ഖത്തറിൽ ഫുട്ബോൾ പൂരം തുടങ്ങാനിരിക്കെ കല്ലുകടി. ഖത്തറിനെക്കുറിച്ച് ഫ്രഞ്ച് പത്രമായ Le Canard enchainé പുറത്തിറക്കിയ പ്രത്യേക ലക്കത്തിൽ കൊടുത്തിട്ടുള്ള ഒരു കാർട്ടൂൺ ആണ് വിവാദത്തിൽ ആയിരിക്കുന്നത്. ജേഴ്‌സിയിൽ നമ്പറിനോടൊപ്പം ഖത്തർ എന്നുകൂടി ചേർത്ത് താടിയും തലപ്പാവും ഒക്കെയുള്ള കളിക്കാരെയാണ് വരച്ചു വച്ചിരിക്കുന്നത്. അവരുടെ കൈവശം വാളും തോക്കുമൊക്കെ കാണാം. ഫുട്ബോൾ കളിക്കുന്ന രീതിയിലാണ് അവരെ കാണിച്ചിരിക്കുന്നത്. ഖത്തർ ഫുട്ബോൾ കളിക്കാരെ തീവ്രവാദികളായി ചിത്രീകരിച്ചിരിക്കുന്ന ഈ കാർട്ടൂൺ അവിടുത്തെ സോഷ്യൽ മീഡിയയിൽ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.
എഴുത്തുകാരനും ഖത്തർ പ്രതിരോധ വകുപ്പിന്റെ മുൻ വക്താവുമായ നവാഫ് അൽ താനി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു:
“1940-ലും 2022-ലും യൂറോപ്യൻ കാർട്ടൂണുകളിൽ നിറച്ച വംശീയ വിദ്വേഷത്തിന്റെ വ്യക്തമായ ഉദാഹരണങ്ങൾ. അവരുടെ നീണ്ട, ഭീകരമായ, തീവ്ര ദേശീയ, കൊളോണിയലിസ്റ്റ് ചരിത്രത്തിൽ നിന്ന് അവർ ഒന്നും പഠിച്ചിട്ടില്ലേ?”
ഒരു കുറിപ്പിങ്ങനെ :
“ഫ്രഞ്ച് പത്രമായ Le Canard enchainé പുറത്തിറക്കിയ ഒരു പ്രത്യേക ലക്കം ഖത്തറിനോടും അവിടത്തെ ജനങ്ങളോടും ഭരണകൂടത്തോടും ചിഹ്നങ്ങളോടും മറഞ്ഞിരിക്കുന്ന ഫ്രഞ്ച് വിദ്വേഷത്തിന്റെയും അപമാനത്തിന്റെയും വ്യാപ്തി നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഖത്തർ അംബാസിഡർ ഇപ്പോഴും പാരീസിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു”.
ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ചെയർമാനായ നാസർ അൽ ഖെലൈഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്രാൻസിന്റെ മുൻനിര ഫുട്‌ബോൾ ടീമായ പാരീസ് സെന്റ് ജെർമെയ്ൻ എന്ന കാര്യം അല്പം കൗതുകത്തോടെ കൂട്ടിച്ചേർക്കട്ടെ.