‘കേരള രാഷ്ട്രീയത്തിൽ വെച്ച ഏറ്റവും വലിയ കെണി’
പ്രമുഖ താരങ്ങൾ മാറ്റുരക്കുന്ന ചിത്രം ‘വരാൽ’ തീയേറ്ററിലെത്തുന്നു. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കണ്ണനാണ്. മലയാളികളുടെ പ്രിയ സംവിധായകൻ കണ്ണൻ താമരക്കുളം ഈ ചിത്രത്തിലൂടെ പേര് കണ്ണൻ എന്നുമാത്രമാക്കി ചുരുക്കിയിട്ടുണ്ട്. തെന്നിന്ത്യയിലെ അമ്പതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘കേരള രാഷ്ട്രീയത്തിൽ വെച്ച ഏറ്റവും വലിയ കെണി’ (the biggest trap ever laid in kerala politics) എന്ന് ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.
സായികുമാർ, രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, ഇർഷാദ്, മാല പാർവ്വതി തുടങ്ങി മലയാളി താരനിരതന്നെയുണ്ട്. പോലീസ് ഓഫീസർ കെ ലാൽജിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഥ തിരക്കഥ സംഭാഷണം അനൂപ് മേനോൻ. ഛയാഗ്രഹണം രവിചന്ദ്രൻ. എഡിറ്റിംഗ് അയൂബ് ഖാൻ. ഗോപി സുന്ദർ, നിനോ വർഗീസ് എന്നിവരാണ് സംഗീതം നൽകിയത്.. ടൈം ആഡ്സ് എന്റർടൈന്റ്മെന്റിന്റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ എൻ എം ബാദുഷയും പ്രൊജക്റ്റ് കോഓർഡിനേറ്റർ അജിത് പെരുമ്പള്ളിയുമാണ്. പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ.