
Passion of Finance || Column by
Nisy Praveen
സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും സമ്പാദ്യശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് നിലവിലില്ല. പണത്തിനുവേണ്ടി മാതാപിതാക്കളെ ശല്യം ചെയ്യുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതുമൊക്കെ ഇന്ന് ഒരു നിത്യ വാർത്തയായി മാറിയിരിക്കുന്നു. കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം പണത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചുമുള്ള വിദ്യാഭ്യാസം നൽകുന്നില്ല എന്നത് വലിയൊരു ന്യുനതയാണ്. ഈ ശിശുദിനത്തിൽ നല്ല സാമ്പത്തിക ശീലം വളർത്തിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ.
ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നല്ല,രണ്ടാണ്
കുട്ടികൾ പല കാര്യങ്ങളും മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. അവരുടെ കാഴ്ചയിൽപ്പെടുന്ന വസ്തുക്കളാകും പലപ്പോഴും ആവശ്യപ്പെടുന്നത്. അത് അവരുടെ ആഗ്രഹമാണ്. അവർ ആഗ്രഹിക്കുന്ന വസ്തുക്കൾ അവർക്ക് ആവശ്യമുള്ളത് തന്നെയാണോ എന്ന് നിശ്ചയിക്കേണ്ടതും അവർക്ക് അത് പറഞ്ഞു കൊടുക്കേണ്ടതും മാതാപിതാക്കളാണ്. അതുപോലെതന്നെ പ്രധാനമാണ് അവർക്കാവശ്യമുള്ള വസ്തുക്കൾ അവർ കണ്ടെത്തുന്നുണ്ടോ എന്നതും. അത് വാങ്ങിക്കാനുള്ള താല്പര്യം അവരിൽ ഉണ്ടാകുന്നുണ്ടോ എന്നറിയുക. ഇത് തമ്മിലുള്ള വ്യത്യാസവും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്.
കുട്ടികൾക്ക് പ്രതിമാസ ബഡ്‌ജറ്റ്
അവർക്ക് ഒരു മാസത്തേക്ക് ചെലവാക്കാവുന്ന തുക മുൻകൂട്ടി അനുവദിക്കുന്നത് ഒരു നല്ല രീതിയാണ്. ഓരോ ദിവസവും ഓരോ നിമിഷവും അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ കാത് കൊടുക്കുന്നതിനു പകരം ഒരു മാസത്തേക്ക് അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് നിശ്ചിത തുക അവരുടെ ചെലവിനു വേണ്ടി നൽകുന്നു. അത് അപ്പോൾ അവരുടെ തുകയായി മാറി. ആ തുക ചെലവഴിക്കുന്നതിൽ അവർ എത്രത്തോളം ശ്രദ്ധാലുക്കളാണ് എന്ന് നോക്കാം.ഒരുമാസം കഴിയുമ്പോൾ മാറ്റി വെച്ച തുകയിൽ എത്ര ബാലൻസ് വന്നുവെന്ന് അന്വേഷിക്കുക. ഉപയോഗിച്ച തുക എന്തിനുവേണ്ടിയായിരുന്നു എന്നും നോക്കുക. അവർക്ക് അതിൻറെ ശരി തെറ്റുകളെ പറഞ്ഞു കൊടുക്കുക. അവരുടെ കയ്യിൽ ബാലൻസ് ഒരു തുകയുണ്ടെന്ന് വിചാരിക്കുക. സന്തോഷത്തോടെ അവരോട് പറയാം ഇതാണ് ഇത് നിങ്ങളുടെ സമ്പാദ്യമെന്ന്. ശ്രദ്ധിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഇതിൽ കൂടുതൽ സമ്പാദിക്കാമായിരുന്നു എന്നു കൂടി പറയുക. എന്നുമാത്രമല്ല അടുത്തമാസം നിങ്ങൾ ആദ്യമേ സമ്പാദ്യമായി ഒരു തുക മാറ്റി വയ്ക്കണം എന്നുകൂടി പറയുമ്പോൾ അവർ സമ്പാദ്യത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങുന്നു. അപ്പോൾ ചിലവിനു മുമ്പേ സമ്പാദ്യം മാറ്റിവെക്കുക എന്ന ഒരു ശീലം കൂടി അവർക്ക് പറഞ്ഞു കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചു.
അസ്സി. മാനേജർ, പർച്ചെയ്‌സ് !!
വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും. ഒന്നുകിൽ കുട്ടികളെ കൂടി ഒപ്പം കൊണ്ടുപോവുക. അതല്ലെങ്കിൽ അവരെ അത്തരം സാധനങ്ങൾ വാങ്ങിക്കാനായി ഏൽപ്പിക്കുക. ഓരോ മാസവും വീട്ടിലേക്ക് എത്ര രൂപയുടെ സാധനങ്ങൾ ചെലവാകുന്നുണ്ടെന്ന് അവർക്ക് കൂടി മനസ്സിലാക്കാൻ കഴിയും.
സംഭാഷണങ്ങളിൽ കുട്ടികളെക്കൂടി ഉൾപ്പെടുത്തുക
മറ്റൊന്ന് സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് ഉള്ള നിങ്ങളുടെ സംഭാഷണങ്ങളിൽ കുട്ടികളെക്കൂടി ഉൾപ്പെടുത്തുക എന്നുള്ളതാണ് നിങ്ങൾ ബുദ്ധിപരമായി പണത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഏതെല്ലാം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുന്നു എന്നുള്ളതെല്ലാം അവരെ അത്തരം കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കാൻ പിന്നീട് സഹായിക്കുന്നതാണ്.
കുട്ടികളുടെ റോൾമോഡൽ
ഇതിനെല്ലാമുപരി നിങ്ങൾ ഒരു സാമ്പത്തിക റോൾമോഡൽ ആവുക. നിങ്ങളെ അനുകരിച്ചാകും പല കാര്യങ്ങളും കുട്ടികൾ ചെയ്യുന്നത്. നിങ്ങൾ സുഖലോലുപരായി അനാവശ്യമായി പണം ചെലവാക്കുന്നവരാണെങ്കിൽ കുട്ടികളും അങ്ങനെ ശീലിച്ചേക്കാം. ചുട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ട് ഈ ലക്കം അവസാനിപ്പിക്കട്ടെ. നിങ്ങൾ കുട്ടികളിൽ നിക്ഷേപിക്കുന്ന സാമ്പത്തികശീലങ്ങൾ ആയിരിക്കും ഭാവിയിൽ അവരുടെ സമ്പത്ത്.
(കുട്ടികൾക്കുവേണ്ടി നിങ്ങൾ എങ്ങനെ സമ്പാദിക്കണം എന്നറിയേണ്ടേ? അടുത്ത ലക്കം വായിക്കുക.)

Nisy Praveen
Centre Head
FINOMIS INVESTMART LLP
AMFI Registered Mutual Fund Distributor
വ്യക്തിപരമായി നിങ്ങൾക്കു യോജിച്ച നിക്ഷേപത്തെക്കുറിച്ചറിയുന്നതിനായി നേരിട്ട് വിളിക്കാവുന്നതാണ്. mob +91 70251 88444
ഈ പേജിലൂടെ വായിക്കാനാഗ്രഹിക്കുന്ന ഇൻവെസ്റ്റ്മെൻറ് സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങൾ അയക്കുക email: bookermannews@gmail.com Wtsp: 9142110999
(നിക്ഷേപം സംബന്ധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുവായതും ഏകദേശവുമായ കാര്യങ്ങളാണ് ലേഖനത്തിലുള്ളത്. നികുതിയും സാമ്പത്തികവുമായ നിർദേശങ്ങൾക്ക് വ്യക്തിപരമായ കൂടുതൽ ഉപദേശം നേടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.)