിഷ്കരിക്കാനുള്ള ആനി എർണോയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. പൊതുവിൽ സാഹിത്യമാക്കാൻ മാത്രം ഒന്നുമില്ലല്ലോയെന്ന് ആളുകൾ സംശയിക്കാൻ ഇടയുള്ള പ്രമേയപരിസരത്തു നിന്നുകൊണ്ടാണു ആനി എർണോ നൊബേൽ സമ്മാനം വരെ ലഭിക്കാൻ ശേഷിയുള്ള കൃതികൾ രചിച്ചിരിക്കുന്നത്. എർണോയുടെ എഴുത്തുകൾ വൈയക്തികമാണ്; അത് അഗാധമായ പ്രേമബന്ധളുടെതാകാം, വേദനയുടേതാകാം, നാണക്കേടിന്റേതാകാം, ലൈംഗികതയുടേതാകാം, നിയമലംഘനങ്ങളുടേതാകാം – എന്തായിരുന്നാലും അവയെല്ലാം സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ ചില വിഷയങ്ങളെ പ്രശ്നവത്കരിക്കുന്നുമുണ്ട്.
സ്വജീവിതത്തെ അവലംബിച്ചുകൊണ്ടുള്ള Cleaned Out, What they say goes, The Frozen Woman എന്നീ മൂന്ന് നോവലുകൾക്ക് പിന്നാലെ സ്വന്തം പിതാവിനെ കേന്ദ്രീകരിച്ചുകൊണ്ട് A Man’s Place എന്ന പുസ്തകം എർണോ രചിച്ചു. ജീവിതമെഴുത്തിനെ മറ്റൊരു രീതിയിൽ മാറ്റിയെടുക്കും മട്ടിൽ, autosociobiographical എന്ന് വിളിക്കപ്പെട്ട ഒരു എഴുത്തുരീതിയായിരുന്നു അത്. A Man’s Place എന്ന പുസ്തകത്തിനു പുറകെ ഈ ജനുസ്സിൽ A Woman’s Story, Shame എന്നീ പുസ്തകങ്ങൾ കൂടി എർണോ പ്രസിദ്ധീകരിച്ചു. എർണോ തന്നെയും തന്റെ അച്ഛനമ്മമാരുടെയും ജീവിതങ്ങൾ വെളിപ്പെടുത്തുക മാത്രമായിരുന്നില്ല ആ എഴുത്തിലൂടെ ചെയ്തത്, സാമൂഹികചുറ്റുപാടുകളുടെ മേലുള്ള നിരീക്ഷണങ്ങളും അവയുടെ വിവിധതലങ്ങൾ വെളിപ്പെടുത്തുകയും കൂടിയായിരുന്നു. The Years എന്ന പുസ്തകത്തിൽ എത്തുമ്പോൾ അത് എർണോയുടെ ജനനാന്തരമുള്ള, 1940 മുതൽ 2007 വരെയുള്ള ഫ്രാൻസിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ ആവിഷ്കാരം കൂടിയായി മാറി.
തന്റെ ഡയറിക്കുറിപ്പുകൾ ‘I remain in Darkness’, ‘Getting Lost’ എന്നീ പേരുകളിൽ എർണോ പുസ്തകമാക്കി. ഇതിനു പുറമെ പാരീസ് മെട്രോയിൽ, സൂപ്പർമാർക്കറ്റുകളിൽ, ട്രെയിനുകളിൽ എല്ലാം കണ്ടുമുട്ടിയ മനുഷ്യരെ Exteriors, Things Seen, ‘Look at the Pretty Lights Darling’ തുടങ്ങിയ പുസ്തകങ്ങളിൽ ആവിഷ്കരിച്ചു. Simple Passion, Happening, The Possession, A Girl’s Story, ‘The Young man’ എന്നീ പുസ്തങ്ങളിലൂടെ തന്റെ തീവ്രാനുഭവങ്ങളെ സാഹിത്യവത്കരിച്ചു.
ആനി എർണോയുടെ പുസ്തകങ്ങൾ ഫ്രാൻസിലും അവയുടെ പരിഭാഷകൾ വിദേശത്തും പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അവയ്ക്ക് സ്ഥിരം വായനക്കാർ ഉണ്ടായിരുന്നു. എർണോയിൽ എത്തിപ്പെട്ട വായനക്കാർ അവരുടെ എല്ലാം പുസ്തകവും വായിക്കുക പതിവാണ്. 2018 ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രീമിയോ ഹെമിംഗ്‌വേ പുരസ്കാരം എർണോയ്ക്ക് ലഭിച്ചു. 2022ലെ നൊബേൽ സമ്മാനം ലഭിച്ചതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫ്രഞ്ചു വനിതയായി അവർ.